|    Feb 20 Tue, 2018 7:22 pm
FLASH NEWS
Home   >  Sports  >  Football  >  

ജയിച്ചിട്ടും ഫൈനല്‍ കാണാതെ അത്‌ലറ്റികോ പുറത്ത്; ചാംപ്യന്‍സ് ലീഗില്‍ റയല്‍-യുവന്റസ് ഫൈനല്‍

Published : 11th May 2017 | Posted By: ev sports

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ രാജാക്കന്‍മാമാരാവാന്‍ സ്‌പെയില്‍- ഇറ്റലി പോരാട്ടം. ഫൈനലില്‍ സ്്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ക്ലബായ യുവന്റസും തമ്മിലാവും കൊമ്പുകോര്‍ക്കുക. രണ്ടാം പാദ സെമി ഫൈനലില്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റെങ്കിലും നിലവിലെ ജേതാക്കള്‍ കൂടിയായ റയല്‍ മാഡ്രിഡ് ഫൈനലിലേക്കു ടിക്കറ്റെടുത്തു.
ഉജ്ജ്വലമായാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ അത്‌ലറ്റികോ തുടങ്ങിയത്. 16 മിനിറ്റാവുമ്പോഴേക്കും അത്‌ലറ്റികോ 20ന്റെ ലീഡ് നേടി. ഇനിയൊരു ഗോള്‍ കൂടി നേടിയാല്‍ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 33. 12ാം മിനിറ്റില്‍ ഇസ്‌കോയും 16ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനുമാണ് അത്‌ലറ്റികോയ്ക്കുവേണ്ടി നിറയൊഴിച്ചത്.
മല്‍സരത്തില്‍ ഒരു ഗോള്‍ കൂടി നേടി അത്‌ലറ്റികോ ഒപ്പമെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റയലിന്റെ മറുപടി കണ്ടത്. ഒന്നാംകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിനില്‍ക്കെ ഇസ്‌കോയിലൂടെ റയല്‍ ഗോള്‍ തിരിച്ചടിച്ചു. ഇതോടെ അത്‌ലറ്റികോയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ അകലത്തിലായി.
ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ നടന്ന ആദ്യപാദത്തില്‍ നേടിയ 3-0ന്റെ തകര്‍പ്പന്‍ വിജയമാണ് റയലിന് തുണയായത്. ഇരുപാദങ്ങളിലുമായി 42ന്റെ ആധികാരിക വിജയവുമായി ചാംപ്യന്‍മാര്‍ മറ്റൊരു ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റയലിന്റെ മൂന്നാമത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കൂടിയാണിത്. 2014, 16 വര്‍ഷങ്ങളിലെ ഫൈനലുകളില്‍ റയല്‍ വിജയകിരീടമണിഞ്ഞിരുന്നു.

യുവന്റസും കരുതി തന്നെ
തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് യുവന്റസ് വീണ്ടുമൊരിക്കല്‍ കൂടി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഇടംനേടിയത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഫ്രഞ്ച് ടീം മൊണാക്കോയെ യുവന്റസ് 41ന് മൊണാക്കോയെ തരിപ്പണമാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ കിരീടഫേവറിറ്റുകളായ ബാഴ്‌സലോണയെ യുവന്റസ് നാണംകെടുത്തിയിരുന്നു. 2015ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സയോടേറ്റ തോല്‍വിക്ക് യുവന്റസ് കണക്കുതീര്‍ക്കുകയായിരുന്നു.ഫൈനലിലെത്തിയതോടെ പുതിയൊരു റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇതിഹാസതാരം സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍. തുടര്‍ച്ചയായി രണ്ടു വട്ടം ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് റയലിനെ കാത്തിരിക്കുന്നത്.
ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ മല്‍സരം ജൂണ്‍ നാലിനാണ് നടക്കുന്നത്.
1997നു ശേഷം റയലും യുവന്റസും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യമായി മുഖാമുഖം വരുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അന്നു ഏകപക്ഷീയമായ ഒരു ഗോളില്‍ റയല്‍ യുവന്റസിനെ മറികടക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss