|    Jan 22 Sun, 2017 7:24 am
FLASH NEWS

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം: ഹൈക്കോടതി

Published : 5th October 2016 | Posted By: SMR

ചെന്നൈ : ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ഹരജിയിലാണ് നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണമാണ് വേണ്ടതെന്നും വാര്‍ത്താകുറിപ്പല്ലെന്നും കോടതി പറഞ്ഞു.
തമിഴ്‌നാടിന്റെ കൂടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചെങ്കിലും ആരോഗ്യനിലയെക്കുറിച്ച് ഇവര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ട്രാഫിക് രാമസ്വാമി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രിയിലേക്കുള്ള റോഡ് പോലിസ് ബ്ലോക്ക് ചെയ്തതിനാല്‍ രോഗികള്‍ക്ക് ചികില്‍സ തേടാന്‍  ബുദ്ധിമുട്ട് നേരിടുകയാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. സപ്തംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും കാരണം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
ലണ്ടനില്‍നിന്നുള്ള വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കിയെന്നും ആശുപത്രി അറിയിച്ചു. എഐഎഡിഎംകെയും ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. ആരോഗ്യസ്ഥിതി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതരോ സംസ്ഥാന സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.
ആശുപത്രിയില്‍ ജയലളിത മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാണ് പാര്‍ട്ടി വക്താവിന്റെ വിശദീകരണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതിവുപോലെ തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹം ശക്തമായപ്പോള്‍ ജയലളിതയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക