|    Aug 18 Fri, 2017 6:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയലക്ഷ്മിക്കെതിരേ ആരോപണങ്ങളുമായി എംഎല്‍എ; ബന്ധുക്കളുടെ വായ്പകള്‍ അനധികൃതമായി എഴുതിത്തള്ളി

Published : 7th November 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസികളുടെ ലോണ്‍ എഴുതിത്തള്ളിയതിന്റെ മറവില്‍ ബന്ധുക്കള്‍ക്കും പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനുമായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരേ ശക്തമായ അന്വേഷണം വേണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മുന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം അട്ടിമറിച്ചാണ് സ്വന്തക്കാര്‍ക്കുവേണ്ടി ഇത്തരം കൊള്ള നടത്തിയത്. ആദിവാസികള്‍ക്ക് കടാശ്വാസം അനുവദിച്ചത് 2010 മാര്‍ച്ച് 31 വരെയുള്ള കടങ്ങള്‍ക്കായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് തിയ്യതി 2014 മാര്‍ച്ച് 31 എന്നാക്കി. തന്റെ ബന്ധുക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനായിരുന്നു ഈ നടപടി. രണ്ട് കോടി രൂപ അനുവദിച്ചതില്‍ ഏറെയും മുന്‍ മന്ത്രിയുടെ പാലോട് തറവാട്ടില്‍ ഒതുങ്ങി. ഒരു ലക്ഷത്തില്‍ താഴെയുള്ള കുടിശ്ശികയായ കടങ്ങള്‍ എഴുതിത്തള്ളുന്നതായിരുന്നു പദ്ധതി. എന്നാല്‍, ബന്ധുക്കള്‍ക്കും പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനും ഇത് ഇരട്ടിയാക്കി. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഒരു കുടുംബത്തിലെ മൂന്ന് പേരുടെവരെ വായ്പകള്‍ എഴുതിത്തള്ളി. പേഴ്‌സനല്‍ സ്റ്റാഫ് സി ബാബുവിന്റെ മൂന്ന് വായ്പകള്‍ എഴുതിത്തള്ളിയെന്നും ശശീന്ദ്രന്‍ ആരോപിച്ചു.
പാലോട്ട്,ചുള്ളിയില്‍, എടമന,കാപ്പുമ്മല്‍,ആലക്കല്‍, പെരിഞ്ചോല, ഇറോക്കല്‍ തുടങ്ങി ജയലക്ഷ്മിയുടെ മുഴുവന്‍  കുടുംബ വീടുകളിലെയും കടം എഴുതിത്തള്ളി. 95 ശതമാനവും മന്ത്രിയുടെ സ്വന്തക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
അനര്‍ഹരായ ഇവരുടെ കടം എഴുതിത്തള്ളിയപ്പോള്‍ ആദിവാസി വിഭാഗത്തിലെ മറ്റാര്‍ക്കും കാര്യമായ ഒരു ഗുണവും ലഭിച്ചിട്ടില്ല.
പട്ടിണിപ്പാവങ്ങളായ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളടക്കം ഈ പദ്ധതിയില്‍ നിന്നും പുറത്തായി. ഇത്തരത്തിലുള്ള ജനപ്രതിനിധി നാടിന് അപമാനമാണ്. കടുത്ത സ്വജനപക്ഷപാതിത്വമാണ് ജയലക്ഷ്മി കാണിച്ചത്. ഇത് സത്യപ്രതിജ്ഞാ ലംഘനവുമായിരുന്നു. ജയലക്ഷ്മിക്കെതിരേ കര്‍ശന നടപടിയുണ്ടാവണമെന്നും സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക