|    Dec 19 Wed, 2018 7:09 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജയരാജന്‍ മുതല്‍ ജലീല്‍ വരെ

Published : 24th November 2018 | Posted By: kasim kzm

അഴിമതിയും ഇടതുഭരണവും-2

സി ആര്‍ നീലകണ്ഠന്‍

ഇടതുപക്ഷമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ കഴിയാത്ത വ്യക്തിയാണ് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. റവന്യൂ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടും വന്‍ ദുരന്തസാധ്യത സൃഷ്ടിച്ചുകൊണ്ടും മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി സ്ഥാപിച്ച ജലസംഭരണിയും വാട്ടര്‍തീം പാര്‍ക്കും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണയുള്ളതുകൊണ്ടാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടും ഒരു കുലുക്കവുമില്ല. മഹാപ്രളയം സംഭവിച്ചിട്ടും ഒരു വ്യത്യാസവുമില്ല. പണം മുടക്കി ജനപ്രതിനിധിയായ ഒരാള്‍ക്കുമേല്‍ ഒരു നിയന്ത്രണവും പാര്‍ട്ടിക്കില്ല. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ.
പാറഖനനത്തിനുള്ള ദൂരപരിധി 100ല്‍ നിന്ന് 50 മീറ്ററായി കുറച്ചത് വലിയ അഴിമതിയുടെ പിന്‍ബലത്താലാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ നല്‍കിയ ഇളവുകളും സ്ഥാപിത താല്‍പര്യങ്ങള്‍ മൂലമാണ്. നാടിന്റെ പലഭാഗത്തും രാഷ്ട്രീയ പിന്‍ബലത്തില്‍ പ്രകൃതിവിഭവക്കൊള്ളയും സ്ത്രീപീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നു. ഇതിനെല്ലാമെതിരേ പ്രതികരിക്കുന്നവരെ ഗുണ്ടകളായി കാണുമെന്നു വരെ മുഖ്യമന്ത്രി തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. പി വി അന്‍വറിനെതിരേ രംഗത്തുവന്ന വ്യക്തിക്കു നേരെ ഉണ്ടായ സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
സ്വാശ്രയ കോളജുകളുടെ കൊള്ളയ്ക്ക് ഇത്തരത്തില്‍ സഹായം നല്‍കിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ജിഷ്ണു പ്രണോയ് എന്ന എസ്എഫ്‌ഐക്കാരന്റെ രക്തസാക്ഷിത്വംപോലും സര്‍ക്കാരിന്റെ മനസ്സു മാറ്റാനായില്ല. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചുനിന്ന് നിയമം പാസാക്കി വീണ്ടും കോടതിയുടെ മുന്നില്‍ നാണംകെട്ടതും നാം കണ്ടു. സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരമേറ്റ സര്‍ക്കാരിനു കീഴില്‍ നിരന്തരം സ്ത്രീപീഡനങ്ങള്‍ നടക്കുന്നു. പീഡകര്‍ക്ക് പാര്‍ട്ടിയുടെയും മതത്തിന്റെയും സംരക്ഷണം ലഭിക്കുന്നു. സ്്ത്രീകളെ പീഡിപ്പിക്കുന്നത് ക്രിമിനല്‍ക്കുറ്റമാണെങ്കിലും ശക്തരാണ് പ്രതികളെങ്കില്‍ ഒരിക്കലും നിയമത്തിനു മുന്നില്‍ വരില്ല. പാര്‍ട്ടി നേതാവാണ് പീഡകനെങ്കില്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന വാദം നീതിക്കുനിരക്കാത്തതും നിയമവിരുദ്ധവുമാണ്. അത് അഴിമതി തന്നെയാണ്.
ഇടതു സര്‍ക്കാര്‍ നടത്തിയ ഒരു വന്‍ അഴിമതി സമൂഹം കണ്ടെത്തി തിരുത്താന്‍ നിര്‍ബന്ധിതമായത് ബ്രൂവറി വിഷയത്തിലാണ്. നാലു ബിയര്‍ കമ്പനികള്‍ക്കും ഒരു വിദേശമദ്യ ബ്ലെന്റിങ് യൂനിറ്റിനും മഹാപ്രളയത്തിനിടയില്‍ അനുമതി നല്‍കിയ നടപടി കൈയോടെ പിടിക്കപ്പെട്ടു. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിഷയം പ്രതിപക്ഷവും പൊതുസമൂഹവും ഏറ്റെടുക്കുകയായിരുന്നു. ജലകൊള്ളയ്‌ക്കെതിരേ ജനങ്ങള്‍ സമരം നടത്തി കോലക്കമ്പനിയെ പൂട്ടിച്ച പ്ലാച്ചിമടയ്ക്കടുത്ത് എലപ്പുള്ളിയില്‍ ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റുന്ന ഒരു കമ്പനിക്ക് അനുമതി നല്‍കിയതടക്കം പ്രശ്‌നമായി. പാലക്കാട് ജില്ലയില്‍ രണ്ടാംവിള ഇറക്കാന്‍ നെല്‍കര്‍ഷകര്‍ക്ക് വെള്ളം നല്‍കാനില്ലെന്നു പറയുന്ന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നതുതന്നെ വിചിത്രമാണ്.
1999 മുതല്‍ ഒരു മദ്യോല്‍പാദനക്കമ്പനിക്കും മാറിമാറിവന്ന ഒരു സര്‍ക്കാരും അനുമതി നല്‍കിയിട്ടില്ല. അതിന് അടിസ്ഥാനമായ സര്‍ക്കാര്‍ ഉത്തരവ് ഒരു നയമായി രണ്ടുപതിറ്റാണ്ടുകാലം സര്‍ക്കാര്‍ അംഗീകരിച്ചുപോന്നു. ഇക്കാര്യം നിരവധി കേസുകളില്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പറഞ്ഞിട്ടുള്ളതുമാണ്. പെട്ടെന്ന് ഇത്തരത്തില്‍ ഒരനുമതി നല്‍കിയതിനു പിന്നില്‍ അനേക കോടികള്‍ മറഞ്ഞിട്ടുണ്ടെന്നു വ്യക്തം. ഇങ്ങനെ ഒരു നയംമാറ്റം മന്ത്രിസഭയില്‍പ്പോലും ചര്‍ച്ചചെയ്തിട്ടില്ല. അനുമതി കിട്ടിയവരെല്ലാം നേരല്ലാത്ത വഴികളില്‍ മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് സ്വാധീനിച്ചിരുന്നു എന്നും പുറത്തറിഞ്ഞു. കേരളത്തില്‍ ആവശ്യമായ വിദേശമദ്യത്തിന്റെ 93 ശതമാനവും ഇപ്പോള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. പുതുതായി നല്‍കിയ യൂനിറ്റ് തൃശൂര്‍ ജില്ലയില്‍ എന്നു മാത്രം പറഞ്ഞാണ് അനുമതി നേടിയത്. ഇതിലെ നിയമലംഘനത്തെപ്പറ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ് മറികടന്നാണ് മന്ത്രി അനുമതി നല്‍കിയത് എന്നതും രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണ്. പ്രാഥമികാനുമതി മാത്രമേ നല്‍കിയുള്ളൂ തുടങ്ങിയ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു.
മന്ത്രി കെ ടി ജലീലിനെതിരേ ഉയര്‍ന്നുവന്ന ബന്ധുനിയമന വിഷയത്തില്‍ രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്തവിധം കുടുങ്ങിയിരിക്കുന്നു. അബിദ് രാജിവച്ചതുകൊണ്ട് വിഷയം തീരുന്നില്ല. ജയരാജന്റെ കേസില്‍ രക്ഷപ്പെട്ടത് നിയമിച്ച വ്യക്തി ജോലി ഏറ്റെടുത്തില്ല, സര്‍ക്കാരിന് ഒരു നഷ്ടവും ഉണ്ടായില്ല എന്ന ന്യായം പറഞ്ഞാണ്. ഇവിടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമിച്ച വ്യക്തി സര്‍ക്കാര്‍ പണം ശമ്പളമായി വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മന്ത്രിയെ പിന്താങ്ങുന്നുവെങ്കില്‍ ഈ ഇടപാടില്‍ അവര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരും. പല കാരണങ്ങളാല്‍ മൂന്നു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിവന്നു. നാലാമത്തെ മന്ത്രിയും അതേ വഴിയിലാണോ? രാജി എന്നതല്ല വിഷയം. എന്ത് അഴിമതി നടത്തിയാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, ഇടതുപക്ഷം എന്നവകാശപ്പെടുന്നവര്‍ അഴിമതി നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് ഗൗരവതരമായ പ്രശ്‌നം. ി

(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss