|    Nov 21 Wed, 2018 5:40 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജയരാജന്റെ രണ്ടാം വരവ്

Published : 11th August 2018 | Posted By: kasim kzm

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലേക്കു തിരിച്ചുവരുന്നു. നേരത്തേ 19 അംഗ മന്ത്രിസഭ മതിയെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഏകകണ്ഠമായി എടുത്ത തീരുമാനം മാറ്റിമറിച്ച് 20ാം മന്ത്രിയായാണ് ഇ പി ജയരാജന്റെ രണ്ടാം വരവ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തിയ സിപിഎം തങ്ങളുടെ പഴയ പ്രഖ്യാപിത നയങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി ജയരാജനെ തിരിച്ചുകൊണ്ടുവരാന്‍ പുതിയൊരു മന്ത്രിസ്ഥാനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
മന്ത്രിസഭയില്‍ 19നു പകരം 20 മന്ത്രിമാര്‍ എന്നു പറയുമ്പോള്‍ യുഡിഎഫ് മന്ത്രിസഭയുടെ അംഗസംഖ്യയായ 21ലും താഴെയല്ലേ എന്ന മറുചോദ്യം സ്വാഭാവികം. ഭരണരംഗത്ത് ആളുകളെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനം തങ്ങള്‍ ഇപ്പോഴും ദുരുപയോഗിക്കുന്നില്ലെന്ന വാദം ഉയര്‍ത്താന്‍ അതു സിപിഎം നേതൃത്വം ഉപയോഗിക്കുമെന്നു തീര്‍ച്ച. ഓരോ മന്ത്രിസ്ഥാനവും അത്യധികമായ സാമ്പത്തിക ഭാരമാണ് സംസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പിക്കുന്നത്.
മന്ത്രിയുടെ ഓഫിസും അംഗരക്ഷകരും പരിവാരപ്പടയും പേഴ്‌സനല്‍ സ്റ്റാഫും ഒക്കെയായി ഡസന്‍കണക്കിന് ആളുകള്‍ക്കാണ് സര്‍ക്കാര്‍ പുതുതായി ധനം വ്യയം ചെയ്യേണ്ടിവരുന്നത്. 19 പേര്‍ക്കു തന്നെ യാതൊരു പ്രതിബന്ധമോ പ്രയാസമോ ഇല്ലാതെ ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ക്കാണ് വീണ്ടും ആളുകളെ നിയമിക്കുന്നത്. ജയരാജന്‍ മന്ത്രിസ്ഥാനത്തു നിന്നു പോയതിനു ശേഷം മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ അക്കാരണം കൊണ്ട് എന്തെങ്കിലും തടസ്സമോ കുറവോ ഉണ്ടായതായി കാണുന്നില്ല. അതിനാല്‍, ജയരാജനെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഒരാള്‍ മാറിക്കൊടുക്കുക എന്നതാണ് ന്യായമായി അനുവര്‍ത്തിക്കേണ്ട രീതി.
അവിടെയാണ് പ്രശ്‌നവും. ഒരാളും മാറാന്‍ തയ്യാറല്ല. മാറ്റാന്‍ പാര്‍ട്ടി നേതൃത്വവും തയ്യാറല്ല. പാര്‍ലമെന്ററി വ്യാമോഹമെന്നത് ലവലേശം തീണ്ടാത്ത തനി വിപ്ലവപ്പാര്‍ട്ടിയാണെന്നു മേനി നടിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ഥത്തിലുള്ള ഇന്നത്തെ അവസ്ഥ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിയുടെ ഈ നീക്കം സഹായിക്കും. അധികാരം എന്ന മധുരിക്കുന്ന ചക്കര കിട്ടിയാല്‍ ഏതു കൊലകൊമ്പന്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശവാദിയാണെങ്കിലും തരിമ്പും വിട്ടുകൊടുക്കില്ല എന്നതുതന്നെ സത്യം.
ഇരുപത് മന്ത്രിമാര്‍ ഭരിക്കട്ടെ, നാട്ടുകാര്‍ക്ക് നഷ്ടമില്ലല്ലോ എന്നു കരുതാനും വയ്യാത്ത അവസ്ഥയാണ്. സിപിഎം അധികമായി ഒരു മന്ത്രിസ്ഥാനം അടിച്ചെടുക്കുമ്പോള്‍ സിപിഐ കൈയും കെട്ടി നോക്കിയിരിക്കുമെന്നു കരുതുന്നത് മണ്ടത്തരമാണ്. മന്ത്രിസഭയിലെ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കരുത് എന്നാണ് സിപിഐ നേരത്തേ പരസ്യ നിലപാട് എടുത്തതെങ്കിലും അതൊക്കെ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു. കാരണം, മന്ത്രിസഭാ വികസനം വരുമ്പോള്‍ അവര്‍ക്കുമുണ്ട് ചില്ലറ നേട്ടങ്ങള്‍. കാബിനറ്റ് റാങ്കുള്ള ഒരു ചീഫ്‌വിപ്പിന്റെ പദവിയാണത്രേ അവര്‍ക്ക് ഓഫര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതോടെ അവര്‍ക്കും അഞ്ചാം മന്ത്രിയുടെ നേട്ടങ്ങളായി. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി എന്നാണല്ലോ പ്രമാണം. നടക്കട്ടെ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss