|    Sep 20 Thu, 2018 9:44 pm
FLASH NEWS
Home   >  Kerala   >  

ജയരാജന്റെ മന്ത്രി സഭാ പുനപ്രവേശനം : ഇടതുമുന്നണി അഴിമതിയോട് സന്ധി ചെയ്തു: ചെന്നിത്തല

Published : 14th August 2018 | Posted By: G.A.G

തിരുവന്തപുരം: ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇടതുമുന്നണി സ്വജനപക്ഷപാതത്തോടും അഴിമതിയോടും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണഗതിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തറിയുന്നത് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇവിടെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വകുപ്പുകളൊക്കെ പ്രഖ്യാപിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് പാര്‍ട്ടി സെക്രട്ടറി വകുപ്പുകള്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ ഗവര്‍ണറെ തന്നെ നോക്കു കുത്തിയാക്കുകയാണ്. ഒരിക്കലും ഒരു കാലത്തും ഇത്തരം നടപടി ഉണ്ടായിട്ടില്ല. ഈ മന്ത്രിസഭാ പുനസംഘടനയോടെ സിപിഎമ്മിന്റെ മൂന്ന് മന്ത്രിമാര്‍ കഴിവുകെട്ടവരാണ് എന്നത് തെളിയക്കപ്പെട്ടിരിക്കുകയാണ്. എസി മൊയ്തീന് മൂന്നാമത്തെ വകുപ്പ് മാറ്റമുണ്ടായിരിക്കുകയാണ്. ആദ്യം സഹകരണമായിരുന്നു. പിന്നെ വ്യവസായമായി, ഇപ്പോള്‍ തദ്ദേശ സ്വയംഭരണമാണ് നല്‍കിയിരിക്കുന്നത്. കെ ടി ജലീലിന്റെ തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തില്‍ നിന്ന് ആ വകുപ്പ് എടുത്തുമാറ്റിയത്. പ്രഫസറായ സി രവീന്ദ്രനാഥിന്റെ കൈകളില്‍ നിന്ന് ലക്ചററായ കെ ടി ജലീലിന്റെ കൈകകളിലേക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. സിപിഎം മന്ത്രിമാര്‍ പിടിപ്പ് കെട്ടവവരാണെന്നും കാര്യക്ഷമതയില്ലാത്തവരാണെന്നുമാണ് ഈ വകുപ്പ് മാറ്റത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ കാര്യക്ഷമത വര്‍ധിക്കാന്‍ പോവുന്നില്ല. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണിതെന്ന പ്രതിപക്ഷത്തിന്റെ വാദം ഓരോ ദിവസം കഴിയും തോറും സര്‍ക്കാരും ഇടതുമുന്നണിയും തന്നെ ശരിവച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ചീഫ് വിപ്പടക്കം 25 മന്ത്രി സ്ഥാനങ്ങള്‍ തിരുമാനിക്കുക വഴി ഇടതുമുന്നണി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇതു ഗൗരവത്തോടെ എടുക്കുമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണ്. തങ്ങള്‍ മാത്രമല്ല വി എസ് അച്യുതാനന്ദനും സത്യപ്രതജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സുഖമില്ലെന്ന പത്രക്കുറിപ്പ് താന്‍ പിറകേ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇടതുമുന്നണി ഇതുവരെ പറഞ്ഞതെല്ലാം വീണ്‍ വാക്കുകളാണെന്ന് തെളിയക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss