|    Jul 25 Tue, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു

Published : 13th October 2016 | Posted By: SMR

കണ്ണൂര്‍: വ്യവസായവകുപ്പിനു കീഴിലുള്ള പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്റ് സിറാമിക്‌സിന്റെ ജനറല്‍ മാനേജറായി നിയമിക്കപ്പെട്ട വ്യവസായമന്ത്രി ഇ പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമന വിവാദത്തെ തുടര്‍ന്നാണ് രാജി. ഇ പി ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യയാണ് ദീപ്തി. രാജിക്കത്ത് ഇന്നലെ രാവിലെ മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറി.
ഒരാഴ്ചയായി ഇവിടെ ജോലി ചെയ്തുവരുകയായിരുന്നു ഇവര്‍. ബിരുദധാരിണിയായ ദീപ്തിയുടെ നിയമനത്തിനെതിരേ സിപിഎം മൊറാഴ ലോക്കല്‍ കമ്മിറ്റി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയെ അതൃപ്തി അറിയിച്ചു.
വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ബന്ധുക്കളെ നിയമിച്ചതില്‍ പാര്‍ട്ടിയില്‍ നിന്നടക്കം ഇ പി ജയരാജനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായവികസന വകുപ്പിന്റെ എംഡിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിക്കാന്‍ കാരണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കേന്ദ്ര കമ്മിറ്റിയും കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കാന്‍ വ്യവസായവകുപ്പ് നിര്‍ബന്ധിതമായി. ഇതിനു പിന്നാലെയാണ് ദീപ്തിയുടെ രാജി പ്രഖ്യാപനം.
ദീപ്തി നിഷാദ് യോഗ്യതയുള്ളയാളാണെന്നും നിയമനം താല്‍ക്കാലികമാണെന്നുമായിരുന്നു കേരള ക്ലേസ് ആന്റ് സിറാമിക്‌സ് എംഡി നേരത്തേ വിശദീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക