|    Feb 22 Wed, 2017 11:57 pm
FLASH NEWS

ജയപ്രകാശ് നാരായണ്‍ സഭയിലുണ്ടോ?

Published : 23rd November 2016 | Posted By: SMR

ഒ അബ്ദുല്ല

കേശവാ, നിനക്കു ദോശക്കാശയുണ്ടെങ്കില്‍ ആശാന്റെ മേശ തുറന്ന് കാശെടുത്ത് ദോശ വാങ്ങി ആശ തീര്‍ക്കെടാ കേശവാ എന്ന ക്ലീഷേ ഓര്‍ത്തുകൊണ്ട് ആശാന്റെ കീശയില്‍ നിന്ന് കാശെടുക്കാന്‍ ശ്രമിച്ചാല്‍ നിരാശ മാത്രമായിരിക്കും ഫലം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും അസാധു അഥവാ അത്തരം അസാധുക്കളുമായി വല്ല സാധുക്കളും വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച ദക്കാനിയൂസ് രാജാവിന്റെ കാലത്തെ നിദ്രാവീരന്മാരെപ്പോലെ 310 വര്‍ഷം നിദ്രയിലാണ്ട് മാര്‍ക്കറ്റില്‍ ചെന്നാല്‍ വ്യാജനെന്ന് അപരനാമം. പുതിയ നോട്ട് കൈവശമുണ്ടായാല്‍ മാത്രം പോരാ, കൈവിരലുകളില്‍ അടയാളവും വേണം. രണ്ടായിരം രൂപയുടെ നോട്ട് മാറാന്‍ ഒരു വിരല്‍. തലകുത്തി തലകുത്തിനിന്ന് മറ്റൊരു രണ്ടായിരം കിട്ടിയാല്‍ രണ്ടാം വിരലില്‍ മഷി. തലകുത്തി, തലകുത്തി, തലകുത്തി മൂന്നാമത് ചെന്നാല്‍ മൂന്നാം വിരലില്‍ മഷി. പതിനായിരം രൂപ കിട്ടാന്‍ തലകുത്തി, തലകുത്തി, തലകുത്തി….. മോദി യുഗത്തില്‍ മനുഷ്യന് മറ്റൊരു പണിയുമില്ലെന്ന് ചുരുക്കം.
ഈ തലകുത്തി കുത്തനെ നില്‍ക്കല്‍ മറികടക്കാന്‍ സ്വതന്ത്ര ജനാധിപത്യരാജ്യമായ ഇന്ത്യയെന്ന ഭാരതത്തില്‍ ആണ്‍പിറന്നവന് മുമ്പാകെ ഒരു പോംവഴിയുണ്ട്- പോയി പെണ്ണുകെട്ടുക! അതെ, പെണ്ണുകെട്ടുക. മസ്‌നാ വസുലാസാ വറുബാഅ. നാലെണ്ണം. ഒരുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണെങ്കിലും ആയത് കൈനിറയെ തിരിച്ചുകിട്ടണമെങ്കില്‍ പെണ്ണുകെട്ടണം. അങ്ങനെ രണ്ടര ലക്ഷം ഒറ്റയടിക്ക് അടിച്ചെടുക്കാം. ചില ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പതിവുള്ളപോലെ, വരന്മാര്‍ക്ക് പാരിതോഷികമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്തുനല്‍കുന്ന പണമായിരിക്കില്ല അത്. മറിച്ച്, അവനവന്‍ എല്ലുമുറിയെ അധ്വാനിച്ചുണ്ടാക്കിയ പണമാണെങ്കിലും അനാവശ്യമായി അത് നായിക്കോലമാക്കാതിരിക്കാന്‍ പൗരന്‍മാരുടെ ക്ഷേമകാര്യത്തില്‍ ബദ്ധശ്രദ്ധരായ മോദിസര്‍ക്കാര്‍ അവ ബാങ്കില്‍ സുരക്ഷിതമായി കാണാന്‍ ആഗ്രഹിക്കുന്നു. കാരണം, പണം പെണ്ണുകെട്ടാനുള്ളതാണ്. ഒരു കല്യാണത്തിന് ഒറ്റത്തവണയായി പിന്‍വലിക്കാവുന്നത് രണ്ടര ലക്ഷം. നാലു വിവാഹം വഴി ഇപ്രകാരം കൈയില്‍ വരുന്നത് പത്തു ലക്ഷം. പ്രശ്‌നം അതല്ല. രാജ്യത്ത് എല്ലാവര്‍ക്കും നാലു കെട്ടാന്‍ സ്വാതന്ത്ര്യമില്ല. ചില ഭാഗ്യവാന്മാരായ സമുദായക്കാര്‍ക്കേ ഈ അവകാശമുള്ളൂ. ഇസ്‌ലാമിക ശരീഅത്തിന് അങ്ങനെയും ഒരു കാലിക പ്രസക്തി. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മൂന്ന് ഭാര്യമാരുണ്ടെന്നും അവരെ എല്ലാവരെയും അദ്ദേഹം ഒരുപോലെ ഭംഗിയായി യോജിപ്പിച്ചുനിര്‍ത്തുന്നുവെന്നും യുഎസ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ ചിലര്‍ പറഞ്ഞപ്പോള്‍, ഇസ്‌ലാമിക ശരീഅത്ത് അപ്പടി പ്രാവര്‍ത്തികമാക്കുന്ന ട്രംപിന്റെ നടപടിയെ ചര്‍ച്ചയില്‍ പങ്കെടുത്ത ഈ ലേഖകന്‍ എടുത്തുപറയുകയുണ്ടായി.
പക്ഷേ, എത്ര ആളുകളുടെ കാര്യത്തില്‍ പ്രായോഗികമാണ് വിവാഹം എന്ന ചെപ്പടിവിദ്യ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട കടലാസാണല്ലോ താന്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അതു തിരിച്ചെടുക്കാന്‍ എന്തിനാ വിവാഹ സര്‍ട്ടിഫിക്കറ്റും കൂടെ സാക്ഷ്യപ്പെടുത്താന്‍ പെണ്ണോട്ടിയും എന്ന ചോദ്യം എത്രയും സംഗതം. ബാങ്കില്‍ നിന്നു പണം തിരിച്ചെടുക്കുന്നതിന് ഇങ്ങനെ വല്ല ഏടാകൂടവും ആവശ്യമാണെന്ന് മുന്‍കൂട്ടി അറിയാമായിരുന്നെങ്കില്‍ ഏതു മരത്തലയനാണ് ഇമ്മാതിരി ഒരു ഞെണ്ടിന്‍മടയില്‍ വാലിടാന്‍ പോവുക. പഴയ ബാര്‍ട്ടര്‍ സിസ്റ്റത്തിന് എന്തായിരുന്നു കുറവ്? ചേനയും ചേമ്പും നെല്ലും കപ്പയും റൊക്കം കൊടുത്ത് ഉപ്പും സോപ്പും തിരിച്ചുവാങ്ങുന്ന ഏര്‍പ്പാട് എന്തുമാത്രം മഹത്തരമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെപ്പോലെ ഈ പണ്ടാരം പുലിവാല് പിടിക്കേണ്ടിവരുമായിരുന്നില്ല. അപ്പോള്‍ പക്ഷേ, പാവപ്പെട്ടവന്റെ ചോരകുടിച്ചും അവന്റെ പറമ്പും പുരയിടവും ജപ്തി ചെയ്തും കുടുംബത്തെ പിടിച്ചിറക്കി പടിയടച്ചു പിണ്ഡംവച്ചും തെരുവില്‍ തള്ളിയുണ്ടാക്കിയ കാശുകൊണ്ട് തെരുവുകള്‍തോറും തലയുയര്‍ത്തിനില്‍ക്കുന്ന അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കകത്തെ ശീതീകരിച്ച മുറികളില്‍ സാധാരണക്കാരന്റെ പ്രയാസങ്ങള്‍ എന്തെന്നറിയാത്ത നയാ സായ്പുമാരും ഉണ്ടാവുമായിരുന്നില്ല. അന്നേരം ഇത്തരം ബാങ്കുകളില്‍ കുന്നുകൂടുന്ന സാധാരണക്കാരന്റെ പണം അതിസമര്‍ഥമായി തട്ടിയെടുത്ത് ബിലാത്തിയിലേക്ക് ഇരുളിന്റെ ചുളുവില്‍ രാജകീയ (കിങ്ഫിഷര്‍) വിമാനം കയറി രാജ്യം വിടുന്നവര്‍ക്കും അവര്‍ക്കതിന് മുന്‍കൂര്‍ ഒത്താശ ചെയ്തുകൊടുക്കുന്നവര്‍ക്കും എന്നന്നേക്കുമായി കൈവിരല്‍ കടിക്കേണ്ടിവരുമായിരുന്നു.
എന്തൊരു ദ്രോഹമാണ് ദൈവമേ ഇത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ അമ്മായിക്കളി കണ്ടു ഗതികെട്ട ഇന്ത്യയിലെ 100 ഇന്ത്യക്കാരില്‍ 31 പേര്‍ നരേന്ദ്ര മോദിക്കായി അബദ്ധത്തില്‍ കൈവിരലില്‍ മഷി പുരട്ടി. മതേതര പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടു മാത്രം ഭരണരഥം തെളിക്കാനുള്ള കടിഞ്ഞാണ്‍ മോദിയുടെ കൈകളിലെത്തിപ്പെട്ടു. ആ കൈകളില്‍ നിന്ന് ഇറ്റുവീണുകൊണ്ടിരിക്കുന്നത് എന്താണ്, അത് ആരുടേതായിരുന്നു എന്ന് ഇനിയും ആവര്‍ത്തിച്ചു പറയേണ്ടതില്ല. മോദി വീണുകിട്ടിയ അവസരം പരമാവധി മുതലാക്കുന്നു. ഡല്‍ഹിയിലും ബിഹാറിലും നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യശക്തികള്‍ തൂത്തുവാരിയത് മോദിക്ക് നല്ല ഓര്‍മയുണ്ട്. വരാന്‍ പോവുന്ന യുപി തിരഞ്ഞെടുപ്പും വളരെയൊന്നും വ്യത്യസ്തമാവാനിടയില്ല. അതിനാല്‍ തന്നെ നരിപ്പുറത്തു നിന്ന് ഇറങ്ങാതിരിക്കാന്‍ മോദി പതിനെട്ടും പിന്നെ എട്ടും പയറ്റുന്നു.
ഇന്ത്യന്‍ ജനതയെ വരിയില്‍ നക്ഷത്രമെണ്ണാന്‍ നിര്‍ത്തി ഖജനാവിലെ പണം സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും കടത്തിക്കൊണ്ടുപോവാന്‍ സാവകാശം നല്‍കുകയായിരുന്നു ബന്ധപ്പെട്ടവര്‍ എന്ന വസ്തുത ഇതിനകം പുറത്തുവന്നിട്ടുണ്ട്. നവംബര്‍ എട്ടിന്റെ നോട്ട് നിരോധന പ്രഖ്യാപനം ഒരേസമയം നോട്ട് കൈവശമുള്ളവരെ ആയത് എത്രയും പെട്ടെന്ന് ബള്‍ക്കായി ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കലും സ്വന്തക്കാര്‍ക്കും സ്വകാര്യക്കാര്‍ക്കും കൈവശമുള്ള പണമുപയോഗിച്ച് ക്ഷിപ്രവേഗത്തില്‍ സ്വര്‍ണം നിക്ഷേപിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കലും ആയിരുന്നു. നവംബര്‍ എട്ടിന്റെ എട്ടുമണി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് നവബര്‍ 9ന് തന്റെയും സുഹൃത്ത് നരേന്ദ്ര മോദിയുടെയും പരിചയക്കാരില്‍പെട്ട ഒരു ഗുജറാത്തി വ്യവസായിയുടെ ഭാര്യ 20 കോടി രൂപയുമായി വന്ന് ഒരു ജ്വല്ലറിയില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുപോലെ സ്വര്‍ണം വാങ്ങിക്കൊണ്ടുപോയതായി മോദിക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് എഴുതിയതെന്ന് ആരോപിക്കുന്ന കത്തില്‍ പറയുന്നു. ഇതിനകം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അമ്പതിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചുകഴിഞ്ഞു. തെക്കന്‍ കേരളത്തില്‍ ഒരാള്‍ യൂറിന്‍ ബാഗുമായി വരിയില്‍ കാലത്തുതൊട്ട് വന്നു നിന്ന് കുഴഞ്ഞുവീഴാന്‍ പോവുന്നു. കായംകുളത്ത് ഒരു പാവം വനിത വരിയില്‍ തളര്‍ന്നുവീണു കൈകാലുകള്‍ ഒടിഞ്ഞ് സഹായത്തിനായി ചുറ്റുപാടും നോക്കുന്നു. ഇതെല്ലാം നടക്കുമ്പോഴാണ് പെട്ടെന്ന് കാറില്‍ വന്നിറങ്ങിയ ഒരുവള്‍ ഒത്തിരി കിലോ സ്വര്‍ണത്തിനു പകരമായി 20 കോടി രൂപ ജ്വല്ലറിയില്‍ കൊണ്ടുചെന്ന് ചൊരിയുന്നത്.
ഇപ്രകാരം പിച്ചും പേയും പറയുന്നവര്‍ ഒട്ടും രാജ്യസ്‌നേഹം ഇല്ലാത്തവരാണ് എന്ന മറുപടി വിസ്മരിക്കുന്നില്ല. കാരണം, അന്നൊരിക്കല്‍ 25 പൈസയുടെ ചില്ലറ നിരോധിച്ചപ്പോള്‍ ഇല്ലാത്ത രോഷം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കടലാസുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടാവേണ്ട ഒരു കാര്യവുമില്ല എന്നാണ് അവരുടെ സുചിന്തിതാഭിപ്രായം. 1000 രൂപയുടെ നോട്ടുകള്‍ക്ക് അവയുടെ മൂല്യം റദ്ദാക്കപ്പെട്ട നിലയില്‍ ഉമിക്കരിയോ നിലക്കടലയോ പൊതിയാനുള്ള മൂല്യമേ അവശേഷിക്കൂ. മറ്റൊരു ഉപയോഗത്തിനുമുള്ള യോഗ്യത ആ തുണ്ടുകടലാസുകള്‍ക്കില്ല. എങ്കില്‍ പിന്നെ 25 പൈസ നിരോധിച്ചാല്‍ തന്നെയാണ് ഭവിഷ്യത്ത് കൂടുതല്‍; 500ഉം 1000ഉം നിരോധിച്ചാലല്ല.
ചില ഘട്ടങ്ങളില്‍ ചില സഹകരണ ബാങ്കുകള്‍ക്ക് പണം അനുവദിക്കാതിരുന്ന അനുഭവമുണ്ടായിരുന്നുപോല്‍. ചില ചാനല്‍ സംവാദക്കാരുടേതാണ് ന്യായീകരണം. അതായത്, സഹകരണ ബാങ്കുകള്‍ക്ക് പണം നിഷേധിക്കുന്ന ഇപ്പോഴത്തെ നടപടി പുത്തനല്ലെന്ന്. അന്നു പക്ഷേ, നോട്ടിന് നാട്ടില്‍ മുട്ടുണ്ടായിരുന്നില്ലെന്നും ഇതര ബാങ്കുകളില്‍ യഥേഷ്ടം പണം പിന്‍വലിക്കാവുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നുമുള്ള വസ്തുത ഈ സംവാദ സുഹൃത്തുക്കള്‍ മറച്ചുപിടിക്കുന്നു.
ഇന്ത്യന്‍ കറന്‍സിയുടെ 86 ശതമാനം ഒറ്റയടിക്ക് പിന്‍വലിച്ചതുപോലുള്ള ഒരു നടപടി ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്നും തികച്ചും സമാധാനപരമായാണ് സംഭവം പുരോഗമിക്കുന്നതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുന്നു. ലോകത്ത് ഇത്രയും ഭംഗിയായും വൃത്തിയായും ഒരു ഭരണകൂടം പൗരന്‍മാരെ വട്ടംകറക്കുകയോ നട്ടംചുറ്റിക്കുകയോ ചെയ്തിട്ടില്ലെന്നും അവകാശപ്പെടാം. പതഞ്ഞുപൊന്തിയ ജനവികാരം കൃത്യമായി ആവാഹിച്ച് അതിന്റെ ജ്വാലയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ദീനാട്ടഹാസങ്ങള്‍ കൊണ്ട് ഭരണസിരാകേന്ദ്രങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിക്കാനായി സന്ദര്‍ഭം പരമാവധി ഉപയോഗിക്കാന്‍ ഒരുത്തനും ഉണ്ടായില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെതിരേ ജനതയെ ജാഗ്രവത്താക്കുന്ന പ്രക്രിയയില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൃത്യമായും അകലം പാലിച്ചു. എല്ലാവിധ ഭിന്നതകളും മറന്ന് സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നതും ഇതര രാഷ്ട്രീയപ്പാര്‍ട്ടികളോടു കൂടെ കൂടാന്‍ ആഹ്വാനം ചെയ്തതും ജനാധിപത്യ ഇന്ത്യയിലെ ഝാന്‍സിറാണി എന്നു വിശേഷിപ്പിക്കാവുന്ന, പശ്ചിമബംഗാളില്‍ നിന്നുള്ള മമതാ ബാനര്‍ജി മാത്രം. അവര്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയോട് സഹകരണം ആവശ്യപ്പെട്ടെങ്കിലും യെച്ചൂരി ചെവികൊടുത്തില്ല. ബംഗാളിലെ തങ്ങളുടെ അന്തകയായ മമതയ്ക്ക് തല പോയാലും ചെവികൊടുക്കില്ലെന്ന ശാഠ്യത്തിലായിരുന്നു അദ്ദേഹം. മമത അരവിന്ദ് കെജ്‌രിവാളിനെയും കൂട്ടി ഒറ്റയ്ക്കു തെരുവിലിറങ്ങി. കോണ്‍ഗ്രസും വിട്ടുനിന്നു. കോണ്‍ഗ്രസ് വിട്ടുനിന്നത് കള്ളപ്പണവേട്ടയെ എതിര്‍ത്താല്‍ തങ്ങള്‍ കള്ളനു കഞ്ഞിവയ്ക്കുകയാണെന്ന് ജനം പറഞ്ഞാലോ എന്നോര്‍ത്താവണം. ഡല്‍ഹിയിലേക്ക് വണ്ടി കിട്ടാത്തതിനാലാവണം മുലായംസിങ്, ലാലുപ്രസാദ്, അഖിലേഷ് മുതലായ യാദവപ്പടകളെയൊന്നും കണ്ടില്ല ഡല്‍ഹി പരിസരത്ത്. ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചിലര്‍ വിശേഷിപ്പിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉരു ഇളകിയപ്പോള്‍ നായ അപ്പിയിടാന്‍ പോയപോലെ അപ്പിയിടാന്‍ പോയി. നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ മോഡിപക്ഷത്താണത്രേ. കോണ്‍ഗ്രസ്- സിപിഎം- നിതീഷ് പ്രഭൃതികളുടെ അഭിപ്രായത്തില്‍ നോട്ട് പിന്‍വലിച്ച നടപടി ഗംഭീരമായിരിക്കുന്നു. നടപ്പാക്കിയ രീതിയില്‍ മുന്നൊരുക്കമുണ്ടായില്ലെന്നു മാത്രം. പൊതുജനം കഴുതകളാക്കപ്പെട്ടുവെങ്കിലും ഓപറേഷന്‍ ഒന്നാംതരം!
നോട്ട് നിരോധനത്തെ തെരുവിലെത്തിക്കാത്ത സിപിഎം, സഹകരണ മേഖലയുടെ തലയ്ക്ക് അടികൊണ്ടപ്പോള്‍ സകല കീഴ്‌വഴക്കങ്ങളും വിസ്മരിച്ച് സടകുടഞ്ഞെഴുന്നേറ്റ് തെരുവിന്റെ ഒത്തനടുവിലേക്ക് ഓടി. മുഖ്യന്‍ മുമ്പില്‍. മുദ്രാവാക്യങ്ങളുമായി സഹമന്ത്രിമാര്‍ തൊട്ടുപിന്നില്‍. ഇന്ത്യയില്‍ ഇത്തരത്തില്‍പെട്ട ആദ്യത്തെ കാഴ്ച. സംഭവത്തെ യുഡിഎഫ് മുന്നണിയും കലവറയില്ലാതെ പിന്താങ്ങി (പിന്നീട് സുധീരന്‍ ഇടഞ്ഞെങ്കിലും).
സഹകരണ പ്രസ്ഥാനം കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും സാധാരണക്കാരന്റെ പുട്ടും കടലയുമാണ് എന്നതു ശരി. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളെയും മുഴുപട്ടിണിയിലേക്ക് തള്ളിവിടുന്ന നോട്ട് നിരോധനത്തേക്കാള്‍ വലുതല്ല സഹകരണ പ്രസ്ഥാനത്തിന് സംഭവിക്കാന്‍ പോവുന്ന തകര്‍ച്ച. അതിനാല്‍ തന്നെ സാധാരണക്കാര്‍ അടക്കമുള്ള മുഴുവന്‍ മനുഷ്യരുടെയും താല്‍പര്യങ്ങള്‍ക്കായിരുന്നു സിപിഎം മുഖ്യപരിഗണന നല്‍കേണ്ടിയിരുന്നത്. വേണ്ടത് വേണ്ടപ്പോള്‍ തോന്നിയിരുന്നുവെങ്കില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് എവ്വിധമാവുമെന്ന് സംഘപരിവാരത്തിന് സൈറ്റില്‍ വച്ചു തന്നെ കാണിച്ചുകൊടുക്കാമായിരുന്ന ഒന്നാംതരം അവസരം ബന്ധപ്പെട്ടവര്‍ കളഞ്ഞുകുളിച്ചു.
അന്ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളെ അണിനിരത്താനും അവരുടെ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കി മുമ്പില്‍ നടക്കാനും മഹാനായ നേതാവുണ്ടായിരുന്നു- ജയപ്രകാശ് നാരായണ്‍. ഇന്നു നേതാക്കള്‍ നിരവധിയുണ്ട്; ലക്ഷണമൊത്ത ഒരുത്തനുമില്ല. ഉണ്ടോ? ഉണ്ടെങ്കില്‍ ആര്? ആര്‍ക്കും പറയാം അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക