|    Feb 26 Sun, 2017 8:15 pm
FLASH NEWS
Home   >  Sports  >  Cricket  >  

ജയം തേടി ഇന്ത്യ ഇന്ന് വിശാഖപട്ടണത്ത്

Published : 17th November 2016 | Posted By: SMR

വിശാഖപട്ടണം: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മല്‍സരത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ രാജ്‌കോട്ടില്‍ വഴുതിപ്പോയ ജയം തിരിച്ചുപിടിക്കാനാകും ഇംഗ്ലണ്ട് ഇറങ്ങുക.
കരുതലോടെ ഇന്ത്യ
കിവീസിനെ വൈറ്റ് വാഷ് ചെയ്ത് ഫുള്‍ ഫോമില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. തുടക്കം മുതലേ മല്‍സരത്തില്‍ ആധിപത്യം കാണിച്ച ഇംഗ്ലണ്ടിനോട് ഭാഗ്യംകൊണ്ടാണ് ഇന്ത്യ സമനില ഒപ്പിച്ചത്. ആദ്യ ടെസ്റ്റില്‍ പിഴവുകള്‍ മാത്രം നിറഞ്ഞു നിന്ന ഇന്ത്യന്‍ ഇന്നിങ്‌സുകളില്‍ എന്ത് മാറ്റമാണ് കോച്ച് അനില്‍ കുബ്ലെ കൊണ്ടുവരികയെന്ന് കണ്ടു തന്നെയറിയണം.
രാജ്‌കോട്ടില്‍ ഇന്ത്യ വിചാരിച്ചതിനു വിപരീതമായ രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നന്നായി സഹായിച്ചിരുന്നു. അലസ്റ്റര്‍ കുക്കിനെ രഹാനെ പലതവണ വിട്ടുകളഞ്ഞപ്പോള്‍ ഓപണര്‍ ഹസീബ് ഹമീദിനെ മുരളി വിജയിയും കൈവിട്ടു. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും ക്യാച്ചുകള്‍ നഷ്ട്‌പ്പെടുത്തിയപ്പോള്‍ പല താരങ്ങളും കൂറ്റന്‍ ഇ്ന്നിങ്‌സുകള്‍ പടുത്തുയര്‍ത്തി. ഫീല്‍ഡിങ്ങിലെ പാളിച്ചകളാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആദ്യ മല്‍സരത്തിന് ശേഷം പ്രതികരിച്ചിരുന്നു.
ഇന്ത്യന്‍ പ്രതീക്ഷകള്‍ സ്പിന്നില്‍
വിശാഖപട്ടണത്തെ അവസാന മല്‍സരം ഇന്ത്യയ്ക്ക് മറക്കാനാവാത്ത ഓര്‍മയാണ്. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ അമിത് മിശ്രയുടെ സ്പിന്‍ മാന്ത്രികതയില്‍ 75 റണ്‍സിന് കിവീസിനെ കൂടാരം കയറ്റിയത് വിശാഖപട്ടണത്താണ്. ആറു വിക്കറ്റുകളുമായി മിശ്ര സംഹാര താണ്ഡവമാടിയ മൈതാനത്ത് ഇന്ത്യ പ്രതീക്ഷിക്കുന്നതും  അത്തരമൊരു സ്പിന്‍ മായാജാലമാണ്. രവീന്ദ്ര ജഡേജയും അശ്വിനും അമിത് മിശ്രയും താളം കണ്ടെത്തിയാന്‍ ഇംഗ്ലണ്ട് നന്നായി വിയര്‍ക്കേണ്ടി വരും.
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയും ടീമിന് തിരിച്ചടിയാണ്. മുരളി വിജയിയും ചേതേശ്വര്‍ പൂജാരയും മികച്ച പ്രകടനം നടത്തുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ബാറ്റിങ് പരിതാപകരമാണ്. പലപ്പോഴും അശ്വിന്‍ ബാറ്റുകൊണ്ടും രക്ഷകനാകുന്നതുകൊണ്ടാണ്  വന്‍ നാണക്കേടുകളില്‍നിന്ന് ഇന്ത്യ രക്ഷപെടുന്നത്.
രഹാനെ മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദനയാണ്. രോഹിത് ശര്‍മ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ രഹാനെയ്ക്ക് പകരം പരീക്ഷിക്കാന്‍ ഇന്ത്യക്ക് പരിചയസമ്പന്നായ താരമില്ലാത്ത അവസ്ഥയാണുള്ളത്.
ലോകേഷ് രാഹുല്‍ മടങ്ങിയെത്തി
പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ലോകേഷ് രാഹുല്‍ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കാന്‍ രഞ്ജിയില്‍ കളിച്ച രാഹുല്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രാഹുലിന്റെ തിരിച്ചുവരവോടെ ഗംഭീറിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പായിട്ടുണ്ട്.
ഇംഗ്ലണ്ടും ഫോമില്‍ത്തന്നെ
മികച്ച ഓള്‍ റൗണ്ടര്‍മാരുള്ള ടീമാണ് ഇംഗ്ലണ്ട്. മോയിന്‍ അലിയും , ബെന്‍ സ്‌റ്റോക്‌സും ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബൗളുകൊണ്ടും ഒരുപോലെ തിളങ്ങിയതാണ് ഇംഗ്ലണ്ടിന് കരുത്തായതും. ഇന്ത്യന്‍ മൈതാനത്ത് പരിചയസമ്പന്നനായ അലസ്റ്റര്‍ കുക്കും, ജോയി റൂട്ടും മികച്ച ഫോമില്‍ കളിക്കുന്നതും ടീമിന് കരുത്താണ്.
ആദ്യ മല്‍സരത്തിന്റെ അമ്പലാപ്പില്ലാതെ ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഹാരിസ് ഹമീദും ടീമിന് മുതല്‍ക്കൂട്ടാണ്. ബൗളിങ്ങില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങാതിരുന്ന ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം മല്‍സരത്തില്‍ കളിക്കുമ്പോള്‍ ഇംഗ്ലീഷ് ബൗളിങ്ങിന്റെ മൂര്‍ച്ച കൂടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day