|    Oct 15 Mon, 2018 8:20 pm
FLASH NEWS
Home   >  Sports  >  Football  >  

ജയം തുടരാന്‍ സിറ്റി, സമനില അഴിക്കാന്‍ ലിവര്‍പൂള്‍, ബാഴ്‌സലോണയും കളത്തില്‍

Published : 15th September 2017 | Posted By: ev sports

പ്രീമിയര്‍ ലീഗ്
ടോട്ടനം – സ്വാന്‍സിയ (വൈകീട്ട് 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി 1)

സ്പാനിഷ് ലീഗ്
ബാഴ്‌സലോണ – ഖത്താഫെ (വൈകീട്ട് 7.30 മുതല്‍ സോണി ടെന്‍ 2)

ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും കളിയാവേശത്തിന് തല്‍ക്കാല്‍ത്തേക്ക് വിരാമമിട്ട് ഇംഗ്ലീഷ് മണ്ണിലെ ഫുട്‌ബോള്‍ ആരവത്തിന് ഇന്ന് (16-09-2017 ശനി) വീണ്ടും കളമൊരുങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ബ്യൂണ്‍ലിയെയും മാഞ്ചസ്റ്റര്‍ സിറ്റി വാറ്റ്‌ഫോര്‍ഡിനേയും ടോട്ടനം സ്വാന്‍സിയേയും നേരിടുമ്പോള്‍ സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണ ഖത്താഫയേയും നേരിടും.
ജര്‍ഗന്‍ ക്ലോപ് തന്ത്രങ്ങളോതുന്ന ലിവര്‍പൂള്‍ നിരയ്ക്ക് ഇന്നത്തെ മല്‍സരത്തില്‍ ജയം അനിവാര്യമാണ്. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത അഞ്ച് ഗോളിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ ജയത്തോടെ തിരിച്ചുവരാനുറച്ചാവും ബ്യൂണ്‍ലിക്കെതിരെ ബൂട്ട്‌കെട്ടുക. സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോ ടീമില്‍ തിരിച്ചെത്തിയെങ്കിലും ആദം ലല്ലനയുടെ പരിക്ക് ടീമിന് തിരിച്ചടി നല്‍കുന്നുണ്ട്. അവസാന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട സാദിയോ മേയ്‌നും ബ്യൂണ്‍ലിക്കെതിരെ ഇറങ്ങാതിരിക്കുമ്പോള്‍ ജയം കണ്ടത്താന്‍ ലിവര്‍പൂളിന് നന്നായി വിയര്‍ക്കേണ്ടി വരും. നിലവിലെ പട്ടികയില്‍ ബ്യൂണ്‍ലി ഏഴാം സ്ഥാനത്തും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമാണ്.
അതേ സമയം മിന്നും ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്നത്തെ എതിരാളി വാറ്റ്‌ഫോര്‍ഡാണ്. ലിവര്‍പൂളിനെ മറുപടിയില്ലാതെ അഞ്ച് ഗോളിന് തറപറ്റിച്ച കളിമികവിന്റെ കരുത്ത് സിറ്റി വാറ്റ്‌ഫോര്‍ഡിനെതിരെയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. അവസാന മല്‍സരത്തില്‍ റെഡ്കാര്‍ഡ് കണ്ട റഹീം സ്റ്റെര്‍ലിങിന്റെ അഭാവം മാറ്റി നിര്‍ത്തിയാലും ശക്തമായ നിരതന്നെയാവും സിറ്റിക്കുവേണ്ടി കളത്തിലിറങ്ങുക. അതേ സമയം സതാംപ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വാറ്റ്‌ഫോര്‍ഡ് കളിക്കിറങ്ങുന്നത്. പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്തും വാറ്റ്‌ഫോര്‍ഡ് നാലാം സ്ഥാനത്തുമാണുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ടോട്ടനത്തിന്റെ ഇന്നത്തെ എതിരാളികള്‍ സ്വന്‍സിയയാണ്.  അവസാന മല്‍സരത്തില്‍ എവര്‍ട്ടനെ എതിരില്ലാത്ത മൂന്ന് ഗോളിന് പൂട്ടിയ ടോട്ടനം പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. അവസാന സീസണിലെ രണ്ടാം സ്ഥാനക്കാരനായ ടോട്ടനത്തിന് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. എന്നാല്‍ ന്യൂകാസ്റ്റില്‍ യുനൈറ്റഡിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോല്‍വി വഴങ്ങിയാണ് സ്വാന്‍സിയ ടോട്ടനത്തിനെതിരെ ഇറങ്ങുന്നത്. പട്ടികയില്‍ 15ാം സ്ഥാനത്താണ് സ്വാന്‍സിയയുള്ളത്.
സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയും ഇന്ന് ബൂട്ടണിയും. തകര്‍പ്പന്‍ ജയങ്ങളോടെ പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്ന ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളി 10ാം സ്ഥാനക്കാരായ ഖത്താഫെയാണ്. ലീഗില്‍ മിന്നും ഫോം തുടരുന്ന ലയണല്‍ മെസ്സിയുടെ കളിമികവില്‍ തന്നെയാവും ബാഴ്‌സലോണയുടെ പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss