|    Jun 18 Mon, 2018 9:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജയം തുടരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

Published : 17th October 2016 | Posted By: SMR

പൂനെ: ആദ്യ മൂന്ന് മല്‍സരത്തിലെ നിരാശകള്‍ക്ക് ശേഷം കരുത്തരായ മുംബൈ സിറ്റിയെ 1-0 ന് കീഴടക്കി തിരിച്ചുവന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എവേ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പൂനെയില്‍ നടക്കുന്ന മല്‍സരത്തില്‍ എഫ് സി പൂനെ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ജയത്തോടെ പോയിന്റ പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനുള്ള തയാറെടുപ്പുകളുമായാകും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്.
ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാകും ബ്ലാസ്‌റ്റേഴ്‌സിറങ്ങുക. ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ടീമിലേക്ക് മടങ്ങിയെത്തിയത് ടീമിന് കരുത്താകുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തിലേ രീതിതന്നെയാകും ബ്ലാസ്റ്റേഴ്‌സ് ഇക്കളിയിലും സ്വീകരിക്കുക. മുന്നേറ്റ നിരയില്‍ മൈക്കിള്‍ ചോപ്ര ഫോം കണ്ടെത്തിയത് ടീമിന് ഏറെ ആശ്വാസമാണ്. 4-2-3-1 ശൈലിയിലാകും കേരളം കളിക്കാന്‍ സാധ്യത. കഴിഞ്ഞ മല്‍സരത്തിലൂടെ മുഹമ്മദ് റാഫിയും അന്റോണിയോ ജര്‍മനും മികച്ച ഫോമിലേക്കുയര്‍ന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ്.
പ്രതിരോധ നിരയില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് കൂടിചേരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കോട്ട ഭേദിക്കാന്‍ ഏതിര്‍ടീമുകള്‍ക്ക് എളുപ്പമാകില്ല.
മുന്നേറ്റ നിരയില്‍ ജര്‍മനും ചോപ്രയും റാഫിയും ലക്ഷ്യത്തിലേക്കെത്തിയാല്‍ ഏതു കൊമ്പന്‍മാരെയും മുട്ടുകുത്തിക്കാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്‌സിനുണ്ട്. സൂപ്പര്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറണമെങ്കില്‍ എവേ മല്‍സരങ്ങളിലെ ജയം നിര്‍ണായകമാണ്.
കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ നാല് കളികളില്‍ രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങുകയും ഒരു മല്‍സരത്തില്‍ സമനിലയും ഒരു മല്‍സരത്തില്‍ ജയവും സ്വന്തമാക്കിയിരുന്നു. ആദ്യ മല്‍സരത്തില്‍ കരുത്തന്‍മാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും 1-0 ന്റെ തോല്‍വി വഴങ്ങിയിരുന്നു. മൂന്നാം മല്‍സരത്തില്‍ അടിമുടി മാറ്റവുമായി ഇറങ്ങിയെങ്കിലും വിജയം ലഭിച്ചില്ല. ഡല്‍ഹിയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. നാലാം മല്‍സരത്തില്‍ മുംബൈയെ 1-0 ന് മുട്ടുകുത്തിച്ച് ബ്ലാസ്റ്റേഴ്‌സ് വമ്പുകാട്ടി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്ലാസ്റ്റേഴ്‌സ് എവേ മല്‍സരങ്ങളിലും വിജയം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
എന്നാല്‍ പൂനെസിറ്റി ആദ്യ കളിയില്‍ 1-0 ന് മുംബൈ സിറ്റിയോടു പാരാജയപ്പെട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ ഗോവയെ 2-1 ന് തകര്‍ത്ത് തിരിച്ചുവന്ന പൂനെക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നില്‍ വീണ്ടും അടി പതറി 1-0 ന്റെ തോല്‍വി ഏറ്റുവാങ്ങി.നിലവില്‍ ഏഴാം സ്ഥാനത്താണ് പൂനെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss