|    Aug 23 Wed, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി : സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ചട്ടം 370 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ന്റെ നിയമസാധുത ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ 11നു കോടതി തള്ളിയിരുന്നു. സമാനമായ ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയതാണെന്നും അതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. എന്നാല്‍ സുപ്രിംകോടതി മുമ്പാകെ വന്ന ഹരജി താന്‍ ഉന്നയിച്ച ഹരജിയില്‍ നിന്നു വ്യത്യസ്തമായിരുന്നുവെന്നാണ് ഹരജിക്കാരിയായ കുമാരി വിജയലക്ഷ്മിയുടെ വാദം.ഇതേത്തുടര്‍ന്ന് ഹരജിക്കാരി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്നത് 1957ലെ സംസ്ഥാന ഭരണഘടനാ വിഭജനത്തിന്റെ ഭാഗമായി നിലവില്‍വന്ന താല്‍ക്കാലിക വ്യവസ്ഥയാണ് എന്നാണു ഹരജിക്കാരി ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി 2014 ജൂലൈയില്‍ സുപ്രിംകോടതി തള്ളിയിരുന്നു. ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. അതേസമയം, ജമ്മുകശ്മീരിലെ അമുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതു സംബന്ധിച്ച മറ്റൊരു ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അറിയിക്കുന്നതിനായി കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക