|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീരില്‍ പിഡിപി-കോണ്‍. സഖ്യ സര്‍ക്കാരിന് നീക്കം

Published : 21st November 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിഡിപിയും കോണ്‍ഗ്രസ്സും നാഷനല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കാന്‍ നീക്കം. സംസ്ഥാനം ഇപ്പോള്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ഡിസംബര്‍ 19ന് ഗവര്‍ണര്‍ ഭരണത്തിന്റെ ആറു മാസത്തെ കാലാവധി അവസാനിക്കുകയാണ്. അതു കഴിഞ്ഞാല്‍ ഗവര്‍ണര്‍ ഭരണം നീട്ടാനാവില്ല.
രണ്ടംഗങ്ങള്‍ മാത്രമുള്ള സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ 25 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. പക്ഷേ, മതിയായ ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണ വേണം. പിഡിപിയെ പിളര്‍ത്തി ഭൂരിപക്ഷം ഒപ്പിക്കാന്‍ ശ്രമം നടക്കുന്നതായിട്ടാണ് റിപോര്‍ട്ട്. ഇതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പിഡിപി, കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ സഖ്യ സാധ്യത തേടുന്നത്.
നാഷനല്‍ കോണ്‍ഫറന്‍സിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ പിഡിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 2002 മുതല്‍ 2007 വരെ പിഡിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാണ് ജമ്മുകശ്മീര്‍ ഭരിച്ചത്. നടപ്പ് നിയമസഭയില്‍ പിഡിപിക്ക് 28ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസ്സിന് 12ഉം എംഎല്‍എമാരുണ്ട്. മന്ത്രിസഭയില്‍ ചേരില്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, പിഡിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് പുറത്തുനിന്നു പിന്തുണ നല്‍കാന്‍ മടിക്കില്ലെന്നും അവര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ യാഥാര്‍ഥ്യമാവുന്നുവെങ്കില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവാനിടയില്ല. പിഡിപിയുടെ മുതിര്‍ന്ന നേതാവായിരിക്കും ആ സ്ഥാനം വഹിക്കുക. പരമ്പരാഗത രാഷ്ട്രീയ വൈരികളായ പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ഒന്നിക്കുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ ശക്തികളുടെ സുപ്രധാനമായ പുനരേകീകരണമാവും. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പിഡിപിക്ക് നാഷനല്‍ കോണ്‍ഫറന്‍സ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പിഡിപി അതു നിരസിച്ച് ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു. പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം നടപ്പാക്കിയത്. സര്‍ക്കാരിന്റെ പതനത്തിനു ശേഷം ലോ ണ്‍, അസംതൃപ്തരായ പിഡിപി തോക്കളെ സമീപിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss