|    Dec 11 Tue, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് മെയ്മാസത്തിനു മുമ്പ്‌

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ അടുത്തവര്‍ഷം മെയ് മാസത്തിനു മുമ്പായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്നെ ഇതുണ്ടാവുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
നാഷനല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ഇന്നലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം ഗവര്‍ണര്‍ സത്യപാല്‍ മാലിക് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കാനുണ്ടെന്നും ഇതിനുശേഷമേ കൃത്യമായ തിയ്യതി പ്രഖ്യാപിക്കാനാവൂ എന്നും റാവത്ത് പറഞ്ഞു. നിയമസഭ പിരിച്ചുവിട്ട് ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു റാവത്തിന്റെ പ്രതികരണം.
അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് ബദ്ധവൈരികളായ പിഡിപിക്ക് പിന്തുണ നല്‍കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ശ്രീനഗറില്‍ പറഞ്ഞു. ജമ്മുകശ്മീരിന്റെ അനിശ്ചിതത്വം തീര്‍ക്കാനാണ് പിന്തുണ. ജമ്മുകശ്മീരിനു വേണ്ടി പിഡിപിയുമായി യോജിക്കുകയെന്ന തീരുമാനം താനാണ് കൈക്കൊണ്ടതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
കുതിരക്കച്ചവടം തടയാനാണ് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതെന്ന കശ്മീര്‍ ഗവര്‍ണറുടെ വാദത്തെ ഉമര്‍ അബ്ദുല്ല രൂക്ഷമായി വിമര്‍ശിച്ചു. കുതിരക്കച്ചവടമെന്ന ആരോപണം സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരണം നല്‍കണം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ജനങ്ങള്‍ക്കു മുമ്പാകെ തെളിവു നല്‍കണമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss