|    Dec 11 Tue, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജമാല്‍ ഖഷഗ്ജി വധം: മുഹമ്മദ് ബിന്‍ സല്‍മാനെതിരേ തെളിവുമായി സിഐഎ റിപോര്‍ട്ട്‌

Published : 3rd December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ജമാല്‍ ഖഷഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഉപദേശകന് സന്ദേശങ്ങളയച്ചിരുന്നതായി സിഐഎ റിപോര്‍ട്ട്. ഒക്ടോബര്‍ രണ്ടിന് ഖഷഗ്ജി വധത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉപദേശകനുമായി കിരീടാവകാശി ബന്ധപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു.
ഖഷഗ്ജി വധം സംബന്ധിച്ച് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാവുന്ന വിരങ്ങള്‍ വെളിപ്പെടുത്തണമെന്ന് യുഎസിലെ പ്രതിപക്ഷ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിഐഎയുടെ അതീവ രഹസ്യ സ്വഭാവമുള്ള റിപോര്‍ട്ടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവിട്ടത്. കിരീടാവകാശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ സെനറ്റര്‍മാര്‍ ഉന്നയിച്ചിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശിക്ക് ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകളില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ വിശദമായി പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പോംപിയോ പറഞ്ഞു. എന്നാല്‍ ഖഷഗ്ജി വധവുമായി ബന്ധപ്പെട്ട സിഐഎ റിപോര്‍ട്ടുകള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണ് സൗദി അറേബ്യയെന്ന് പോംപിയോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഉപദേഷ്ടാവിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുരുങ്ങിയത് 11 സന്ദേശങ്ങള്‍ ഖഷഗ്ജി വധവുമായി ബന്ധപ്പെട്ട് അയച്ചതായി സിഐഎ റിപോര്‍ട്ടില്‍ പറയുന്നുണ്ട്്. ഖഷഗ്ജിയുടെ മരണത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സന്ദേശങ്ങളാണിവ. യുഎസില്‍ താമസമാക്കിയിരുന്ന ഖഷഗ്ജി വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്നു. ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിഷ് നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ശേഷമാണ് ഖഷഗ്ജി കൊല്ലപ്പെട്ടത്. ഖഷഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കിയോ ആസിഡില്‍ ലയിപ്പിച്ചോ നശിപ്പിച്ചുവെന്നാണു കരുതുന്നത്.
അതേസമയം ഖഷഗ്ജി വധത്തില്‍ പങ്കുള്ളതായി കരുതുന്നവരെ അന്വേഷണത്തിനായി വിട്ടുനല്‍കാന്‍ സൗദി തയ്യാറാവണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ജി 20 ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു ഉര്‍ദുഗാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസന്വേഷണവുമായി സഹകരിക്കാന്‍ സൗദി ഭരണകൂടം തയ്യാറാവുന്നില്ലെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss