|    Sep 21 Thu, 2017 12:23 pm
FLASH NEWS
Home   >  Kerala   >  

ജമാഅത്ത് പൊതുയോഗം: ഭീഷണിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് രാഹുല്‍ ഈശ്വരിനെ ഒഴിവാക്കി

Published : 9th September 2016 | Posted By: Navas Ali kn

441182-rahul-easwar

ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സമാധാനം മാനവികത കാംപയിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കി. രാഹുല്‍ ഈശ്വരിനെ പങ്കെടുപ്പിച്ചാല്‍ പരിപാടിക്കു നേരെ ആക്രമണമുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചെന്ന് പോലീസ് പറഞ്ഞു. തുറന്ന സ്ഥലത്ത് നിശ്ചയിച്ചിരുന്ന പരിപാടി ഹാളിനുള്ളിലേക്ക് സംഘാടകര്‍ക്ക് മാറ്റേണ്ടിയും വന്നു. സെപ്തംബര്‍ എട്ടിനായിരുന്നു ജമാഅത്തെ ഇസ്‌ലാമി സംവാദ സദസ് സംഘടിപ്പിച്ചത്. രാഹുല്‍ ഈശ്വറിനെ കൂടാതെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് വി എം സുലൈമാന്‍ മൗലവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നത്.
വൈകുന്നേരം നാലുമണിയോടെ എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനില്‍  പരിപാടി സംഘടിപ്പിക്കാനാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പായി  പോലീസ് എത്തി തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിന് ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും വേദി മാറ്റണമെന്നും സംഘാടകരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന്  പോലീസ് തന്നെ ഇടപെട്ട് സെന്റ്് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഹാളിലാണ് പരിപാടി നടത്തിയത്. സൗജന്യമായാണ് ഇതിന് ഹാള്‍ വിട്ടുകൊടുത്തതും. തുടര്‍ന്ന് ഐ ജി എസ് ശ്രീജിത്, സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ്, അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ തുടങ്ങി നിരവധി പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹവും ഒരുക്കി.  രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിച്ച് തുറന്ന വേദിയില്‍ പരിപാടി നടത്തുന്നതിന് എതിരെ ചില സംഘങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു എന്ന് മാത്രമാണ് പോലീസ് ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക