|    Jan 21 Sat, 2017 7:03 pm
FLASH NEWS

ജമാഅത്ത് നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി

Published : 5th September 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് ജമാഅത്ത് ഇസ്‌ലാമി നേതാവ് മിര്‍ ഖാസിം അലിയെ (67) തൂക്കിലേറ്റി. ധക്കയ്ക്കു സമീപം കാശിപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ യുദ്ധക്കുറ്റങ്ങളുടെ പേരിലായിരുന്നു ശിക്ഷിക്കപ്പെട്ടത്. വധശിക്ഷയ്‌ക്കെതിരേ മിര്‍ ഖാസിം അലി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. പ്രസിഡന്റിന്റെ ദയാഹരജിക്കായി ശ്രമിക്കാമെന്ന നിര്‍ദേശമുയര്‍ന്നിരുന്നെങ്കിലും മിര്‍ ഖാസിം അലി അതിനു തയ്യാറായില്ല. അന്താരാഷ്ട്ര യുദ്ധ കുറ്റകൃത്യ ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപീകരിച്ച കോടതി ജൂണ്‍ ആറിനാണ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്.
യുദ്ധക്കുറ്റമാരോപിച്ച് ശെയ്ഖ് ഹസീന സര്‍ക്കാരിന്റെ കാലത്തു തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ പ്രതിപക്ഷ നേതാവും നാലാമത്തെ ജമാഅത്ത് നേതാവുമാണ് മിര്‍ ഖാസിം അലി. വധശിക്ഷയില്‍ പ്രതിഷേധിച്ച് ജമാഅത്ത് ഇന്നു ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി രാജ്യത്തു സുരക്ഷ ശക്തമാക്കി.
1971ല്‍ ചിറ്റഗോങ് നഗരത്തില്‍ പാക് അനുകൂല സൈന്യത്തില്‍ കമാന്‍ഡറായിരുന്ന അലി പിന്നീട് റിയല്‍ എസ്റ്റേറ്റ്, കപ്പല്‍ വ്യവസായരംഗങ്ങളിലേക്കു തിരിഞ്ഞു. ജമാഅത്ത് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു. നേരത്തേ യുദ്ധ കുറ്റകൃത്യ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ആംനസ്റ്റി അടക്കമുള്ള ആഗോള മനുഷ്യാവകാശ കൂട്ടായ്മകള്‍ പ്രസ്താവിച്ചിരുന്നു.
ജമാഅത്ത് നേതാക്കള്‍ക്കെതിരായ ട്രൈബ്യൂണല്‍ വിധികളെത്തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തങ്ങളുടെ നേതാക്കളെ ഇല്ലായ്മചെയ്യുന്നതിനായാണു കോടതിയെ ഉപയോഗിക്കുന്നതെന്നു ജമാഅത്തെ ഇസ്‌ലാമിയും പ്രതിപക്ഷം ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും അഭിപ്രായപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക