|    Apr 20 Fri, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജഫ്‌രി വെടിവച്ചതാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കോടതി

Published : 19th June 2016 | Posted By: SMR

gulbarge

അഹ്മദാബാദ്: ഗുജറാത്ത് മുസ്‌ലിം വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൂട്ടക്കൊല നടത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് കൊല നടത്താന്‍ താല്‍പര്യമില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്‌രി വെടിവച്ചതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും കോടതി. കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് പ്രഖ്യാപിച്ച വിധിന്യായത്തിലാണ് പ്രത്യേക കോടതി ജഡ്ജി പി ബി ദേശായ് ഇക്കാര്യം പറയുന്നത്.
‘ജനക്കൂട്ടം’ കല്ലേറും തീവയ്പ്പും നടത്തിയെങ്കിലും കൊലപാതകത്തിനു തുനിഞ്ഞില്ല. ഗുല്‍ബര്‍ഗ് സൊസൈറ്റിക്കു പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും അക്രമികള്‍ നശിപ്പിച്ചു. ഈ സമയം ജഫ്‌രി വെടിവച്ചതോടെ ചിലര്‍ മരിക്കുകയും മറ്റുചിലര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരെ പ്രകോപിപ്പിച്ചത്. പിന്നീട് ‘ജനക്കൂട്ടം’ ന്യുനപക്ഷ സമുദായത്തില്‍പ്പെട്ട സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൊലപ്പെടുത്തുകയായിരുന്നു. പോലിസ് നിഷ്‌ക്രിയമായിരുന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ആയിരത്തിലധികം അക്രമികള്‍ എത്തുമ്പോള്‍ തന്റെ വീട്ടില്‍ അഭയം തേടിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജഫ്‌രിക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം എന്തുചെയ്യണമെന്നറിയാതെ നിശ്ചലനായി എന്നുമുള്ള ഇരകളുടെ മൊഴികള്‍ പാടേ അവഗണിച്ചാണ് കോടതിവിധി. അക്രമികള്‍ അദ്ദേഹത്തെ വലിച്ചഴച്ചു പുറത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു കത്തിക്കുകയായിരുന്നുവെന്നും സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ നിഷ്പക്ഷമല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ജഫ്‌രി വെടിവച്ചത് സ്വയംരക്ഷയ്ക്കു വേണ്ടിയാണെന്ന പ്രത്യേക അന്വേഷണ സംഘാംഗം ജെ എം സുതാറിന്റെ മൊഴിയും കോടതി തള്ളി.
അതേസമയം, കോടതി നിരീക്ഷണങ്ങള്‍ക്കെതിരേ ഇരകള്‍ രംഗത്തെത്തി. തന്റെ വീട് പൂര്‍ണമായും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തിരിക്കെ എങ്ങനെയാണ് പോലിസ് ആയുധം കണ്ടെത്തിയതെന്ന് ഇഹ്‌സാന്‍ ജഫ്‌രിയുടെ മകന്‍ തന്‍വീര്‍ ചോദിച്ചു. പിതാവ് വെടിവച്ചതിന് ഒരു സാക്ഷിപോലുമില്ല. നിരവധി മൃതദേഹങ്ങള്‍ ചാടിക്കടന്നാണ് താനും മാതാവും അന്ന് വീടിനു പുറത്തെത്തിയത്.
വിധി അപഹാസ്യം: എസ്ഡിപിഐ
ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ കോടതി വിധി ഇരകള്‍ക്ക് നീതി നല്‍കിയില്ലെന്ന് എസ്ഡിപിഐ. വിചാരണക്കോടതി വിധിയില്‍ നിരാശ രേഖപ്പെടുത്തുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ എ സഈദ് പ്രസ്താവനയില്‍ പറഞ്ഞു. നീതി വൈകുക മാത്രമല്ല, ഭാഗികമായ നീതി മാത്രമാണ് നല്‍കപ്പെട്ടിട്ടുള്ളത്.
കലാപങ്ങളിലെ പ്രതികളെ ശിക്ഷിക്കുന്നതില്‍ വരുന്ന കാലതാമസം നീതിന്യായത്തിലെ ജനങ്ങളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യൂവെന്നും ഇത് പലതരത്തില്‍ പ്രതികള്‍ക്ക് സഹായകമാവുന്നുണ്ടെന്നും സഈദ് ചൂണ്ടിക്കാട്ടി. ബിജെപി കൊലയാളികളെ പിന്തുണക്കുന്നത് തുടരുമെന്നാണ് സംഭവവികാസങ്ങള്‍ കാണിക്കുന്നതെന്നും ഇരകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ വേണ്ടി ഇതിനെ രാഷ്ട്രീയമായി ചെറുക്കേണ്ടതുണ്ടെന്നും എ സഈദ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss