|    Oct 23 Tue, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍

Published : 16th September 2017 | Posted By: fsq

 

സോള്‍: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈല്‍ വീണ്ടും. ഉത്തരകൊറിയന്‍ തലസ്ഥാനം പ്യോങ്‌യാങില്‍ നിന്ന് വിക്ഷേപിച്ച മിസൈലാണ് ജപ്പാന്‍ വ്യോമമേഖല കടന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചത്. ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 6.57ഓടെയാണ് മിസൈല്‍ വിക്ഷേപണമെന്ന് ജപ്പാന്‍ മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഷിദെ സുഗ് അറിയിച്ചു. ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോക്കു മുകളിലൂടെയായിരുന്നു മിസൈല്‍ സഞ്ചരിച്ചത്. ജപ്പാനിലെ നാല് ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നും കഴിഞ്ഞദിവസം ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ജപ്പാനു മുകളിലൂടെ മിസൈല്‍ അയച്ചത്. ഉത്തര പ്യോങ്‌യാങിലെ സുനാന്‍ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ 17 മിനിറ്റുകൊണ്ട്് 1200 മൈല്‍ സഞ്ചരിച്ചു. കഴിഞ്ഞമാസം 29നും ഹൊക്കായ്‌ദോ ദ്വീപിന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. മിസൈല്‍ പറന്നുയര്‍ന്ന ഉടന്‍ ജപ്പാനില്‍ ഉച്ചഭാഷിണിയിലൂടെയും എസ്എംഎസ് വഴിയും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടണമെന്നു ജാഗ്രതാനിര്‍ദേശം നല്‍കി. മിസൈല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 5000 കിലോമീറ്ററോളം ദൂരപരിധിയുള്ള ഗ്വാസോങ് 12 മിസൈലായിരുന്നു ഇതിനു മുമ്പ് ഉത്തരകൊറിയ പറത്തിയത്. ഉത്തരകൊറിയയുടെ നടപടിയില്‍ ജപ്പാന്‍ പ്രതിഷേധമറിയിച്ചു. ഉത്തരകൊറിയ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വെറുതെയിരിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ പ്രതികരിച്ചു. എന്തു പ്രതിസന്ധിയും നേരിടാന്‍ സജ്ജമാവണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉദ്യോഗസ്ഥ തലവന്‍ ജോണ്‍ കെല്ലിയും തമ്മില്‍ ചര്‍ച്ചനടത്തി. ഉത്തരകൊറിയക്കെതിരേ യുഎസ് അവതരിപ്പിച്ച ഉപരോധ പ്രമേയത്തിന് യുഎന്‍ രക്ഷാസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഈമാസം മൂന്നിന് ഉത്തരകൊറിയ നടത്തിയ ആറാമത് ആണവായുധ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഉപരോധത്തിന് യുഎസ് യുഎന്നില്‍ ആവശ്യമുന്നയിച്ചത്. അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് അപലപിച്ചു. അടുത്തവാരം ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss