|    Jul 18 Wed, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി

Published : 14th September 2017 | Posted By: fsq

 

അഹ്മദാബാദ്: ദ്വിദിന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കു വന്‍ വരവേല്‍പ്. ഭാര്യ അകി ആബെയോടൊപ്പം അഹ്മദാബാദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയെ പ്രോട്ടോകോള്‍ മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്നു തുറന്ന വാഹനത്തില്‍ സബര്‍മതി ആശ്രമം വരെയുള്ള എട്ടു കിലോമീറ്റര്‍, മോദിക്കൊപ്പം ആബെ നടത്തിയ റോഡ് ഷോ ചരിത്രമായി. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ചേര്‍ന്നു നടത്തുന്ന ആദ്യ റോഡ് ഷോ കാണാന്‍ നൂറുകണക്കിനു പേരാണ് റോഡരികില്‍ തടിച്ചുകൂടിയത്. സബര്‍മതി ആശ്രമത്തിലെത്തിയ ആബെയും ഭാര്യയും ഗാന്ധിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പ്രശസ്തമായ സീതി സയ്യിദ് നീ ജാലി മസ്ജിദ് സന്ദര്‍ശിച്ചു.അഹ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ആബെ എത്തിയതെങ്കിലും, ജപ്പാന്‍ സഹായത്തോടെ ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം ഉള്‍പ്പെടെ നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിക്കും. ഇരു രാജ്യങ്ങളും പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളിലും ഒപ്പുവയ്ക്കും. രണ്ടു ദിവസമാണു സന്ദര്‍ശനം. ജപ്പാനുമായുള്ള ബന്ധം ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്ന് ആബെയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മോദി ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്തരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ എതിരേറ്റത്. ഇതിനു പുറമെ ബുദ്ധസന്ന്യാസികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ആബെയെ സ്വീകരിക്കുന്നതിനായി പല നിറത്തിലുള്ള വര്‍ണവിളക്കുകള്‍ ഉപയോഗിച്ച് ഗാന്ധിനഗര്‍, അഹ്മദാബാദ് എന്നീ നഗരങ്ങള്‍ അലങ്കരിച്ചിരിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആബെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹ്മദാബാദില്‍ ഏര്‍പ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss