|    Dec 10 Mon, 2018 12:53 pm
FLASH NEWS

ജപ്പാന്‍ ജ്വരം ബാധിച്ച് സ്ത്രീ മരിച്ച സംഭവം; പ്രദേശം ഒരു മാസക്കാലം നിരീക്ഷണത്തില്‍

Published : 21st June 2018 | Posted By: kasim kzm

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് സ്ത്രീ മരിക്കാനിടയായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് ആരോഗ്യ ജാഗ്രത സമിതി പ്രത്യേക യോഗം തീരുമാനിച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെകെ ബാബു ഇതുവരെ ആരോഗ്യ വകുപ്പ് കൈകൊണ്ട നടപടികള്‍ വിശദീകരിച്ചു. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചില്‍ നിന്നും ജപ്പാന്‍ ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ച ഉടനെ തന്നെ സോണല്‍ എന്റമോളജി യൂണിറ്റിലെ കെ അഞ്ജു വിശ്വനാഥന്റെയും, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ഓഫീസര്‍ കെ പ്രകാശ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മരിച്ച കുഞ്ഞിപ്പാത്തുവിന്റെ വീടിന് പരിസരത്ത് നടത്തിയ പരിശോധനയില്‍ ജപ്പാന്‍ ജ്വരം പരത്തുന്ന ക്യൂലക്‌സ് കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് ചൊവ്വാഴ്ച മുതല്‍ നാനൂറിലധികം വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ കൊതുകിന്റെ ഉറവിട നശീകരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫോഗിങ്ങ് ഉള്‍പ്പടെ നടത്തി വരുന്നുണ്ട്. ബുധനാഴ്ച മുതല്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പ്രദേശത്തെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് പരിസര ശുചിത്വ ഉറപ്പു വരുത്തുകയും രണ്ട് തവണ കൂടി ഫോഗിങ്ങ് ഉള്‍പ്പടെ നടത്തുകയും ചെയ്തു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ സ്‌പ്രെയിങ്ങും ജൈവ കീടാണു നിക്ഷേപവും നടത്തും.
കൂടാതെ കൊതുകിന്റെ കൂത്താടികളെ കഴിച്ച് നശിപ്പിക്കുന്ന ചെറുമീനുകള്‍ വെള്ളക്കെട്ടിലേക്ക് നിക്ഷേപ്പിക്കാനും തീരുമാനിച്ചു. പ്രദേശത്തെ രോഗം പരത്താനുള്ള കൊതുകിന്റെ സാന്ദ്രത ബ്രിട്ടോ ഇന്‍ഡക്‌സ് അറുപത് ശതമാനത്തിന് മുകളില്‍ കടന്ന സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തും. അതേസമയം വരുന്ന രണ്ട് ആഴ്ച മറ്റാര്‍ക്കെങ്കിലും പനി ഉള്‍പ്പടെയുള്ള രോഗം ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. വരുന്ന ഒരു മാസക്കാലം നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനിച്ചു.
വീടും പരിസരവും കൊതുക് വളരുന്നതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കി ശുചീകരണ, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. 21,22 തിയ്യതികളില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും ആരോഗ്യ ജാഗ്രത സമിതിയുടെ യോഗം ചേരാനും, 23,24,25 തിയ്യതികളില്‍ ഗൃഹസന്ദര്‍ശനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ബാലന്‍, സെക്രട്ടറി കെ മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി ബാലന്‍, പി ഷൈമ, ആനന്ദവല്ലി, കെവി സത്യന്‍, പി ഗീത, പിടികെ രമ, പഞ്ചായത്ത് മെമമ്പര്‍മാര്‍, പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പാര്‍വ്വതി, ആയുര്‍വ്വേദ ഡോ. ശ്രുതി, ഹോമിയോ ഡോക്ടര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss