|    Jan 22 Sun, 2017 1:20 am
FLASH NEWS

ജപ്പാന്‍ കുടിവെള്ള പദ്ധതി: ജില്ലാപഞ്ചായത്ത് സമരത്തിലേക്ക്

Published : 30th December 2015 | Posted By: SMR

കോഴിക്കോട്: ജില്ലയിലെ 17 ഗ്രാമപ്പഞ്ചായത്തുകളിലെയും കോര്‍പറേഷനിലെയും ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ആവിഷ്‌കരിച്ച ജപ്പാന്‍ കുടിവെള്ളപദ്ധതി വര്‍ഷങ്ങളായിട്ടും നടപ്പാവാത്തതിനെതിരെ ജില്ലാപഞ്ചായത്ത് സമരത്തിലേക്ക്. അടുത്തമാസം 9, 10 തിയ്യതികളില്‍ മുഖ്യമന്ത്രിയുമായും ജലവിഭവ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് ശേഷവും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ഗ്രാമപ്പ ഞ്ചായത്തംഗങ്ങളെയടക്കം ഉള്‍പ്പെടുത്തിയ സമിതിയുണ്ടാക്കി സമരം ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന പ്രമേയവും ജില്ലാപഞ്ചായത്ത് യോഗം ഒറ്റക്കെട്ടായി പാസാക്കി.
കോര്‍പറേഷനില്‍ ഭാഗികമായി ജലവിതരണം ആരംഭിച്ചെങ്കിലും പരിസര പഞ്ചായത്തുകളില്‍ ജലവിതരണ പൈപ്പു പോലും സ്ഥാപിച്ചിട്ടില്ലെന്നു പ്രമേയം പറയുന്നു. എല്ലാ പഞ്ചായത്തിലും ടാങ്ക് നിര്‍മാണം കഴിഞ്ഞതിനാല്‍ പെരുവെണ്ണാമൂഴിയില്‍ നിന്നുള്ള ജലം എത്തിയിട്ടുണ്ട്. വേനല്‍ക്കാലം വരാനായിട്ടും അധികൃതര്‍ മറ്റുനടപടികള്‍ സ്വീകരിക്കുന്നില്ല. 500 രൂപ വരെ അടച്ചാണ് പലരും പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ജലവിതരണ പൈപ്പുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കുറ്റിയാടി കനാലിനെ നോക്കുകുത്തിയാക്കരുതെന്നാവശ്യപ്പെട്ട് കക്കോടി അംഗം താഴത്തയില്‍ ജുമൈലത്ത് അവതരിപ്പിച്ച പ്രമേയവും യോഗം ഒറ്റക്കെട്ടായി പാസാക്കി. 14568.70 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താന്‍ സാധിക്കുന്ന കുറ്റിയാടി കനാല്‍ അറ്റകുറ്റപ്പണി നടത്താതെ നാശത്തിന്റെ വക്കിലാണ്. 1962ല്‍ പ്രവൃത്തി ആരംഭിച്ച കുറ്റിയാടി ജലസേചന പദ്ധതിയിലെ ഭൂരിഭാഗം കനാലുകളും 1970ല്‍ നിര്‍മിച്ചവയാണ്. കനാലിന്റെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ ആവളപാണ്ടിയടക്കമുള്ള പ്രദേശങ്ങളിലെ കൃഷി നടക്കുകയുള്ളൂയെന്നു പ്രമേയം പറയുന്നു. ഈ പശ്ചാത്തലത്തില്‍ കുറ്റിയാടി കനാല്‍ ഉപയോഗ്യമാക്കാന്‍ സത്വര നടപടികളുണ്ടാവണമെന്നു പ്രമേയം ആവശ്യപ്പെട്ടു.
പച്ചക്കൃഷി രംഗത്ത് ജില്ലയെ സ്വയംപര്യാപ്തമാക്കാന്‍ നിലവിലുള്ള പദ്ധതി പുതുക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്തും കുടുംബശ്രീയും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പച്ചക്കറി കൃഷിയില്‍ താല്‍പര്യമുള്ള സംഘന—കള്‍ക്കും ക്ലബ്ബുകള്‍ക്കുമെല്ലാം വിത്തടക്കമുള്ള സഹായങ്ങള്‍ നല്‍കും. അടുത്തമാസം അവസാനത്തോടെ പദ്ധതി തുടങ്ങും.
ജില്ലാ ആശുപത്രി, വടകര ജില്ലാ ആയുര്‍വേദ ആശുപത്രി കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രി തുടങ്ങിയവയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആയുര്‍വേദ ആശുപത്രിയില്‍ ഉടന്‍ ഡീസല്‍ ജനറേറ്റര്‍ സ്ഥാപിക്കും. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട സമുച്ചയം ഉടന്‍ ഉദ്ഘാടനം ചെയ്യും. മോര്‍ച്ചറി ഉദ്ഘാടനം അടുത്തമാസമുണ്ടാവും.പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂനിറ്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കാക്കൂര്‍ പഞ്ചായത്തില്‍ വാങ്ങിയിട്ടുള്ള 5.82 ഏക്കര്‍ സ്ഥലത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ ശ്രദ്ധാഭവന്‍ സ്ഥാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക