|    Jul 28 Fri, 2017 2:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാനില്‍ 19 പേരെ കുത്തികൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍

Published : 27th July 2016 | Posted By: SMR

ടോക്കിയോ: ജപ്പാനില്‍ മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളെ മുന്‍ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. 19 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 25 പേര്‍ക്കു പരിക്കേറ്റു.
സഗാമിഹാര നഗരത്തിലുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. മുന്‍ ജീവനക്കാരന്‍ സതോഷി യുവേമാത്സു(26)വാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ കൊല്ലുമെന്ന് ഇയാള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന 470 പേരെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭയിലേക്കടക്കം ഇയാള്‍ സന്ദേശമയച്ചിരുന്നു. ഗുരുതരമായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ ദയാവധത്തിനു വിധേയമാക്കണമെന്നും ഇയാള്‍ കത്തില്‍ അഭിപ്രായപ്പെടുന്നു. കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചതായും വികലാംഗര്‍ എല്ലാം ഇല്ലാതാവണമെന്ന് ഇയാള്‍ പറഞ്ഞതായും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
18നും 70നും ഇടയില്‍ പ്രായമുള്ള 10 സ്ത്രീകളും ഒമ്പത് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണ്.  ഇന്നലെ പുലര്‍ച്ചെ 2.10ഓടെ സ്ഥാപനത്തിലെത്തിയ യുവേമാത്സു കെട്ടിടത്തിന്റെ ജനല്‍ചില്ല് പൊളിച്ച് അകത്തുകടക്കുകയും കൊലപാതകം നടത്തുകയുമായിരുന്നെന്ന് ജപ്പാന്റെ എന്‍എച്ച്‌കെ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ കഴുത്തില്‍ വെട്ടേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 1938ല്‍ ജപ്പാനില്‍ ഒരു യുവാവ് കോടാലിയും വാളും കൈത്തോക്കുമുപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1938ലേതിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് സമാനമായ ആക്രമണം നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക