|    Nov 21 Wed, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജപ്തി ഭീഷണിയില്‍ 160 വ്യവസായികള്‍

Published : 31st August 2018 | Posted By: kasim kzm

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കശുവണ്ടി വ്യവസായികള്‍ക്കെതിരായ ജപ്തി നടപടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഇന്ന് അവസാനിക്കുന്നതോടെ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിക്കും. 160 വ്യവസായികളാണ് ജപ്തി ഭീഷണി നേരിടുന്നത്. ആദ്യം കഴിഞ്ഞ മെയ് 31 വരെ ജപ്തി നടപടിക ള്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് ഈ കാലാവധി ഇന്നുവരെ നീട്ടുകയായിരുന്നു.
ഈ കാലയളവിനുള്ളില്‍ വ്യാപാരികള്‍ക്കായി പുനരുജ്ജീവന പാക്കേജ് തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നാലു തവണ ചര്‍ച്ചകള്‍ നടന്നതല്ലാതെ നടപടികളുണ്ടായില്ല. വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ പുനരുദ്ധാരണ റിപോര്‍ട്ട് സിഇപിസിഐ സര്‍ക്കാരിന് സമര്‍പ്പിച്ചതിലും തീരുമാനമായില്ല. മേഖലയിലെ പ്രതിസന്ധിക്കു പരിഹാരമാകും വരെ ജപ്തി പാടില്ലെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഉല്‍പാദനച്ചെലവ് വര്‍ധിച്ചതും കുറഞ്ഞ ഉല്‍പാദനക്ഷമതയുമാണ് സംസ്ഥാനത്ത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. 2015 മാര്‍ച്ചില്‍ 35 ശതമാനം വേതനവര്‍ധന കൂടി ആയതോടെ മിക്ക ഫാക്ടറികളും പ്രവര്‍ത്തനം നി ര്‍ത്തി. 700ഓളം ഫാക്ടറികള്‍ ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ്. ബാങ്ക് വായ്പയെടുത്ത 90ാളം ഫാക്ടറികള്‍ നിഷ്‌ക്രിയ ആസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിക്കുകയും ഇവയ്‌ക്കെതിരായ ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതും ജപ്തിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. എന്നാല്‍, ഇപ്പോള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച കമ്പനികളുടെ എണ്ണം 160 ആയി വര്‍ധിച്ചു. ഇതിനു പുറമേ 250ഓളം വ്യവസായികള്‍ ഇതിന്റെ വക്കിലുമാണ്.
സ്വകാര്യ മേഖലയില്‍ സംസ്ഥാനത്തെ 864 അംഗീകൃത ഫാക്ടറികളില്‍ പ്രവര്‍ത്തിക്കുന്നത് ചുരുക്കം മാത്രം. ചെറുകിട വ്യാപാരികള്‍ കടക്കെണിയില്‍പ്പെട്ട് ഉഴലുകയാണ്. മൂന്നു പേരാണ് ഇതിനകം കടക്കെണി കാരണം കൊല്ലത്ത് മാത്രം ആത്മഹത്യ ചെയ്തത്. അനവധി പേര്‍ ബാങ്കുകളുടെ ജപ്തി നടപടി നേരിടുന്നു. തോട്ടണ്ടിയുടെ ലഭ്യതക്കുറവും വര്‍ധിച്ച കൂലിയുമാണ് സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ പ്രതിസന്ധിക്കു മുഖ്യ കാരണമായി പറയുന്നത്. എന്നാല്‍, തോട്ടണ്ടിയുടെ ഇടനിലക്കാര്‍ വന്‍തോതില്‍ തോട്ടണ്ടി സംഭരിച്ചു മറിച്ചുവില്‍ക്കുന്നു. തോട്ടണ്ടിയുടെ വിലക്കയറ്റം മൂലം പല ഫാക്ടറി ഉടമകളും തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നില്ല.
മൊറട്ടോറിയത്തിനു പകരം സര്‍ഫാസി നിയമത്തിലുള്ള ഇളവാണ് വ്യവസായികള്‍ക്ക് ആവശ്യം. സര്‍ഫാസി നിയമം നിലനില്‍ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് ജപ്തി നടപടിയിലേക്ക് കടക്കേണ്ടിവരും. ഇങ്ങനെ ജപ്തി ചെയ്താല്‍ 10 കോടി രൂപ ആസ്തിയുള്ള വസ്തുക്കള്‍ക്ക് മൂന്നു കോടി രൂപയാണ് ബാങ്ക് വില നിശ്ചയിക്കുന്നത്. ഇത് വ്യവസായികളെ ആത്മഹത്യയിലേക്ക് തള്ളിനീക്കുമെന്ന് ഫെഡറേഷന്‍ ഓഫ് കാഷ്യൂ പ്രോസസേഴ്‌സ് ആന്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് സെക്രട്ടറി ഐ നിസാമുദ്ദീന്‍ പറഞ്ഞു.
വായ്പകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം യന്ത്രവല്‍ക്കരണത്തിനും മേഖലയുടെ പുനരുജ്ജീവനത്തിനുമായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യവും വ്യവസായികള്‍ ഉന്നയിക്കുന്നു. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്കു മുന്‍കൂര്‍ അടയ്ക്കുന്ന അഞ്ചു ശതമാനം ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ മടക്കിത്തരണമെന്നാണ് വെപ്പെങ്കിലും പാലിക്കുന്നില്ല.
വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം 10ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിനു മുന്നില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും കശുവണ്ടി വ്യവസായികളും തൊഴിലാളികളും ചേര്‍ന്ന സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss