|    Jun 21 Thu, 2018 5:55 pm
FLASH NEWS

ജനൗഷധിക്ക് സമാനമായ പേര് ഉപയോഗിച്ച് തട്ടിപ്പ്; ഏജന്‍സിക്ക് ആധികാരിക രേഖകളില്ലെന്നു പോലിസ്

Published : 25th January 2017 | Posted By: fsq

 

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു സമാനമായ പേരില്‍ സ്വകാര്യവ്യക്തി തൊടുപുഴയില്‍ ആരംഭിച്ച സ്ഥാപനത്തിന് മതിയായ രേഖകള്‍ ഹാജരാക്കാനായില്ലെന്നു പോലിസ്. ഇന്നലെ തൊടുപുഴ പോലിസ് സ്റ്റേഷനില്‍ എത്തിയ സ്ഥാപന ഉടമയാണ് രേഖകള്‍ സമര്‍പ്പിച്ചത്. ഫാര്‍മസി തുടങ്ങാനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും ഉദ്യോഗാര്‍ഥികളെ നിയമിക്കാനുള്ള ലൈസന്‍സ് സ്ഥാപനത്തിനില്ലെന്നു പോലിസ് പറഞ്ഞു. തുടര്‍ന്ന് തൊടുപുഴയില്‍ സ്ഥാപനം നടത്താന്‍ പാടില്ലെന്ന നിര്‍ദേശം പോലിസ് നല്‍കി. സംഭവത്തില്‍ ഇതുവരെ ഉദ്യോഗാര്‍ഥികളുടെ പക്കല്‍ നിന്നു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു. ഇപ്പോഴത്തെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപം സപ്ലെകോയുടെ മുകള്‍ നിലയിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം തിങ്കളാഴ്ച രാവിലെ പോലിസ് പൂട്ടുകയായിരുന്നു. ജോലിക്കായി പണമടച്ച ഉദ്യോഗാര്‍ഥികള്‍ പണം തിരികെ വാങ്ങാനായി വന്നതിനെ തുടര്‍ന്നായിരുന്നു പോലിസ് സ്ഥാപനം പൂട്ടിച്ചത്. സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന 2000ത്തോളം ഫാര്‍മസികളിലേക്കുള്ള നിയമനത്തിന് ഉദ്യോഗാര്‍ഥികളുടെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും ജന്‍ ഔഷധി എന്നീ പേരുകള്‍ക്ക് സാമ്യമായ രീതിയില്‍ നാഷനല്‍ വൂമണ്‍ ഹെല്‍ത്ത് മിഷന്‍, ജന ആരോഗ്യ എന്ന പേരിലാണ് സ്ഥാപനം നടത്തുന്നത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ കേന്ദ്രം എറണാകുളമാണ്. 2000 ഫാര്‍മസികള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സംസ്ഥാനത്ത് ഒരെണ്ണം പോലും തുടങ്ങിയിട്ടില്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ട്. സംസ്ഥാനത്ത് 2000 മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞു നിയമനത്തിന്റെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് തൊടുപുഴ പോലിസ് സ്വകാര്യ കമ്പനിയുടെ പരിശീലന ക്ലാസും രജിസ്‌ട്രേഷനും നടപടികളും നിര്‍ത്തിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളതാണെന്നും കേരളത്തില്‍ 2000 മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നുവെന്നാണ് സ്ഥാപനം പ്രചാരണം നടത്തുന്നത്. പ്രചാരണത്തിനായി നവ മാധ്യമങ്ങളും ഉപയോഗിച്ചു. സ്ഥാപനത്തിലേക്ക് മാനേജര്‍ ഉള്‍പ്പടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ക്ഷണിച്ചു. ആദ്യം 200 അടച്ച് രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ 2100 രൂപ കൂടി അടയ്ക്കണം. ഇതു കഴിഞ്ഞാല്‍ 60,000 രൂപ വരെ വേതനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തൊടുപുഴയില്‍ നൂറ്റമ്പതോളം പേരാണ് 200 രൂപ വീതം അടച്ചത്. എന്നാല്‍ ആര്‍ക്കും രസീത് നല്‍കിയില്ല. ഇതു ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നത്തില്‍ പോലിസ് ഇടപെട്ടത്. ഇന്നലെ രാവിലെ ബന്ധപ്പെട്ട എല്ലാ രേഖകളുമായി സ്റ്റേഷനില്‍ എത്തണമെന്നു പോലിസ് സ്ഥാപന ഉടമയോട് ആവശ്യപ്പെടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss