|    Apr 26 Wed, 2017 7:09 pm

ജന്‍മനാ വൈകല്യമുള്ള കുട്ടികളുടെ രജിസ്റ്റര്‍ തയ്യാറാക്കി ചികില്‍സ ലഭ്യമാക്കും

Published : 9th October 2016 | Posted By: SMR

കൊച്ചി: വൈകല്യവുമായി ജനിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ ചികില്‍സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊച്ചിയില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ (സിജികോണ്‍ 2016) 14ാമത് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശ്രവണ വൈകല്യം അടക്കമുളള  ജന്‍മനാലുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ചികില്‍സ ലഭ്യമാക്കും. ശ്രവണവൈകല്യം പരിഹരിക്കുന്നതിനായി നവജാത ശിശുക്കളുടെ പ്രത്യേക പരിശോധന നടത്തുന്നതിന് ജില്ലാതലത്തില്‍ ഇന്റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളടക്കം തിരഞ്ഞെടുത്ത 11 ആശുപത്രികള്‍വഴി കുട്ടികളിലെ ശ്രവണ വൈകല്യം കണ്ടെത്തുകയും ചികില്‍സ ലഭ്യമാക്കുകയും ചെയ്യും.
കോക്ലിയാര്‍ ഇംപ്ലാന്റിലെ ശസ്ത്രക്രിയ വിദഗ്ധരുടെ സേവനം കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കേള്‍വിശക്തി ലഭിക്കുന്നതിന് സഹായകരമായിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ ശ്രുതിതരംഗം പദ്ധതിക്കായി 31 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ഇതില്‍ 600ലധികം കുട്ടികള്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയമാക്കി.
നിരവധി കുട്ടികള്‍ ഇനിയും ശസ്ത്രക്രിയ നടത്തുന്നതിനായി കാത്തിരിക്കുന്നുണ്ട്. സാമൂഹിക സുരക്ഷാ മിഷനാണ് കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശസ്ത്രക്രിയക്കു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിങാണ്.
ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്‌കാരത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2030ഓടെ ലക്ഷ്യത്തിലെത്തുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.
ശിശുമരണ നിരക്ക്, ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി 19 വിദഗ്ധ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
ആരോഗ്യ പരിരക്ഷയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളെ വികേന്ദ്രീകൃതമായ ആസൂത്രണ പദ്ധതിയിലൂടെ കൈകാര്യം ചെയ്യുന്നതിന് ഇത്തരം കേന്ദ്രങ്ങളെ പ്രാപ്തമാക്കും. ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിന്റെ സുവനീര്‍ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. കോക്ലിയാര്‍ ഇംപ്ലാന്റ് ഗ്രൂപ്പ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ശങ്കര്‍ മെഡിക്കേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അമീത് കിഷോര്‍, ട്രഷറര്‍ അപൂര്‍വ കുമാര്‍, സിജികോണ്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, സംഘാടകസമിതി സെക്രട്ടറി ഡോ. മുഹമ്മദ് നൗഷാദ്  പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day