|    Feb 20 Mon, 2017 9:56 pm
FLASH NEWS

ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; പ്രതിമാസം പിന്‍വലിക്കാവുന്ന തുക 10,000

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉപഭോക്താവിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും(കെവൈസി) ബാങ്കുകളില്‍ നല്‍കിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരു മാസത്തില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 10,000 രൂപയായി നിശ്ചയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കി. അതേസമയം, കെവൈസി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് ഇനി മുതല്‍ പരമാവധി 5000 രൂപ മാത്രമെ പ്രതിമാസം പിന്‍വലിക്കാന്‍ സാധിക്കൂ.
നേരത്തേ ആഴ്ചയില്‍ 24000 രൂപവരെ പിന്‍വലിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഇനി കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ നിന്ന് 10,000 രൂപയ്ക്ക് മീതെ പിന്‍വലിക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ അനുവാദം നല്‍കുകയാണെങ്കില്‍ മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആകാവൂ എന്നും ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ തീരുമാനം സാധാരണക്കാരായ കര്‍ഷകരേയും ഗ്രാമീണ അക്കൗണ്ട് ഉടമകളേയും ബിനാമി പ്രോപ്പര്‍ട്ടി ഇടപാട്, പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷിക്കാനാണെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിമാരുടെ സമിതിയില്‍
അംഗമാവാനില്ലെന്ന് മണിക് സര്‍ക്കാര്‍
അഗര്‍ത്തല: നോട്ട് അസാധുവാക്കിയതിന്റെ ആഘാതത്തെക്കുറിച്ചും രാജ്യത്ത് കറന്‍സി രഹിത ഇടപാടുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും നിര്‍ദേശം സമര്‍പ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ സമിതിയില്‍ അംഗമാവാന്‍ താല്‍പര്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. നോട്ട് അസാധുവാക്കിയതിനെ പിന്തുണയ്ക്കാനാവില്ലെന്നും അതിനാല്‍ സമിതിയില്‍ അംഗമാവാനില്ലെന്നും മണിക് സര്‍ക്കാര്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ജെയ്റ്റ്‌ലി തിങ്കളാഴ്ച സമിതിയില്‍ അംഗമാവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മണിക് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് കേന്ദ്രം നോട്ട് അസാധുവാക്കിയതെന്നും പാവങ്ങളുള്‍പ്പെടെയുള്ള കോടിക്കണക്കിനു ജനങ്ങളെയാണ് ഈ നടപടി പെരുവഴിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മണിക് സര്‍ക്കാരിനെ കൂടാതെ ബിജെപിയും സഖ്യകക്ഷിയായ തെലുഗുദേശം നേതാവ് എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് പാട്ടീല്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക