|    Nov 18 Sun, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍

Published : 8th November 2018 | Posted By: kasim kzm

ബംഗളൂരു: കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ പോലിസ് അന്വേഷിക്കുന്ന ബെല്ലാരിയിലെ ഖനിരാജാവും കര്‍ണാടക മുന്‍മന്ത്രിയുമായ ജി ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍ പോയെന്ന് ബംഗളൂരു പോലിസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ അറിയിച്ചു. റെഡ്ഡിയുടെ അടുത്ത കൂട്ടാളി അലിഖാനെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് പദ്ധതിയില്‍ പങ്കാളിയായ അംബിഡന്റ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ സയ്യിദ് ഫരീദിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ അയാളുമായി അലിഖാന്‍ 20 കോടിയുടെ കരാര്‍ ഉറപ്പിച്ചുവെന്ന് പോലിസ് പറഞ്ഞു.
ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റെഡ്ഡിയുടെ വിശ്വസ്തന്‍ ശ്രീരാമുലുവിന്റെ സഹോദരിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജെ ശാന്ത പരാജയപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം. അതേസമയം, അന്വേഷണത്തിന് രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്ന് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ (ക്രൈം) അലോക് കുമാര്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസമായി പോലിസ് ഈ കേസ് പിന്തുടരുന്നുണ്ടെന്നും തുടര്‍നടപടിക്കായി തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കുകയാ—യിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജനാര്‍ദന്‍ റെഡ്ഡിയെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 2011ല്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കേസിനെക്കുറിച്ചോ റെഡ്ഡി എവിടെയാണെന്നോ തനിക്ക് അറിയില്ലെന്ന് ശ്രീരാമുലു പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കാമെന്ന് റെഡ്ഡി വാഗ്ദാനം നല്‍കിയതിനാലാണ് താന്‍ പണം നല്‍കിയതെന്ന് ഫരീദ് അവകാശപ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇടപാടില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവുണ്ടെങ്കില്‍ വെറുതെ വിടില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. ആകര്‍ഷകമായ വ്യവസ്ഥകളോടെ ആയിരക്കണക്കിന് ആളുകളില്‍ നിന്നു നിക്ഷേപങ്ങള്‍ സ്വീകരിച്ച് വഞ്ചിച്ചതിന് ഫരീദിന്റെ കമ്പനി ഇഡി റെയ്ഡ് ചെയ്തിരുന്നു. പോലിസ് അറസ്റ്റ് ചെയ്ത ഫരീദ് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. റെഡ്ഡിക്കെതിരേ പോലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss