|    Mar 20 Tue, 2018 3:37 pm
FLASH NEWS

വാക്‌സിനേഷന്‍ ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിവരുമോ?ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടേ വാക്‌സിനേഷന്‍

Published : 7th July 2016 | Posted By: Imthihan Abdulla

IMTHIHAN-SLUGമലപ്പുറം ജില്ലയിലും സമീപ പ്രദേശങ്ങളിലും ഡിഫ്തീരിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കേരളം ഭീതിയിലാണ്. ഓരോ ദിവസവും പുതിയ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മതിയായ കുത്തിവെപ്പുകള്‍ യഥാസമയം എടുക്കാത്തതാണ് നിര്‍മ്മാജ്ജനം ചെയ്യപ്പെട്ട ഡിഫ്തീരിയ പോലുളള രോഗങ്ങള്‍ വീണ്ടും വരുന്നതിന്റെ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും തീവ്രമായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എല്ലാം നല്ലത്. ജനങ്ങളുടെ ആരോഗ്യകാര്യത്തിലുളള സര്‍ക്കാരിന്റെ ശുഷ്‌കാന്തി അഭിനന്ദനീയം തന്നെ.
എന്നാല്‍ ഇതുസംബന്ധമായി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ പോസ്റ്റില്‍ വാക്‌സിനേഷനെതിരായി നടക്കുന്ന പ്രചാരണങ്ങളെ തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്ന നിലയില്‍ പൗരന്‍മാരുടെ ജീവനു ഭീഷണിയായ മാരകരോഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്,അതിനേക്കാളേറെ ബാധ്യതയുമുണ്ട്. എന്നാല്‍ ഇനിയും പൂര്‍ണമായി സംശയമുക്തമായിട്ടില്ലാത്ത പ്രതിരോധമരുന്നുകളെക്കുറിച്ചും അവക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന വാണിജ്യതാല്‍പര്യങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതികരിക്കാനും ആയത് പ്രചരിപ്പിക്കാനുമുളള അവകാശം നിഷേധിക്കുന്നത് ആരോഗ്യമുളള ഒരു ജനാധിപത്യസമൂഹത്തിനു ഭൂഷണമാണോ? ഇത്തരം വിഷയങ്ങളില്‍ ഭരണകൂടത്തിന്റേയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങളെ സംവാദവല്‍ക്കരിക്കാനുളള അവകാശം വിയോജിക്കുന്നവര്‍ക്കു നല്‍കേണ്ടതല്ലേ.
മുഖ്യമന്ത്രി പിണറായ ി വിജയനെ സംബന്ധിച്ചിടത്തോളം ജനാധിപത്യശൈലിക്കു നിരക്കാത്ത ഇത്തരം പ്രയോഗങ്ങള്‍ ഇതാദ്യത്തേതല്ലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ ഇതിലും കടുത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ദേശീയപാത 45 മീറ്ററായി തന്നെ വികസിപ്പിക്കുമെന്നും അക്കാര്യത്തിലിനി ചര്‍ച്ചയില്ലെന്നുമായിരുന്നു അന്ന് പിണറായി പറഞ്ഞത്. ലക്ഷക്കണക്കിനു ജനങ്ങളെ വഴിയാധാരമാക്കുന്ന, മതിയായ പുനരധിവാസ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിക്കപ്പെടാത്ത, ബിഒ ടി താല്‍പര്യങ്ങള്‍ ആരോപിക്കപ്പെടുന്ന ഒരു പദ്ധതിയെക്കുറിച്ച് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് പിണറായി പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ അതിരുകളില്ലാത്ത പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ഒരു ജനതക്കു മനസ്സില്‍ പിണറായി വെറും 45 സെ.മീറ്ററീലേക്കൊതുങ്ങുകയായിരുന്നു.
നമ്മള്‍ പറഞ്ഞുവന്നിരുന്നത് വാക്‌സിനേഷനെക്കുറിച്ചാണ്. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, വാക്‌സിനേഷന്‍ അത്യാവശ്യമാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലായിരിക്കാം. എന്നാല്‍ അപ്പോഴും വിയോജിക്കാനും ജനാധിപത്യ രീതിയില്‍ ബദല്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുമുളള സ്വാതന്ത്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ജനാധിപത്യാവകാശങ്ങള്‍ക്കും ഭാവിയില്‍ വാക്‌സിനേഷന്‍ വേണ്ടി വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss