|    Apr 26 Thu, 2018 8:26 pm
FLASH NEWS

ജനാധിപത്യത്തേയും മതേതരത്വത്തേയും എന്‍ഡിഎ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നു: എസ്ഡിപിഐ

Published : 8th October 2016 | Posted By: Abbasali tf

ഒറ്റപ്പാലം: രാജ്യത്തിന്റെ ജനാധിപത്യത്തേയും മതേതരത്വത്തേയും എന്‍ഡിഎ സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുകയാണന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര പറഞ്ഞു. മതേതരത്വം ഇന്ത്യയുടെ ജീവനാണ്, വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മള്‍ ഒന്നിക്കുക പ്രമേയമുയര്‍ത്തി ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച മതേതര ഇന്ത്യാ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതേതരത്വം പൗരന് അന്തസ്സോടെ ജീവിക്കാനും ചിന്തിക്കാനും മത സ്വാതന്ത്ര്യത്തിനും എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കുന്നു. ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്ത് നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭീതിയിലേക്കും ഇരുട്ടിലേക്കും തള്ളിവിടുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ആധിപത്യം നേടുന്നത്. ഭരണകൂടത്തിന്റെ പിന്‍ബലത്തിലും ആശിര്‍വാദത്താലും ഇത്തരം ശ്രമങ്ങള്‍ വ്യാപകമാവുകയാണ്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭയവും സുരക്ഷിതത്വ ബോധമില്ലായ്മയും സൃഷ്ടിച്ചിരിക്കുകയാണ്. ഉനയിലെ ദലിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഹരിയാനയിലെ ദലിതുകളെ ജീവനോടെ കത്തിച്ചത്, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൊലകള്‍, എന്‍ജിഒ കളുടെ നിരോധനം, ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെതുള്‍പ്പെടെ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളും രാജ്യവ്യാപകമായി നടക്കുന്ന വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളും തുടങ്ങി ജനമനസ്സുകളെ സാമുദായികമായി വിഭജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നു. മതേതരത്വത്തിന്റെ ഒരു തുരുത്തും രാജ്യത്ത് അവശേഷിപ്പിക്കില്ലായെന്ന പ്രഖ്യാപനവുമായാണ് ഹിന്ദുത്വ ശക്തികള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ പോലും വിദ്വേഷത്തിന്റെ രാഷ്ട്രീയം വിതച്ച് മുതലെടുപ്പ് നടത്താനുള്ള ആഹ്വാനമുയര്‍ത്തിയാണ് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമാപിച്ചത്. കേരളത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടി ശക്തമായ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. സഹോദരന്‍ അയ്യപ്പനും ശ്രീനാരായണ ഗുരുവും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന ശില്‍പികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. പൗരന്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ മുഴുവന്‍ മതേതര വിശ്വാസികളും യോജിച്ചുള്ള മുന്നേറ്റത്തിന് തയ്യാറാവണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ മതേതര ഘടന നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സാധിക്കുകയുള്ളൂ എന്ന സന്ദേശമാണ് കാംപയിനിലൂടെ എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ-കോഡിനേറ്റര്‍ സി എം നസീര്‍ കാംപയിന്‍ സന്ദേശം നല്‍കി. ജില്ലാ കണ്‍വീനര്‍ എം ഫാറൂഖ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി അബ്ബാസ് പാലക്കാട്, എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് റാഷിദ് കുറ്റിക്കോട്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം ലത്തീഫ് ദാരിമി, വുമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഷീദ അബൂബക്കര്‍ പ്രോഗ്രാം കണ്‍വീനര്‍ അബൂതാഹിര്‍, എസ്ഡിപി ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss