|    Jul 21 Sat, 2018 4:56 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജനാധിപത്യത്തില്‍ ദിനോസറുകള്‍!

Published : 9th August 2017 | Posted By: fsq

 

സി  കെ  ഫൈസല്‍

കോടതിയലക്ഷ്യവും പാര്‍ലമെന്റലക്ഷ്യവും ഈയിടെ വീണ്ടും ദേശീയ സംവാദത്തിനു വിധേയമായി. ജസ്റ്റിസ് സി എസ് കര്‍ണനെ സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചുവെന്നു മാത്രമല്ല, അദ്ദേഹം പറയുന്ന കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയുകയും ചെയ്തു. 1994ല്‍ പ്രമാദമായ ഓട്ടോ ശങ്കര്‍ കേസില്‍, ഒരു കൊടുംകുറ്റവാളിക്കു പോലും തന്റെ ഭാഗം പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്നു വിധിച്ച സുപ്രിംകോടതി തന്നെയാണ് ഇപ്പോള്‍ ഒരു ന്യായാധിപന് അഭിപ്രായപ്രകടനം നടത്താനും മാധ്യമങ്ങള്‍ക്ക് അതു റിപോര്‍ട്ട് ചെയ്യാനും ജനങ്ങള്‍ക്ക് അത് അറിയാനുമുള്ള അവകാശം നിഷേധിച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭ ഈയിടെ ഹായ് ബാംഗ്ലൂര്‍, യെലെഹങ്ക വോയ്‌സ് എന്നീ പത്രങ്ങളുടെ എഡിറ്റര്‍മാരായ രവി ബെലഗെറെ, അനില്‍രാജ് എന്നിവരെ ഒരു വര്‍ഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിക്കുകയുണ്ടായി. 2014ല്‍ രണ്ട് എംഎല്‍എമാര്‍, ഈ പത്രങ്ങള്‍ തങ്ങള്‍ക്കു ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന പരാതി നിയമസഭയുടെ പ്രിവിലേജസ് കമ്മിറ്റിക്കു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന്‍, തങ്ങള്‍ക്ക് ഹൈക്കോടതിക്കു തുല്യമായ സിവില്‍, ക്രിമിനല്‍ അലക്ഷ്യാധികാരം വേണമെന്ന നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിനു മുമ്പാകെ സമര്‍പ്പിക്കുകയുണ്ടായി. കോടതിയലക്ഷ്യവും പാര്‍ലമെന്റ് അലക്ഷ്യവും കോടതിയുടെയും നിയമനിര്‍മാണ സഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണ്; അല്ലാതെ, ജഡ്ജിമാരുടെയും നിയമസഭാ സാമാജികരുടെയും സല്‍പ്പേര് സംരക്ഷിക്കാനുള്ളതല്ല. സല്‍പ്പേര് സംരക്ഷിക്കാന്‍ സാധാരണ പൗരന്മാരെപ്പോലെ അവര്‍ക്കും സിവിലോ ക്രിമിനലോ ആയി മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാണ്. അലക്ഷ്യാധികാരം ഈ ലക്ഷ്യത്തിനായി പ്രയോഗിക്കുന്നത് അധികാര ദുര്‍വിനിയോഗം തന്നെയാണ്. ‘മൗനവും കര്‍ത്തവ്യത്തോടുള്ള സമര്‍പ്പണവുമാണ് വിമര്‍ശനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മറുപടി’ എന്ന അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജി ഫ്രാങ്ക്മര്‍ഫിയുടെ നിരീക്ഷണം നമ്മുടെ നീതിപീഠങ്ങള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും മാര്‍ഗദര്‍ശനമാവേണ്ടതുണ്ട്.കഴിഞ്ഞവര്‍ഷം സുപ്രിംകോടതി അതിന്റെ തന്നെ മുന്‍ ജഡ്ജിയായ മാര്‍ക്കണ്ഡേയ കട്ജുവിനെതിരേ, അദ്ദേഹം ഫേസ്ബുക്കില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍, കോടതിയലക്ഷ്യത്തിന് കേസെടുക്കു കയുണ്ടായി. 1971ലെ കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് ആക്ട് അനുസരിച്ച്, കോടതികളെ അപകീര്‍ത്തിപ്പെടുത്തുക എന്നത് ഇന്ത്യയില്‍ കുറ്റമായി നിലനില്‍ക്കുന്നു. എന്നാല്‍ എന്താണു നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ അന്യമായി ഇടപെടുന്ന അപകീര്‍ത്തിപ്പെടുത്തല്‍ എന്നത് ഈ നിയമം വ്യക്തമായി നിര്‍വചിക്കുന്നില്ല. 2006ല്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് സത്യം കോടതിയലക്ഷ്യ കേസുകളില്‍ ഒരു ന്യായീകരണമാണ്. എന്നാല്‍ പ്രതി നടത്തിയ പ്രസ്താവന പൊതുഗുണത്തിനു വേണ്ടിയാണ് എന്നുകൂടി സ്ഥാപിക്കേണ്ടതുണ്ട്. ഭരണഘടനയുടെ 129ഉം 215ഉം അനുച്ഛേദങ്ങള്‍ അനുസരിച്ച് സുപ്രിംകോടതിയും ഹൈക്കോടതികളും കോര്‍ട്ട് ഓഫ് റിക്കാര്‍ഡുകളാണ്. ആകയാല്‍ അവയ്ക്ക് അവയെ അലക്ഷ്യപ്പെടുത്തിയാല്‍ ശിക്ഷിക്കാനുള്ള സഹജമായ അധികാരമുണ്ട്.ഇംഗ്ലണ്ടില്‍നിന്നാണ് കോടതികളുടെ അലക്ഷ്യാധികാരം എന്ന ആശയം ഇന്ത്യ കടമെടുത്തത്. 1765ലെ റെക്‌സ് അല്‍മോന്‍ എന്ന കേസിലെ വിധിയില്‍നിന്നാണ് ഈ ആശയത്തിന്റെ തുടക്കം. അന്നത്തെ ചീഫ് ജസ്റ്റിസ് മന്‍സ്ഫീല്‍ഡ്, നിയമവിരുദ്ധമായും തത്ത്വദീക്ഷയില്ലാതെയും പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച ഒരു പ്രസാധകനെതിരേയാണ് ആദ്യമായി കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. ഈ കേസില്‍ ജസ്റ്റിസ് വില്‍മുട്ട് നിരീക്ഷിച്ചത്, ജഡ്ജിമാര്‍ നിയമവിരുദ്ധമായാണ് കേസുകള്‍ വിധിക്കുന്നത് എന്നു പ്രചരിപ്പിക്കപ്പെട്ടാല്‍ കോടതികളുടെ പ്രാമാണ്യം നഷ്ടപ്പെടുമെന്നാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ വളരെ വിരളമായി മാത്രമാണ് ഈ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. 1968ല്‍ ലോര്‍ഡ് ജസ്റ്റിസ് ഡെന്നിങ് പ്രസ്താവിച്ചത്, കോടതികളുടെ മഹത്വം സംരക്ഷിക്കാന്‍ കോടതിയലക്ഷ്യ നിയമത്തെ കൂട്ടുപിടിക്കരുത് എന്നായിരുന്നു. 1974ല്‍ ഫിലിമോര്‍ കമ്മിറ്റിയും സമാനമായ നിലപാടാണ് എടുത്തത്. ഇംഗ്ലണ്ടിലെ ജഡ്ജിമാര്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ വിജയകരമായി മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. 1992ല്‍ ജസ്റ്റിസ് പോപ്പ്ള്‍ വെല്‍, ടുഡേ പത്രത്തിനെതിരേ നടത്തിയ വിജയകരമായ മാനനഷ്ടക്കേസ് ഉദാഹരണം. 2013ല്‍ കോടതികളെ അപകീര്‍ത്തിപ്പെടുത്തുക എന്ന കുറ്റം തന്നെ ഇംഗ്ലണ്ട് എടുത്തുകളഞ്ഞു. അമേരിക്കയില്‍ കോടതിയലക്ഷ്യം എന്ന സങ്കല്‍പ്പം തന്നെയില്ല. ബ്രിഡ്ജസ് കാലഫോര്‍ണിയ (1941) കേസില്‍ അമേരിക്കന്‍ സുപ്രിംകോടതിയിലെ പ്രഗല്ഭനായ ന്യായാധിപന്‍ ഫെലിക്‌സ് ഫ്രാങ്ക്ഫുര്‍ട്ടര്‍, കോടതിയലക്ഷ്യത്തെ ‘ഒരു ബ്രിട്ടിഷ് മണ്ടത്തരം’ എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഈ ആശയം കടമെടുത്ത ഇന്ത്യയില്‍ 2007ല്‍ പോലും അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാളിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതി മിഡ്‌ഡേ പത്രത്തിന്റെ പ്രവര്‍ത്തകരെ ശിക്ഷിക്കുകയുണ്ടായി. ഇംഗ്ലണ്ടില്‍ രാജാവും പാര്‍ലമെന്റും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തിലുണ്ടായ ബില്‍ ഓഫ് റൈറ്റ്‌സി(1689)ല്‍ നിന്നാണ് പാര്‍ലമെന്ററി പ്രിവിലേജുകളുടെയും പാര്‍ലമെന്റലക്ഷ്യത്തിന്റെയും ആരംഭമുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയിലെ 105ഉം 194ഉം അനുച്ഛേദങ്ങള്‍ അനുസരിച്ചാണ് പാര്‍ലമെന്റിന് അലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം അടക്കമുള്ള പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ രണ്ട് അനുച്ഛേദങ്ങളും നിയമനിര്‍മാണ സഭകളുടെ പ്രത്യേകാധികാരങ്ങള്‍, നിയമനിര്‍മാണ സഭകള്‍ അവയെ നിര്‍വചിക്കും വരെ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിന്റേതിനു സമാനമായിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഇതേവരെ ഈ പ്രത്യേകാവകാശങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. പാര്‍ലമെന്റ് അലക്ഷ്യത്തിനു ശിക്ഷിക്കുന്നതിനുള്ള അധികാരം അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും നിര്‍വചിക്കപ്പെടാതെ കിടക്കുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റും ഇന്ത്യയിലെ നിയമനിര്‍മാണ സഭകളും തമ്മില്‍ മൗലികമായ വ്യത്യാസങ്ങളുണ്ട്. ബ്രിട്ടിഷ് പാര്‍ലമെന്റ് ഒരു പരമാധികാര സഭയാണ്. എന്നാല്‍ ഇന്ത്യയില്‍ പാര്‍ലമെന്റിനല്ല, ഭരണഘടനയ്ക്കാണ് പരമാധികാരം. ഇന്ത്യന്‍ ഭരണഘടനയാവട്ടെ, ഭരണകൂടത്തിന്റെ അധികാരം പരിമിതവും നിര്‍വചിതവും ആയിരിക്കണമെന്ന ഭരണഘടനാവാദത്തില്‍ (കോണ്‍സ്റ്റിറ്റിയൂഷനലിസം) അധിഷ്ഠിതവുമാണ്. ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ 2009 വരെ പരമോന്നത നീതിപീഠം കൂടിയായിരുന്നു. ഇന്ത്യയിലെ നിയമനിര്‍മാണ സഭകള്‍ക്ക് ഇത്തരം ജുഡീഷ്യല്‍ അധികാരങ്ങള്‍ ഒന്നുംതന്നെയില്ല. ആകയാല്‍ ഇന്ത്യയിലെ നിയമനിര്‍മാണ സഭകളുടെ അലക്ഷ്യാധികാരം നിയന്ത്രിക്കുകയോ എടുത്തുകളയുകയോ ചെയ്യേണ്ടതാണ്.അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്‍ പറഞ്ഞ ഒരു നര്‍മകഥയുണ്ട്: ഒരിക്കല്‍ ഒരു അമേരിക്കക്കാരന്‍ സോവിയറ്റ് റഷ്യക്കാരനോട് തന്റെ രാജ്യത്തെപ്പറ്റി ഇങ്ങനെ പൊങ്ങച്ചം പറഞ്ഞു: ”എനിക്ക് ഞങ്ങളുടെ പ്രസിഡന്റിന്റെ ഓഫിസില്‍ ചെന്ന് മേശയില്‍ അടിച്ച്, നിങ്ങള്‍ ശരിയായ രീതിയിലല്ല രാജ്യം ഭരിക്കുന്നത് എന്നു പറയാന്‍ കഴിയും. നിങ്ങള്‍ക്ക് അതിനു കഴിയുമോ?” റഷ്യക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു: ”തീര്‍ച്ചയായും, ക്രെംലിനില്‍ ചെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ മേശയില്‍ അടിച്ച് എനിക്ക് ഇങ്ങനെ പറയാം- അമേരിക്കന്‍ പ്രസിഡന്റ് ശരിയായ രീതിയിലല്ല രാജ്യം ഭരിക്കുന്നത്!” സോവിയറ്റ് യൂനിയന്‍ 74 വര്‍ഷമേ നിലനിന്നുള്ളൂ. അമേരിക്കയാവട്ടെ, 241 വര്‍ഷം പിന്നിട്ടിട്ടും നിലനില്‍ക്കുന്നു. ഈ ചരിത്രപ്രതിഭാസത്തിനു പിന്നില്‍ റീഗന്‍ പറഞ്ഞ നര്‍മകഥയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നു ചിന്തിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യ അമേരിക്കയുടെ മാതൃകയാണോ സോവിയറ്റ് യൂനിയന്റെ മാതൃകയാണോ സ്വീകരിക്കേണ്ടത് എന്ന് നമ്മുടെ ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും പര്യാലോചിക്കട്ടെ.കോടതിയലക്ഷ്യവും പാര്‍ലമെന്റലക്ഷ്യവും ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ കാലഗതിയുമായി യോജിക്കാതെ അതിജീവിക്കുന്ന രണ്ടു ദിനോസറുകളാണ്. ഇവയെ വംശനാശത്തിനു വിട്ടുകൊടുക്കുന്നതാണ് ഉചിതം. അല്ലാത്തപക്ഷം പൗരന്‍മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും ഭീഷണിയായ ഭീകരസ്വത്വങ്ങളായി ഇവ വിഹരിച്ചുകൊണ്ടിരിക്കും. ഇതൊട്ടും ആശാസ്യമല്ല; റിപബ്ലിക്കിന്റെ ആകാശത്തില്‍ ഫാഷിസത്തിന്റെ കരിമേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശേഷിച്ചും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss