|    Dec 19 Wed, 2018 6:24 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജനാധിപത്യത്തിന്റെ അപചയമാണ് വിഷയം

Published : 19th May 2018 | Posted By: kasim kzm

കര്‍ണാടകയില്‍ ഭൂരിപക്ഷം ആര്‍ക്കാണെന്ന് എംഎല്‍എമാര്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കട്ടെ എന്ന സുപ്രിംകോടതി വിധി തല്‍ക്കാലത്തേക്കെങ്കിലും സങ്കീര്‍ണമായ ഒരു സമസ്യക്ക് പരിഹാരമുണ്ടാക്കുമെന്നു കരുതാവുന്നതാണ്. പക്ഷേ, വോട്ടെടുപ്പില്‍ ആരു ജയിച്ചാലും ഗൗരവപ്പെട്ട ചില ഭരണഘടനാപ്രശ്‌നങ്ങള്‍ക്ക് കര്‍ണാടകയിലെ പ്രതിസന്ധി വഴിവച്ചിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആരെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് എന്ന കാര്യത്തില്‍ സര്‍ക്കാരിയാ കമ്മീഷന്റെ ചില മാനദണ്ഡങ്ങളുണ്ട്. 2002ലെ രാമേശ്വര്‍പ്രസാദ് കേസിലെ സുപ്രിംകോടതി വിധിയിലും ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഇവയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ബിജെപി ബന്ധമുള്ള ഗവര്‍ണര്‍ വാജുഭായി വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പരിഗണന നല്‍കി യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചത്. രാഷ്ട്രീയപ്രേരിതമായ ഈ നടപടിയുണ്ടാക്കിയ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ എങ്ങനെയാണു ബാധിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. ഇന്ത്യയുടെ നീതിന്യായചരിത്രത്തിലും ഇതൊരു ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളത്; ‘ചെകുത്താനും കടലിനുമിടയില്‍പ്പെട്ട’ കോടതി തല്‍ക്കാലത്തേക്ക് ഒരു രക്ഷാമാര്‍ഗം കണ്ടെത്തിയെങ്കിലും.
ഇന്നു വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഭൂരിപക്ഷ പരിശോധനയില്‍ ബിജെപിയോ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമോ ആരാണു കടന്നുകൂടുക എന്നു പറയാന്‍ വയ്യ. കര്‍ണാടകയുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുമ്പോള്‍ പണവും പദവിയും മറ്റും കണ്ടാല്‍ ഏതു ഭാഗത്തേക്കും ചായാവുന്നവരാണ് അവിടത്തെ എംഎല്‍എമാര്‍ എന്നു കരുതാനാണു ന്യായം; ബിജെപിക്ക് ഇത്തരം കുതിരക്കച്ചവടങ്ങള്‍ കുറ്റമറ്റരീതിയില്‍ ചെയ്യാനുള്ള ധനശേഷിയും തന്ത്രങ്ങളും അധികാരബലവുമൊക്കെയുണ്ടുതാനും. യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ അവരതു നടപ്പില്‍വരുത്തുകയും ചെയ്യും.
അതിനാല്‍ യെദ്യൂരപ്പ അധികാരം കൈപ്പിടിയിലൊതുക്കിയാല്‍ അദ്ഭുതപ്പെടാനില്ല. അതല്ല കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തന്നെയായിരിക്കുമോ വിജയിക്കുക എന്നും കണ്ടറിയണം. ഏതായാലും കുതിരക്കച്ചവടത്തിനുള്ള വഴിയാണ് ഒരുങ്ങിയിട്ടുള്ളത്. അന്തരീക്ഷം ബഹളമയമാവാനും സാധ്യതയുണ്ട്. ഏതു കാഴ്ചപ്പാടിലൂടെ നോക്കിയാലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരവസ്ഥയിലേക്കാണ് ഈ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ഗവര്‍ണര്‍ എന്ന ഭരണഘടനാപദവി എത്രത്തോളം ദുരുപയോഗപ്പെടുത്താന്‍ കഴിയും എന്നാണ് കര്‍ണാടകയില്‍ നാം കണ്ടത്. ഗവര്‍ണര്‍സ്ഥാനത്ത് രാഷ്ട്രീയക്കാരെ കുടിയിരുത്തുന്നതിന്റെ ദോഷകരമായ പരിണതിയാണിത്. കാലാകാലമായി ഇന്ത്യന്‍ രാഷ്ട്രീയം ഈ വിദ്യ പരീക്ഷിച്ചുപോരുന്നുണ്ട്. ജനാധിപത്യത്തിന്റെ അന്തസ്സ് കെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയം പിന്‍വാങ്ങാത്തിടത്തോളം കാലം ഒരുരൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ജനാധിപത്യത്തിന്റെ ഇത്തരം അപചയങ്ങള്‍ തുടരുക തന്നെ ചെയ്യും. കര്‍ണാടകയില്‍ കുമാരസ്വാമിയോ യെദ്യൂരപ്പയോ ആരാണു മുഖ്യമന്ത്രിയാവുക എന്നതല്ല പ്രസക്ത വിഷയം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss