|    Dec 13 Thu, 2018 9:50 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജനാധിപത്യത്തിനു യെദ്യൂരപ്പയുടെ സംഭാവന

Published : 20th May 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍
ജനാധിപത്യത്തിനു പഴയ നിര്‍വചനം ഭൂരിപക്ഷഹിതം എന്നായിരുന്നു. വോട്ടര്‍മാരില്‍ ഭൂരിപക്ഷ പിന്തുണയുള്ള കൂട്ടര്‍ ജയിക്കും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള കൂട്ടര്‍ ഭരിക്കും.
അതൊക്കെ പഴയ കഥ. ഇപ്പോള്‍ ജനാധിപത്യത്തിനു പുതിയ മുഖമാണ്; പുതിയ നിര്‍വചനവും. അതുപ്രകാരം ജയിക്കുന്നത് കൂടുതല്‍ പണവും ആയുധബലവും ഉള്ള കൂട്ടരായിരിക്കും. ഭരിക്കുന്നത് ഈ രണ്ടു സംഗതികളും ലോഭമില്ലാതെ എടുത്തുപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത കൂട്ടരായിരിക്കും.
ആ നിലയ്ക്കു നോക്കിയാല്‍ ജയിക്കേണ്ടതു തങ്ങള്‍ തന്നെ എന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ രാജ്യഭരണം നടത്തുന്ന ബഡായി ആശാനും മുഖ്യശിഷ്യന്‍ അമിട്ടു ഷാജിക്കും യാതൊരു സംശയവുമില്ല. പണത്തിനു പാര്‍ട്ടിക്ക് ഇപ്പോള്‍ യാതൊരു പഞ്ഞവുമില്ല. അംബാനിമാരും അദാനിമാരും മറ്റെല്ലാ കാശുകാരും സ്വന്തം കീശയിലാണ്. നീരവ് മോദിമാരും മെഹുല്‍ ചോക്‌സിമാരും ലളിത് മോദിമാരും നാട്ടിലും മറുനാട്ടിലുമായി കൂടെത്തന്നെയുണ്ട്. പിന്നെ നാട്ടിലുള്ള സകല പൊതുമേഖലാ ബാങ്കിലും കിടക്കുന്ന കോടിക്കണക്കിനു രൂപ എപ്പോള്‍ വേണമെങ്കിലും കുത്തിച്ചോര്‍ത്തിയെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്. കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുന്ന കാലത്തും ബാങ്കിലെ കാശ് അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചിരുന്നു. പക്ഷേ, അവര്‍ 10,000 കോടി എടുത്ത സ്ഥലത്ത് ഇപ്പോള്‍ അതിന്റെ മൂന്നിരട്ടിയാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അടിച്ചുമാറ്റുന്നത്. പിന്നെ കര്‍ണാടകയിലെ ബെല്ലാരി രാജാക്കന്മാരെപ്പോലുള്ള ഭക്തന്മാര്‍ വേറെയുമുണ്ട്. അതിനാല്‍ പണത്തിനു പഞ്ഞമില്ല.
ആയുധബലത്തിനും കുറവില്ല. നാഗ്പൂരില്‍ പ്രത്യേകം ട്രെയിനിങ് കൊടുത്ത കര്‍സേവകര്‍ എപ്പോഴും റെഡിയാണ്. ആരെ വെട്ടണം, ആരെ തട്ടണം എന്നു പറഞ്ഞാല്‍ മതി. നിമിഷങ്ങള്‍ക്കകം കാര്യം സാധിച്ചിരിക്കും. ഇനി ആളെ തട്ടിയെടുത്ത് മസ്തിഷ്‌ക പ്രക്ഷാളനമാണോ വേണ്ടത്, അതും നിമിഷാര്‍ധംകൊണ്ടു സാധിക്കും. അതുകൊണ്ടൊക്കെയാണ് അമിട്ടു ഷാജി ആദ്യമേ പറഞ്ഞത്, ഞങ്ങള്‍ ഭരിക്കും. തിരഞ്ഞെടുപ്പിനു മുമ്പ് സത്യപ്രതിജ്ഞയുടെ നേരവും നാളുംപോലും പുള്ളിക്കാരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു.
പറഞ്ഞതുപോലെത്തന്നെ നടക്കുകയും  ചെയ്തു. യെദ്യൂരപ്പ, ഷാജിയവര്‍കള്‍ നിശ്ചയിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ, ചെറിയൊരു കുഴപ്പം പറ്റി. മന്ത്രിസഭ എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുക എന്നതാണു പതിവു രീതി. ഇവിടെ യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയും മന്ത്രിസഭയും ഒക്കെ. മന്ത്രിസഭായോഗം എന്നു പറഞ്ഞാല്‍ യെദ്യൂരപ്പയും യെദ്യൂരപ്പയും ചേര്‍ന്നു നടത്തുന്ന മഹാസമ്മേളനം.
പക്ഷേ, അതൊക്കെ കൊച്ചുകാര്യങ്ങള്‍. പ്രധാന സംഗതി നേരത്തേ എന്തു വാക്കാണോ പറഞ്ഞത് അതു നടന്നിരിക്കുന്നു. പറയാത്തതും നടന്നു എന്നത് വേറെക്കാര്യം. തലയില്‍ മുണ്ടിട്ടു നടക്കാന്‍ യെദ്യൂരപ്പയ്ക്ക് മടിയൊന്നുമില്ല. രാഷ്ട്രീയപ്രവര്‍ത്തനം സന്ന്യസിക്കാനുള്ളതല്ല. വല്ലതും നാലുകാശിന്റെ ഗുണം നേടിയെടുക്കാനുള്ളതാണ്. അതിനാല്‍ തിരഞ്ഞെടുപ്പിനു നില്‍ക്കുന്നതു ഭരിക്കാനാണ്. അതിനു ജയിക്കണം എന്നാണ് പൊതുമര്യാദയെങ്കിലും ജയിച്ചില്ലെങ്കിലും ഭരിക്കാന്‍ റെഡി.
അതിനു കര്‍ണാടകയില്‍ നടത്തിയ നാടകങ്ങള്‍ അതിഗംഭീരമാണ്. തീര്‍ച്ചയായും പാര്‍ലമെന്ററി ജനാധിപത്യചരിത്രത്തില്‍ ഗംഭീരമായ പുതിയ നിരവധി അധ്യായങ്ങളാണ് അമിട്ടു ഷാജിയും കാര്യസ്ഥനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയും പരമ ജനസേവകനായ യെദ്യൂരപ്പയും കൂടിച്ചേര്‍ന്ന്് തയ്യാറാക്കിയത്.
പൊളിഞ്ഞുപോയെങ്കിലും കര്‍ണാടകയിലെ തട്ടുപൊളിപ്പന്‍ നാടകങ്ങള്‍ അടുത്തവര്‍ഷം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ കൂടിയാണ് എന്നു പൊതുജനം മനസ്സിലാക്കിക്കൊള്ളണം. അവിടെയും മല്‍സരിക്കുന്നതു ഭരിക്കാനാണ്. ജയിക്കാന്‍ ആവശ്യമായ വോട്ട് ജനം തന്നില്ലെങ്കില്‍ കാര്യം സാധിക്കാന്‍ എന്ത് കൈക്രിയയും പ്രയോഗിക്കാന്‍ പാര്‍ട്ടിക്ക് ഒരു മടിയും ഉണ്ടാവില്ല.
പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന മട്ടിലാണ് കര്‍ണാടകയിലെ നാടകങ്ങള്‍ അരങ്ങേറിയത് എന്ന്് ചില ദോഷൈകദൃക്കുകളും പറയുന്നുണ്ട്്. പശുവാദിപ്പാര്‍ട്ടിയുടെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചില്ല. ജയിക്കാന്‍ ആവശ്യത്തിന് വോട്ടും നല്‍കിയില്ല.
എന്നാല്‍, ലോക്‌സഭയിലെ തിരഞ്ഞെടുപ്പിനു മുമ്പ് പശുവാദികള്‍ക്കെതിരേ പ്രതിപക്ഷം ഒന്നിച്ചുവരുന്ന ലക്ഷണമാണു കാണുന്നത്. അവര്‍ തമ്മിലടിച്ചു ഭിന്നിച്ച് ഭരണം നമുക്കു തരും എന്ന പ്രതീക്ഷ വേണ്ട. കണ്ടില്ലേ, കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ദേവഗൗഡയും കീരിയും പാമ്പും പോലെയായിരുന്നു. യെദ്യൂരപ്പയുടെ പ്രയോഗം കഴിഞ്ഞപ്പോള്‍ അവര്‍ ഏകോദര സഹോദരന്മാരെപ്പോലെയായി.               ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss