|    Jan 16 Mon, 2017 4:48 pm

ജനാധിപത്യത്തിനുള്ള വധഭീഷണികള്‍

Published : 9th April 2016 | Posted By: SMR

slug-a-bമാധ്യമപ്രവര്‍ത്തനത്തിനു കേരളം സ്വര്‍ഗരാജ്യമാണെന്നാണു ചിരപുരാതന വയ്പ്. തരക്കേടില്ലാത്ത സ്വാതന്ത്ര്യവും സുരക്ഷയുമൊക്കെയുള്ള പ്രദേശം. സമരപ്രക്ഷോഭങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനിടെ പത്രലേഖകരും ഫോട്ടോഗ്രാഫര്‍മാരും ചില്ലറ തല്ലുകൊണ്ടെന്നുവരാം; സമരക്കാരുടെ അല്ലെങ്കില്‍ ലാത്തിക്കാരുടെ. യൂനിയന്‍ പ്രതിഷേധവും മന്ത്രിമാരുടെ ക്ഷമാപണവും കഴിച്ച് സംഗതി കെട്ടടങ്ങും. തല്ലുകിട്ടിയവരായി അവരുടെ പാടായി.
ഈ കാന്‍വാസിലാണ് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്ന വനിതാ ജേണലിസ്റ്റിന് പച്ചയായ വധഭീഷണി വരുന്നത്. ചാനല്‍ ചര്‍ച്ചയില്‍ ദുര്‍ഗയെ സംബന്ധിച്ച് ശ്രീമതി നടത്തിയ ചില ഫലിത പരാമര്‍ശങ്ങള്‍, അഥവാ ആക്ഷേപഹാസ്യസൂചനകള്‍ ഹിന്ദുദൈവങ്ങളുടെ പേറ്റന്റ് എടുത്തിരിക്കുന്ന നമ്മുടെ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് ചൊറിയുന്നു. എന്താണു പരാമര്‍ശമെന്നോ അതിന്റെ സാന്ദര്‍ഭികമായ സാംഗത്യമെന്തെന്നതോ അവര്‍ക്കു പ്രശ്‌നമല്ല. പിന്നെയല്ലേ പൗരന്മാരുടെ അഭിമതസ്വാതന്ത്ര്യം? തല്‍സമയ ചര്‍ച്ചയ്ക്ക് തല്‍സമയ പ്രതികരണം. സൈബര്‍ ചുരം വഴി തെറിയഭിഷേകം, വധഭീഷണി. ദോഷം പറയരുതല്ലോ ഇപ്പറഞ്ഞ രണ്ടു സാംസ്‌കാരികായുധങ്ങളുടെ പേറ്റന്റും ഇപ്പോള്‍ ഹിന്ദുത്വരാഷ്ട്രീയം ഏറെക്കുറേ കുത്തകയാക്കിവരുകയാണ്. അതിന്റെ തെളിവെന്നോണം, ഊരും പേരും ഫോണ്‍ നമ്പറും സഹിതമാണ് ഭീഷണി. ”നിന്നെ ഞങ്ങള്‍ തട്ടും. ഇതാ ഞങ്ങളുടെ മേല്‍വിലാസം. ചെയ്യാവുന്നത് ചെയ്‌തോ” എന്ന സരളമായ മാഫിയാലൈന്‍. ഈ ധീരദേശാഭിമാനികളിലെ തന്ത്രിമുഖ്യന്‍ ബിഎംഎസിന്റെ ജില്ലാ ഭാരവാഹി. നാടിന്റെ പലഭാഗങ്ങളില്‍നിന്നും പിന്നെ ഗള്‍ഫില്‍നിന്നുമായിട്ടാണ് സംഘടിത ഭീഷണിയുടെ സൈബര്‍ വിന്യാസം. പതിവുപോലെ പോലിസില്‍ പരാതി, പത്രക്കാരുടെ പ്രതിഷേധ വഴിപാട്, രാഷ്ട്രീയനേതാക്കളുടെ അനുശോചന വെടിക്കെട്ട് ഇത്യാദി അരങ്ങേറുന്നു. നിലവിലുള്ള ഐടി ചട്ടപ്രകാരം പേരിനൊരു കേസ് എടുക്കുന്നു. പ്രതികളില്‍ ചിലര്‍ സ്റ്റേഷനില്‍ ചെന്ന് ലോഹ്യപുരസരം കാര്യം തിരക്കുന്നു, ജാമ്യമെടുത്ത് മടങ്ങുന്നു.
ഒരാളെ വകവരുത്തുമെന്ന് ഒരുസംഘം ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാല്‍ നമ്മുടെ ക്രമസമാധാനപാലകര്‍ അവലംബിക്കുന്ന ഉത്തരാധുനിക ലൈന്‍ നോക്കുക. ഒന്നാമത്, ഭീഷണിക്ക് വ്യക്തവും മായ്ക്കാനാവാത്തതുമായ തെളിവു കിട്ടിക്കഴിഞ്ഞു. പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞുകഴിഞ്ഞു. അവരാരും സംഗതി നിഷേധിക്കുന്നില്ല. മാനസാന്തരം വന്ന് നിലപാട് മാറ്റിയതായി അറിയിച്ചിട്ടുമില്ല. ഭീഷണി സജീവമായി നിലനില്‍ക്കുന്നു എന്നര്‍ഥം. നിര്‍ദിഷ്ട ഘാതകര്‍ സ്വതന്ത്രരായി നാട്ടില്‍ വിഹരിക്കുകയും ചെയ്യുന്നു. ജാമ്യം എന്ന ഒറ്റക്കാരണത്താല്‍ പ്രതികളെല്ലാം നിയമഭീതിയോടെ അടങ്ങിക്കഴിഞ്ഞുകൊള്ളും എന്നു കരുതാന്‍ മാത്രം നമ്മളാരും പോലിസുകാരുമല്ല. എന്താണിവിടെ പൗരാവലിക്കുള്ള സന്ദേശം?
ഫോണോ ഫേസ്ബുക്കോ വഴി വധഭീഷണി മുഴക്കിയാല്‍ കൂടിപ്പോയാലുണ്ടാവുക ഒരു പെറ്റിക്കേസ്. ജാമ്യമെടുത്ത് കൂളായി പുറത്ത് വിലസാം. വിരട്ടേറ്റ കഥാപാത്രം കൂടുതല്‍ വിരണ്ടും പരാതിപ്പെട്ടും കാലം കഴിച്ചുകൊള്ളും. സംഘടിതശക്തി പിന്‍ബലത്തിനുള്ളപക്ഷം കേസുകെട്ട് ക്രമേണ കെട്ടടങ്ങും. സ്വന്തം അധികാരരാഷ്ട്രീയപ്രസ്ഥാനം അതിനുവേണ്ട ചരടുവലികള്‍ നടത്തിക്കൊള്ളും. ഒന്നുകില്‍ ഇരയുടെ സ്ഥാപനത്തോട് സന്ധിചെയ്യും. അല്ലെങ്കില്‍ കുടുംബത്തെ സ്വാധീനിച്ചു മയപ്പെടുത്തും. ഇര പണിചെയ്യുന്നത് മാധ്യമസ്ഥാപനത്തിലാണെങ്കില്‍ ഈ പണി എളുപ്പമാവും.
ഇരയാവുന്നവരുടെ കഥയോ? ശാശ്വതമായ ഭീതിയോടെ ജീവിതം തുടരാം. ആത്മാഭിമാനമുള്ളവരാണെങ്കില്‍ പേടിച്ചിട്ടില്ലാ എന്നു വരുത്താന്‍ കൃത്രിമ ധൈര്യം പ്രദര്‍ശിപ്പിക്കേണ്ടിവരും. മനസ്സാക്ഷിയോടെ പണിയെടുക്കുന്നവരെ സംബന്ധിച്ച് അതാണു വ്യക്തിപരമായി കൂടുതല്‍ ദാരുണം. ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് പ്രതികളെ കൂടുതല്‍ ശാക്തീകരിക്കുമ്പോള്‍ സമാന പ്രവൃത്തികള്‍ക്കു കൂടുതല്‍പേര്‍ക്ക് അത് വളമാവും. ഇമ്മാതിരി സാമൂഹികവിരുദ്ധരുടെ കുലം പെരുകുന്തോറും സിന്ധു സൂര്യകുമാര്‍മാരുടെ എണ്ണവും പെരുകും. കൈയിലുള്ള ഞെക്കുയന്ത്രത്തിന്റെ സ്വകാര്യതയില്‍ ആരെയും വിരല്‍ത്തുമ്പില്‍ ഇരയാക്കാമെന്ന നില കൈവരും. ഈ കേസ് തന്നെ ആ ഭവിഷ്യത്തിന്റെ സൂചന തരുന്നുണ്ട്. സിന്ധു സൂര്യകുമാറിനെ ഹിന്ദുത്വകിങ്കരന്മാര്‍ ഭീഷണിപ്പെടുത്തിയ വൃത്താന്തം പുറത്തുവന്നപ്പോള്‍ മേജര്‍ രവി എന്ന ഉരുപ്പടി അനുഷ്ഠിച്ച ദേശീയധര്‍മമോര്‍ക്കുക. തരംകിട്ടുന്നപക്ഷം ആളിന്റെ മുഖത്ത് തുപ്പുമെന്ന് തുറന്ന പ്രഖ്യാപനം. ഏഴാംകിട സിനിമാപ്പടം തട്ടിക്കൂട്ടുന്ന ഈ എക്‌സ്‌സര്‍വീസുകാരനെ സ്ഥാനത്തും അസ്ഥാനത്തും എഴുന്നള്ളിക്കുന്ന ടിവി ചാനലുകള്‍ തങ്ങളുടെ പ്രയോറിറ്റികല്‍പനയുടെ ബാലിശത ഇപ്പോഴും തിരിച്ചറിഞ്ഞ ലക്ഷണമില്ല. അവരുടെ ചെലവില്‍ ഇമ്മാതിരി ഉഡായിപ്പുകാര്‍ ഹീറോപ്പട്ടം കെട്ടി തുടര്‍ന്നും ഞെളിയും. അതല്ല പക്ഷേ, പ്രസക്തം. ഒരു സ്ത്രീയുടെ മുഖത്ത് തുപ്പും എന്നു പരസ്യമായി പ്രഖ്യാപിച്ചവനെ നിയമവ്യവസ്ഥിതി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സിന്ധുവിന്റെ പരാതിയില്‍ ഒരു എഫ്‌ഐആറിട്ടു എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും നാളിതുവരെ സംഭവിച്ചിട്ടില്ല. ഇതാണു സിനിമാക്കാരനു മുമ്പിലെ പോലിസ് കവാത്ത്. ടിയാന്‍
ഹിന്ദുത്വ കോറസിലാണെങ്കില്‍ പ്രത്യേകിച്ച് പറയാനുമില്ല. വെറുതെ പറയുന്നതല്ല, ബിജെപി ഭരണത്തിന്‍കീഴില്‍ ഇതിനൊക്കെ ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രത്യേക പാറ്റേണ്‍ കാണാം. വിയോജിപ്പുകളോടെന്നല്ല, ഫലിതത്തോടുവരെ ഹിന്ദുത്വരാഷ്ട്രീയത്തിന് ഇന്നൊരു സമീപനരേഖയുണ്ട്. ഉദാഹരണമായി, രാഘവ് ചോപ്ര എന്ന പത്രപ്രവര്‍ത്തകന്‍ അടുത്തിടെ ഒരു ട്വീറ്റിറക്കി. സൗദി സന്ദര്‍ശനത്തിനു പോയ നരേന്ദ്രമോദി ഒരറബി ഭരണാധികാരിയുടെ കാല്‍തൊട്ടുവന്ദിക്കാന്‍ കുനിയുന്ന പടം. ചുവടെ ചോപ്ര കുറിച്ചു: ”മോദിജി സൗദിയില്‍ ചെയ്യുന്നതെന്ത് എന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ? ഏതായാലും ഇക്കാണുന്നതാവാന്‍ (ചിത്രത്തിലുള്ളത്) തരമില്ല.”
ലേശം ചിരിയൂറുമെന്നല്ലാതെ ഈ ട്വീറ്റില്‍ പ്രധാനമന്ത്രിക്കോ രാജ്യത്തിനോ അപകീര്‍ത്തികരമായി വല്ലതുമുണ്ടെന്നു സാമാന്യബോധമുള്ള ആര്‍ക്കും തോന്നില്ല. എന്നാല്‍, നമ്മുടെ വാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തിന്റെ ബോധം അത്രകണ്ട് സാമാന്യമല്ല. ചോപ്രയുടെ പ്രവൃത്തിയില്‍ നിയമലംഘനമുണ്ടോ എന്നു പരിശോധിക്കാന്‍ വകുപ്പുമന്ത്രി ഉത്തരവിട്ടിരിക്കുന്നു. എന്നുവച്ചാല്‍ മോദി കുനിയുന്ന പടം ഒരറബി വേഷമുള്ള പടവുമായി കൂട്ടിത്തുന്നിയതാണ്. അതു കുറ്റകൃത്യമാണെന്നാണ് മന്ത്രിപക്ഷം. ഫലിതം പ്രചരിപ്പിച്ച പത്രക്കാരനെ സൈബര്‍ ക്രൈമിന് അകത്താക്കുമെന്നു വ്യക്തം. ജെഎന്‍യുവിലെ പിള്ളേരുടെ പ്രസംഗവീഡിയോ കൃത്രിമമായി മാറ്റിപ്പണിഞ്ഞ് കലാപമുണ്ടാക്കാന്‍ ഉദ്യമിച്ച ദേശാഭിമാന ചാനലുകളെ കണ്ടഭാവം വയ്ക്കാത്ത ഭരണസംഘമാണ് ഈ ഫലിതോച്ചാടനയത്‌നം നടത്തുന്നതെന്നോര്‍ക്കണം.
സമഗ്രാധിപത്യ പ്രത്യയശാസ്ത്രം ചുവയ്ക്കുന്ന ഭരണകൂടങ്ങളുടെ വാഴ്ചക്കാലത്ത് പൗരസ്വാതന്ത്ര്യത്തിന്റെ അളവുകോലുകളില്‍ ഏറ്റവും മികച്ചത് ആക്ഷേപഹാസ്യമാണെന്ന് ചരിത്രത്തിലുടനീളം തെളിഞ്ഞിട്ടുള്ളതാണ്. അധികാരശക്തികളെ പരിഹസിക്കാനുള്ള പൗരന്റെ അവകാശമാണത്. ടി ചിരിയവകാശത്തെ ചങ്ങലയ്ക്കിടാന്‍ അത്തരം ഭരണകൂടങ്ങള്‍ വെമ്പും. ആ നീക്കമാവട്ടെ കൂടുതല്‍ ആക്ഷേപഹാസ്യത്തിനും ഫലിതാക്രമണത്തിനും വഴിയൊരുക്കും എന്നതാണു ചരിത്രം. മോദിഭക്ത ഭാരതം കൂടുതല്‍ കേസുകള്‍ എടുക്കുന്തോറും മോദി കൂടുതല്‍ പരിഹസിക്കപ്പെടുമെന്നു ഫലിതസാരം.
ജാദവ്പൂരില്‍നിന്നു മാലിനി സുബ്രഹ്മണ്യം എന്ന പത്രപ്രവര്‍ത്തകയെ കഴിഞ്ഞമാസം വീടാക്രമിച്ച് പലായനം ചെയ്യിച്ചത് പോലിസുകാരുടെ ബിനാമി ഗുണ്ടാപ്പടയാണ്-ഏക്താ മഞ്ച്. ബസ്തറില്‍ പോയ ദേശീയ എഡിറ്റേഴ്‌സ് ഗില്‍ഡ് കഴിഞ്ഞവാരം പുറത്തിറക്കിയ അന്വേഷണ റിപോര്‍ട്ട് നോക്കുക. രണ്ടു പത്രലേഖകര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ ദേശദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്നു. ഒരൊറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കും പേടികൂടാതെ പണിയെടുക്കാന്‍ കഴിയുന്നില്ല. സകലരുടെയും ഫോണുകള്‍ സദാ നിരീക്ഷണവലയില്‍.
മാധ്യമപ്രവര്‍ത്തനത്തെ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ കണക്കാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിശൈലിയാണ് ഈ കേസുകളിലൂടെ തെളിഞ്ഞുവരുന്നത്. സ്വാതന്ത്ര്യത്തിനുള്ള ഭീഷണി ഇതാദ്യമൊന്നുമല്ല. പക്ഷേ, അതിന്റെ ഇംഗിതം പണ്ടത്തേതില്‍നിന്ന് ലേശം വ്യത്യസ്തമായിരിക്കുന്നു. വിമതശബ്ദങ്ങളും സ്വതന്ത്ര വിലയിരുത്തലും അടിച്ചൊതുക്കുക മാത്രമല്ല ഉന്നം, വ്യത്യസ്ത ചിന്തയെ തന്നെ ഇല്ലാതാക്കലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക