|    Nov 14 Wed, 2018 10:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജനാധിപത്യം നേരിടുന്ന പ്രതിസന്ധി

Published : 27th June 2018 | Posted By: kasim kzm

അഡ്വ.  പാവുമ്പ  സഹദേവന്‍
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും ഇന്ന് അപകടകരമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന തിരുത്തിയെഴുതണമെന്ന് ഒരു കേന്ദ്രമന്ത്രി പോലും തുറന്നു പ്രഖ്യാപിക്കുന്ന പ്രതിസന്ധിയെയാണ് നാം അഭിമുഖീകരിക്കുന്നത്. ഇന്ത്യന്‍ മതേതര-ജനാധിപത്യ ജീവിതസമ്പ്രദായവും ഭരണഘടനയും അട്ടിമറിക്കപ്പെടുമോ എന്ന ഭയാനകമായ സാമൂഹിക-രാഷ്ട്രീയാവസ്ഥയിലാണ് നാം ജീവിക്കുന്നത്.
കാവിവല്‍ക്കരണവും ബ്രാഹ്മണാധിപത്യവല്‍ക്കരണവും ജീവിതത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണഘടന നിലവില്‍ കൊണ്ടുവന്നതും വാഗ്ദാനം ചെയ്തിരുന്നതുമായ എല്ലാവിധ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളെയും സാംസ്‌കാരിക വികാസത്തെയും കേന്ദ്ര സര്‍ക്കാരും ഹൈന്ദവ ഫാഷിസ്റ്റ് സംഘടനകളും കൂടി തല്ലിത്തകര്‍ത്തുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യ ഭരണഘടനയുടെ ആധാരശിലകളായ ജീവിക്കാനുള്ള അവകാശത്തെയും (ആര്‍ട്ടിക്കിള്‍ 21) വ്യക്തിസ്വാതന്ത്ര്യത്തെയും (ആര്‍ട്ടിക്കിള്‍ 19) മറ്റു പൗരാവകാശങ്ങളെയും ആള്‍ക്കൂട്ട ഫാഷിസം കടന്നാക്രമിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടം അതിനു നേരെ മൗനം ഭജിക്കുകയും പലപ്പോഴും അതിനെല്ലാം ഒത്താശ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരാവേണ്ട ഭരണകൂടം പരോക്ഷമായി അത്തരം ആക്രമണത്തിനു പിന്തുണ നല്‍കുമ്പോള്‍ ജനതയാകെ നിസ്സഹായരും ബലിയാടുകളുമാവുകയാണ്.
സമൂഹം ആഗോള സിവില്‍ സമൂഹക്രമത്തിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയുടെ സിവില്‍ സമൂഹജീവിതം പ്രാകൃതമായ ഗോമാതാവ് സങ്കല്‍പത്തിലും കിരാതമായ ജാതി-മതാന്ധകാരത്തിലും വിചിത്രമായ ആചാരാനുഷ്ഠാനങ്ങളിലും നിഗൂഢമായ താന്ത്രിക-മാന്ത്രികവിദ്യകളിലും മാനം കാക്കല്‍ കൊലപാതകങ്ങളിലും കുടുങ്ങിക്കിടക്കുന്നു. പശുവിന്റെ രാഷ്ട്രീയവും ‘ഗോമാതാവ്’ എന്ന കാടന്‍ മുദ്രാവാക്യവും ഇപ്പോള്‍ ജീവിക്കാന്‍ പാടുപെടുന്ന ദലിതരെയും മുസ്‌ലിംകളെയും കൊലക്കത്തിക്ക് ഇരയാക്കുന്ന അപകടകരമായ ഹൈന്ദവ ഫാഷിസത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.
പശുവില്‍ നിന്നു ലഭിക്കുന്ന യഥാര്‍ഥ നേട്ടത്തിനപ്പുറത്തേക്ക് അതിനെ ഒരു മിത്തും ലെജന്‍ഡുമാക്കി മാറ്റിത്തീര്‍ക്കാനുള്ള സംഘപരിവാര സംഘടനകളുടെ ആസൂത്രിതമായ നീക്കങ്ങള്‍ രാജ്യത്ത് അതീവ ഗുരുതരമായ സാഹചര്യം കൊണ്ടുവന്നിരിക്കുന്നു. ചത്ത പശുവിന്റെ തോലുരിച്ചെടുത്ത് അത് ഊറയ്ക്കിട്ടു വിറ്റ് ഉപജീവനം കഴിക്കാന്‍ പോലും അനുവദിക്കാത്ത ബിജെപി-സംഘപരിവാര പ്രവര്‍ത്തകരെ നാം എന്തിനോടാണ് ഉപമിക്കേണ്ടത്?
ഇന്ത്യയിലെ വ്യത്യസ്ത ജാതിമതക്കാര്‍ നൂറ്റാണ്ടുകളായി കൂട്ടായി ജീവിച്ചു കെട്ടിപ്പടുത്തുകൊണ്ടുവന്ന മതേതര-ജനാധിപത്യ സംസ്‌കൃതിയും പാരമ്പര്യവും  ബിജെപി-സംഘപരിവാര സംഘടനകളാല്‍ ചോദ്യംചെയ്യപ്പെടുകയാണ്. ദശകങ്ങളായി ചോരയും വിയര്‍പ്പും നല്‍കി കെട്ടിപ്പടുത്തുകൊണ്ടുവന്ന സോഷ്യലിസ്റ്റ് പൊതുമേഖല മുഴുവന്‍ ലേലം ചെയ്തു വിറ്റു കാശാക്കി കമ്മീഷന്‍ പറ്റുന്ന കേന്ദ്ര ഭരണകൂടവും ഭരണവര്‍ഗ പാര്‍ട്ടിയുമാണ് ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ദുര്യോഗം.
നമ്മുടെ സര്‍വകലാശാലാ വിദ്യാഭ്യാസ മേഖലകളെയും മുഖ്യധാരാ പത്ര-ദൃശ്യമാധ്യമ മേഖലകളെയും പരമോന്നത നീതിപീഠത്തെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും വിലയ്‌ക്കെടുക്കുകയും ചെയ്യുന്ന കോര്‍പറേറ്റ് മുതലാളിത്ത ഭരണകൂടത്തിലെ ഹൈന്ദവ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും നീതിന്യായ നിയമവ്യവസ്ഥയെയും കടപുഴക്കിയിരിക്കുകയാണ്. സാമ്പത്തിക-രാഷ്ട്രീയ നയരൂപീകരണങ്ങളിലും വിദ്യാഭ്യാസ-വ്യവസായ-നിയമനിര്‍മാണ രൂപീകരണങ്ങളിലും ക്ഷേമരാഷ്ട്ര സങ്കല്‍പം ലക്ഷ്യംവച്ച് നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സ്റ്റേറ്റ് നയത്തിന്റെ നിര്‍ദേശക തത്ത്വങ്ങള്‍ (ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി) മോദി സര്‍ക്കാര്‍ ഇതിനകം കാറ്റില്‍പ്പറത്തിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം നവഹൈന്ദവ ഫാഷിസ്റ്റ്‌വല്‍ക്കരണത്തിനു കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മോദി സര്‍ക്കാര്‍ അതിനൊക്കെ കൂച്ചുവിലങ്ങിട്ടുകൊണ്ട് കലയെയും സാഹിത്യത്തെയും സിനിമയെയും നിരോധിക്കാന്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു. എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയ പത്രപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഹൈന്ദവ ഫാഷിസ്റ്റ് ശക്തികള്‍ വെടിവച്ചുകൊന്നിരിക്കുന്നു. സമീപകാലത്ത് ഗുജറാത്തില്‍ 900ലധികം സാഹിത്യകാരന്‍മാരാണ് ഹൈന്ദവ സാംസ്‌കാരിക ഫാഷിസത്തിനെതിരേ ചടുലമായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് തെരുവിലിറങ്ങി മാര്‍ച്ച് നടത്തിയത്.
വ്യാജ ഏറ്റുമുട്ടലുകളും ലോക്കപ്പ് മര്‍ദനങ്ങളും കൊലപാതകങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഹൈന്ദവ ഫാഷിസ്റ്റ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖമുദ്രയായിരിക്കുന്നതിനുള്ള തെളിവുകള്‍ ഒട്ടേറെ പുറത്തുവന്നിരിക്കുന്നു. ജാതി-മതവികാരങ്ങള്‍ കുത്തിപ്പൊക്കി രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ വെടിപ്പുക സൃഷ്ടിച്ച് അതിന്റെ മറവില്‍ കോര്‍പറേറ്റ് അജണ്ട നടപ്പാക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. അതുവഴി ജനങ്ങള്‍ നേരിടുന്ന സമൂര്‍ത്തമായ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെടാതെ പോകാന്‍ കഴിയുമല്ലോ.
അച്ഛാ ദിന്‍, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍, വര്‍ഷാവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍, പുതിയ ലോക്പാല്‍ ബില്ല്, ശുചിത്വ ഭാരത്, വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം എല്ലാ ജനങ്ങളുടെയും അക്കൗണ്ടില്‍ എത്തിക്കല്‍- ഇങ്ങനെ എന്തെല്ലാം മോഹന സുന്ദര വാഗ്ദാനങ്ങളാണ് മോദി ജനങ്ങള്‍ക്കു നല്‍കിയത്! ദേശീയ വളര്‍ച്ച കുറഞ്ഞതായാണ് യഥാര്‍ഥ കണക്ക്. റിസര്‍വ് ബാങ്കിനെ കോമാളിയാക്കാനും വിവരാവകാശ രേഖകള്‍ തടഞ്ഞുവയ്ക്കാനും കോര്‍പറേറ്റുകളുടെ കിട്ടാക്കടം 85,000 കോടിയാക്കിയതും വിദേശ രാജ്യങ്ങളില്‍ തനിക്കു കറങ്ങിയടിക്കാന്‍ 320 കോടി രൂപ ചെലവഴിച്ചതുമല്ലാതെ, ഇന്ത്യയിലെ ദരിദ്രനാരായണന്‍മാര്‍ക്കു വേണ്ടി എന്തു ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് മോദിക്ക് തന്റെ ഭരണകാലത്തു കഴിഞ്ഞത്? ശിവജിയുടെ പ്രതിമാ നിര്‍മാണത്തിന് എന്തിനാണ് 3600 കോടി? പട്ടേല്‍ പ്രതിമയ്ക്ക് 300 കോടിയോ? ദൈവമേ! ഇങ്ങനെ പോയാല്‍ ഈ രാജ്യം എവിടെ ചെന്നു നില്‍ക്കും!
ഒരു ന്യായാധിപന്റെ കൊലപാതകത്തിന് (ജസ്റ്റിസ് ലോയ) ഗൂഢാലോചന നടത്തിയെന്ന് ആരോപണവിധേയനായ ആള്‍ പ്രധാനമന്ത്രിയുടെ വലംകൈയായ അമിത്ഷാ ആണെന്ന വിവരം രാജ്യത്തെയാകെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ന്യായാധിപന്റെ കൊലപാതകത്തിന് ഉത്തരവാദിയാരെന്ന് അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര! സുപ്രിംകോടതിയില്‍ പ്രഗല്‍ഭരായ സീനിയര്‍ ജഡ്ജിമാരെ അവഗണിച്ചുകൊണ്ട് ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഈ ചീഫ്ജസ്റ്റിസിന് യാതൊരു മടിയുമില്ലാത്തതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കലവറയില്ലാത്ത പിന്തുണ അതിനുണ്ടെന്നതാണ്.     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss