|    Jan 19 Thu, 2017 2:19 pm
FLASH NEWS

തുര്‍ക്കിയിലെ സൈനിക അട്ടിമറിനീക്കം ജനം പരാജയപ്പെടുത്തി 

Published : 17th July 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിലെ ഒരുവിഭാഗം നടത്തിയ അട്ടിമറിനീക്കം ജനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ പരാജയപ്പെടുത്തി. വ്യാപക രക്തച്ചൊരിച്ചില്‍ അരങ്ങേറിയ സംഭവവികാസങ്ങളില്‍ 104 വിമതസൈനികര്‍ ഉള്‍പ്പെടെ 265 പേര്‍ കൊല്ലപ്പെട്ടു. 1,440 പേര്‍ക്ക് പരിക്കേറ്റു.
41 പോലിസ് ഓഫിസര്‍മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രണ്ടു സൈനികരും 47 സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി പുതിയ സൈനിക മേധാവി ജനറല്‍ ഉമിത് ദുന്‍ദാര്‍ വ്യക്തമാക്കി. 3000ഓളം അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ സ്‌ഫോടനങ്ങളും വ്യോമാക്രമണവും വെടിവയ്പും മൂലം മണിക്കൂറുകളോളം മുള്‍മുനയില്‍ നിന്ന രാജ്യത്തെ ക്രമസമാധാനനില ഇന്നലെ വൈകീട്ടോടെ പൂര്‍വസ്ഥിതിയിലായി.
രാജ്യത്തിന്റെ ഭരണനിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തെന്ന് വെള്ളിയാഴ്ച രാത്രി 10.30ന് സൈന്യം പ്രസ്താവന ഇറക്കിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. വ്യോമസേന, പോലിസ്, സായുധസേന എന്നിവയിലെ വിമതരാണ് അട്ടിമറിനീക്കത്തിനു പിന്നില്‍. എന്നാല്‍, ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിരുന്നില്ല. ജനാധിപത്യവും മനുഷ്യാവകാശവും സ്വാതന്ത്ര്യവും പുനസ്ഥാപിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നവകാശപ്പെട്ട ഇവര്‍, ആഭ്യന്തര സമാധാന സമിതിയായിരിക്കും ഇനി രാജ്യഭരണം നിര്‍വഹിക്കുകയെന്നും പ്രഖ്യാപിച്ചു.
അങ്കാറയിലെയും ഇസ്താംബൂളിലെയും രണ്ടു പ്രധാന പാലങ്ങള്‍ തടയുകയും സൈനികാസ്ഥാനത്തിനു വെളിയില്‍ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അത്താതുര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള പാത ടാങ്കറുകള്‍ കൊണ്ട് തടസ്സപ്പെടുത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ നിയന്ത്രണത്തിലാക്കാനും തുടങ്ങി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനസംഭവങ്ങള്‍ അരങ്ങേറി.
സംഭവത്തെ അപലപിച്ച മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ സൈനികര്‍ ബാരക്കുകളിലേക്കു മടങ്ങണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഫലംകണ്ടില്ല. ഒഴിവുദിനങ്ങള്‍ ചെലവഴിക്കുന്ന തുറമുഖ നഗരമായ മാര്‍മരിസിലായിരുന്ന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉടനെ ഇസ്താംബൂളിലെത്തി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ മൊബൈലിലൂടെ ജനങ്ങളോട് ആഹ്വാനംചെയ്തു. തുടര്‍ന്ന് തെരുവിലിറങ്ങിയ പതിനായിരത്തോളം വരുന്ന ജനങ്ങളാണു വിമത സൈനികരെ നേരിട്ടത്. ഇസ്താംബൂളിനെ യൂറോപ്പുമായും ഏഷ്യയുമായും ബന്ധിപ്പിക്കുന്ന ബോസ്‌പോറസിലെ പാലങ്ങള്‍ക്കു മുകളില്‍ തമ്പടിച്ച വിമതര്‍ക്കുനേരെ വെടിയുണ്ടകള്‍ അവഗണിച്ച് ജനങ്ങള്‍ പാഞ്ഞടുത്തു. സൈനികരില്‍ പലരെയും ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലിസിന് കൈമാറി. ഇതോടെ നിരവധിപേര്‍ ആയുധംവച്ച് കീഴടങ്ങാന്‍ തുടങ്ങി.
അതിനിടെ, തലസ്ഥാനത്ത് പാര്‍ലമെന്റ് മന്ദിരത്തില്‍ ഉഗ്രസ്‌ഫോടനമുണ്ടായി. സഭായോഗം ചേരുന്ന ഹാളിന് കേടുപാടുകള്‍ പറ്റി. പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് രണ്ടു ബോംബുകള്‍ പൊട്ടി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മാര്‍മരിസില്‍ പ്രസിഡന്റ് താമസിച്ചിരുന്ന ഹോട്ടലിനുനേരെയും ബോംബാക്രമണമുണ്ടായി. അങ്കാറയില്‍ പ്രത്യേക സേനാ ആസ്ഥാനത്തുണ്ടായ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ 17 പോലിസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു.
വിമതരുടെ കോപ്റ്ററുകള്‍ വെടിവച്ചിടാന്‍ ഉര്‍ദുഗാനും ഉമിത് ദുന്‍ദാറും ഉത്തരവിട്ടതോടെ തിരിച്ചടി ശക്തമായി. പ്രധാനമന്ത്രി യില്‍ദിരിം അടിയന്തര നിയമസഭായോഗം വിളിച്ചു. അമേരിക്കയിലുള്ള തുര്‍ക്കി പണ്ഡിതന്‍ ഫത്തഹുല്ലാ ഗുലനാണ് അട്ടിമറിക്കു പിന്നിലെന്ന് പ്രസിഡന്റും പ്രധാനമന്ത്രിയും ആരോപിച്ചു. അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കും. 29 കേണല്‍മാരെയും അഞ്ചു ജനറല്‍മാരെയും സ്ഥാനത്തുനിന്ന് നീക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരോപണം ഫത്തഹുല്ലാ ഗുലന്‍ നിഷേധിച്ചു.
സൈനിക ടാങ്കുകള്‍ക്കു മുകളില്‍ കയറി ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ആരംഭിച്ചതോടെ കൂടുതല്‍ പോലിസും സൈനികരും വിമതര്‍ക്കെതിരേ രംഗത്തെത്തി. വിമതര്‍ ബന്ദികളാക്കിയ സേനാമേധാവിയെ വ്യോമതാവളത്തില്‍ നിന്നു രക്ഷപ്പെടുത്തി. സേനാ ആസ്ഥാനത്ത് 200ഓളം സൈനികര്‍ ടാങ്കുകള്‍ ഉപേക്ഷിച്ച് കീഴടങ്ങി. അതിനിടെ, എട്ട് വിമതരുമായി സൈനിക കോപ്റ്റര്‍ അലക്‌സാന്‍ഡ്രോ പോളിസില്‍ എത്തിയതായി ഗ്രീക്ക് അധികൃതര്‍ സ്ഥിരീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക