|    Nov 19 Mon, 2018 11:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ജനാധിപത്യം ഉല്‍സവം മാത്രമല്ല

Published : 8th August 2018 | Posted By: kasim kzm

കേരള നിയമസഭയുടെ ജനാധിപത്യത്തിന്റെ ഉല്‍സവപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രഭാഷണത്തിലെ പല പരാമര്‍ശങ്ങളും മലയാളി സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങളെ ഊന്നിപ്പറയുകയും ശ്ലാഘിക്കുകയും ചെയ്ത പ്രസിഡന്റ്, ഇന്നാട്ടില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ അതിക്രമത്തിന്റെയും സംഘര്‍ഷങ്ങളുടെയും നേരെ വിമര്‍ശനാത്മകമായി വിരല്‍ചൂണ്ടുകയും ചെയ്തു. അക്രമം ജനാധിപത്യസമൂഹത്തില്‍ സ്വീകാര്യമല്ല എന്ന് അദ്ദേഹം ഖണ്ഡിതമായി ചൂണ്ടിക്കാട്ടി.
തീര്‍ത്തും ശരിയാണ് രാഷ്ട്രപതി പറഞ്ഞത്. കേരളത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ മുന്നണിയായി നിന്ന് ഭരണം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. മുഖ്യധാരയിലെ മിക്ക കക്ഷികളും ഇങ്ങനെ കൊടുക്കല്‍വാങ്ങലുകളുടെയും പരസ്പര സഹകരണത്തിന്റെയും വമ്പിച്ച അനുഭവസമ്പത്തുള്ളവരാണ്. അതിനാല്‍ തന്നെ പൊതുജീവിതത്തില്‍ വ്യത്യസ്തമായ നിലപാടുകളും ചിന്താധാരകളുമുള്ളവരുമായി പ്രശ്‌നാധിഷ്ഠിതമായ നിലയില്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കടമയും അനുഭവസമ്പത്തും അവര്‍ക്കുണ്ടുതാനും.
എന്നാല്‍, അനുഭവം പലപ്പോഴും മറിച്ചാണ്. മുഖ്യധാരയിലെ പ്രമുഖ കക്ഷികളില്‍പ്പെട്ട സിപിഎം തന്നെയാണ് എതിരാളികളെ കായികമായി കൈകാര്യം ചെയ്യുന്നതില്‍ മുന്നില്‍നില്‍ക്കുന്ന കക്ഷി. സംഘപരിവാരവും ഇതേ നിലയില്‍ തന്നെയാണ് എതിരാളികളെ കൈകാര്യം ചെയ്യുന്നത്. സമീപകാലത്ത് മഹാരാജാസ് കോളജിലുണ്ടായ അത്യന്തം ഖേദകരമായ ഒരു സംഭവത്തിന്റെ പേരില്‍ എസ്ഡിപിഐ പോലുള്ള ചെറിയ കക്ഷികളും അക്രമത്തിന്റെ പേരില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി.
ഇവിടെ ആലോചിക്കേണ്ട വിഷയം, ജനാധിപത്യത്തില്‍ വന്‍ശക്തിമേധാവിത്വം എന്നൊരു സമീപനം അംഗീകരിക്കാവുന്നതാണോ എന്നതാണ്. സിപിഎമ്മും സംഘപരിവാരശക്തികളും എതിരാളികളെ കടന്നാക്രമിക്കുന്ന സമീപനം സ്വീകരിക്കുന്നത് തങ്ങളുടെ തട്ടകങ്ങളില്‍ മറ്റു ചിന്താഗതിക്കാര്‍ പാടില്ല എന്ന സമീപനത്തിന്റെ ഭാഗമായിട്ടു തന്നെയാണ്. കാംപസുകളില്‍ അത്തരത്തിലുള്ള സമീപനം ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ കാടിളക്കിയുള്ള നരവേട്ട തന്നെയാണ് ഭരണകൂടം നടത്തിയതും.
അതിനാല്‍ ജനാധിപത്യം ആഘോഷമാക്കുന്ന സാമാജികരോട് ഉണര്‍ത്താനുള്ളത്, ജനാധിപത്യത്തിന് കെട്ടുകാഴ്ചയുടെ സ്വഭാവമല്ല ഉള്ളതെന്നാണ്. അത് ഏറ്റവും ചെറിയ വിഭാഗങ്ങള്‍ക്കും ചിന്താധാരകള്‍ക്കും തങ്ങളുടെ അഭിപ്രായവും അസ്തിത്വവും വെളിപ്പെടുത്താന്‍ അവസരം നല്‍കണം. എന്നാല്‍, ഇന്ന് ഉല്‍സവപ്പറമ്പിലെ ജനാധിപത്യത്തിന്റെ ചെണ്ടകൊട്ടുകള്‍ക്കും ചിലമ്പൊലി മേളങ്ങള്‍ക്കുമിടയില്‍ അത്തരം അസ്തിത്വങ്ങളെ ഞെക്കിക്കൊല്ലാനോ ഞെരിച്ചമര്‍ത്താനോ ആണ് സിപിഎം അടക്കമുള്ള വന്‍ശക്തികള്‍ തയ്യാറാവുന്നത്. അത് ജനാധിപത്യമല്ല; നീതിയുമല്ല. ഈ ഉല്‍സവവേളയില്‍ അരികുകളില്‍ തള്ളപ്പെട്ടവര്‍ക്കും ശബ്ദമുണ്ട് എന്നു തിരിച്ചറിയുകയാണ് ജനാധിപത്യം സാര്‍ഥകമാക്കാന്‍ നാം ചെയ്യേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss