|    Jan 24 Tue, 2017 8:40 am

ജനസേവകനായ പോസ്റ്റ്മാന് നാടിന്റെ ആദരം

Published : 13th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: ലോക തപാല്‍ ദിനത്തില്‍ ഗ്രാമീണ മേഖലയിലെ വയോധികനായ പോസ്റ്റ്മാന് നാട്ടുകാരുടെ  ആദരം.  കിളിമാനൂര്‍ പോസ്റ്റ് ഓഫിസിനു കീഴിലെ അടയമണിലെ പോസ്റ്റ്മാന്‍ അയ്യപ്പന്‍ പിള്ള (64) യാണ് നാട്ടുകാരുടെ സ്‌നേഹാദരത്തിന് പാത്രമായത്. തൊളിക്കുഴി വാട്‌സ് ആപ്പ് ഗ്രൂപ്പാണ് കഴിഞ്ഞ ദിവസം തൊളിക്കുഴിയില്‍ യോഗം സംഘടിപ്പിച്ച് അയ്യപ്പന്‍ പിള്ളയെ ആദരിച്ചത്. കഴിഞ്ഞ 34 വര്‍ഷമായി അയ്യപ്പന്‍ പിള്ള അടയമണിലെ പോസ്റ്റ്മാനാണ്. കിളിമാനൂര്‍ അയ്യപ്പന്‍ കാവ് സ്വദേശിയായ ഇദ്ദേഹം പോസ്റ്റല്‍ വകുപ്പിന് കീഴിലെ ഗ്രാമീണ ഡാക്ക് സേവക് മെയില്‍ ഡെലിവറി എന്ന ദിവസ വേതനജീവനക്കാരനാണ്. 1983ല്‍ ജോലിയില്‍ പ്രവേശിക്കുന്നതുമുതല്‍ നാളിതുവരെ ഇവിടെ തന്നെയാണ് സേവനം നടത്തുന്നത്. കാല്‍ നടയായിട്ടാണ് സേവനം. കുന്നും മലയും ഇടകലര്‍ന്ന അടയമണ്‍, തൊളിക്കുഴി, ചെമ്പകശ്ശേരി പ്രദേശങ്ങളില്‍ കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ നടന്നെത്താത്ത ഊടു വഴികളോ വീട്ടു മുറ്റങ്ങളോ ഇല്ലെന്നതാണ് അയ്യപ്പന്‍ പിള്ളയെ ജനപ്രിയനാക്കിയത്. രാവിലെ മുതല്‍ രാത്രി എട്ടുവരെ തപാല്‍ ഉരുപ്പടികളുമായി നാട്ടുകാര്‍ക്ക് അയ്യപ്പന്‍ പിള്ളയെ കാണാനാവും. സന്തോഷത്തിലും ദുഖത്തിലും അയ്യപ്പന്‍ പിള്ള എല്ലാ വീട്ടുകാര്‍ക്കുമൊപ്പം ചേരും.  ഇക്കാലയളവില്‍ ഒരു പരാതിക്കു പോലും ഇടം നല്‍കിയിട്ടില്ലെന്നാണ് മറ്റുള്ളവരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. കാലം നല്‍കിയ പ്രായ കൂടുതലും രോഗവും ഇപ്പോള്‍ വല്ലാതെ തളര്‍ത്തിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെക്കാതെ എപ്പോഴും ചിരിച്ച മുഖവുമായി വീടുകളില്‍ തന്നെ തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നുണ്ട്. ഇക്കാലമത്രയും ജോലി ചെയ്‌തെങ്കിലും സ്ഥിരം നിയമനം നല്‍കുകയോ പെന്‍ഷന്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ലെന്നത് അയ്യപ്പന്‍ പിള്ളയ്ക്ക് വേദനയാണ്. അടുത്തവര്‍ഷം ജോലിയില്‍ നിന്നും പിരിയേണ്ടിവരും.യോഗത്തില്‍ പഴയകുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരം നല്‍കി. തൊളിക്കുഴി വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രതിനിധി എം തമീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എസ് ജാഫര്‍, കുമ്മിള്‍ പഞ്ചായത്തംഗം എ എം ഇര്‍ഷാദ്, എസ് ഫൈസി, ബി ആര്‍ ഷാജി, എ ആര്‍ ഷെമീം സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക