|    Jun 22 Fri, 2018 1:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജനസാഗരം തീര്‍ത്ത് മഹാനഗരം

Published : 8th October 2017 | Posted By: fsq

 

ടി എസ്  നിസാമുദ്ദീന്‍

തിരുവനന്തപുരം: മഹാനഗരത്തില്‍ ഇന്നലെയുടെ സായാഹ്നം രചിച്ചത് പുതുചരിത്രമാണ്. കേരളം തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു, ഫാഷിസത്തിനെതിരേയുള്ള പ്രതിഷേധക്കോട്ട തീര്‍ക്കാന്‍. മഹാസാഗരമായി നഗരം. നക്ഷത്രാങ്കിത രക്തഹരിത ശുഭ്ര ത്രിവര്‍ണ പതാക വാനില്‍ പാറിക്കളിക്കുന്നതു കണ്ടാണ് പ്രഭാതം വിടര്‍ന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, മഹാസമ്മേളനത്തില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പുലര്‍ച്ചെ തന്നെയെത്തിയിരുന്നു. ഉച്ചയായപ്പോഴേക്കും നഗരം ജനനിബിഡമായി. ജാഥ ആരംഭിച്ച പാളയത്തേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. വൈകീട്ട് 3.30ന് തന്നെ റാലി ആരംഭിച്ചു. പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ഫാഷിസ്റ്റ് ഭരണകൂട തിട്ടൂരങ്ങള്‍ക്ക് തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്ന അവരുടെ പ്രഖ്യാപനം അനീതിയുടെ കോട്ടകൊത്തളങ്ങള്‍ക്കു താക്കീതായി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങള്‍. വീര്യവും ആത്മാര്‍പ്പണവും വിളിച്ചോതിയ യുവത്വത്തിന്റെ എണ്ണിയാലൊടുങ്ങാത്ത നിര. ആര്‍എസ്എസിന്റെ മുഷ്‌ക്കിനും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ മനസ്സിലാത്ത കൂട്ടത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് നഗരം ദര്‍ശിച്ചത്. മനുഷ്യാവകാശപ്രസ്ഥാനങ്ങളെ ഭീകര, തീവ്രവാദമുദ്ര ചാര്‍ത്തി നിശ്ശബ്ദമാക്കാനുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരേ ഉത്തരദേശത്തുനിന്ന് ആരംഭിച്ച ജനകീയ വിചാരണ മലബാറും മധ്യകേരളവും താണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചരിത്രഭൂമിയില്‍ എത്തിയപ്പോള്‍, അതു ജനസഹസ്രങ്ങളുടെ മുന്നേറ്റമായി മാറി. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന സംഘപരിവാരത്തിന്റെയും ജന്മംകൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്കു ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന വര്‍ണവെറിയന്‍മാരുടെയും പൈശാചികതകള്‍ക്ക് ദൃശ്യാവിഷ്‌കാരം പകര്‍ന്ന പ്ലോട്ടുകളുടെ അകമ്പടിയോടെയാണ് റാലി ചരിത്രനഗരത്തിന്റെ വീഥികളെ പുളകംകൊള്ളിച്ചു കടന്നുപോയത്. പൊതുജനസഞ്ചാരത്തിനും ഗതാഗതത്തിനും തടസ്സങ്ങളുണ്ടാക്കാതെ ചിട്ടയോടെയും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് ലക്ഷത്തിലേറെപേര്‍ അണിനിരന്ന റാലി കടന്നുപോയത്. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന മഹാസമ്മേളനം പോപുലര്‍ ഫ്രണ്ടിന്റെ കൃത്യമായ സംഘാടനപാടവവും അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. സ്ത്രീകളുടെ വന്‍ പങ്കാളിത്തമാണ് സമാപന സമ്മേളനത്തിലെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന്. സമ്മേളനം പുരോഗമിക്കുമ്പോഴും റാലിയുടെ പിന്‍നിര മ്യൂസിയം ജങ്ഷന്‍ വിട്ടിരുന്നില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണോല്‍സുക മുന്നേറ്റത്തിനും ഭരണകൂട നീതിനിഷേധങ്ങള്‍ക്കുമെതിരേ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നേര്‍ത്തില്ലാതാവുന്ന കാലത്ത് ഇരകളുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതായിരുന്നു സമ്മേളനത്തിലെ കാഴ്ചകള്‍. വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയ ഫാഷിസത്തിനും പോപുലര്‍ ഫ്രണ്ടിനെതിരേ നിരോധനത്തിന്റെ വാറോലയുമായെത്തുന്ന ഭരണകൂടത്തിനും കനത്ത താക്കീതായി ബഹുജനറാലി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss