|    Nov 15 Thu, 2018 11:16 am
FLASH NEWS

ജനസംഖ്യാനുപാതികമായി ഫണ്ട് അനുവദിക്കണമെന്ന്

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: കേരളത്തിന് ജനസംഖ്യാനുപാതികമായി ഫണ്ട് അനുവദിക്കണമെന്നും രാഷ്ട്രീയ വിരോധം കുട്ടികളോട് കാണിക്കരുതെന്നും കോര്‍പറേഷന്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയം. സംസ്ഥാനത്തിന്റെ എസ്എസ്എ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും പഴയത് പുനസ്ഥാപിക്കണമെന്നും കോഴിക്കോട് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം രാധകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയമത്തിലൂടെ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് പറഞ്ഞ് തടസ്സം ഉന്നയിച്ച കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ പിന്നെ പ്രമേയത്തെ പിന്താങ്ങി. ഏഴിനെതിരേ 65 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. കേരളത്തിന് ജനസംഖ്യാനുപാതികമായി ഫണ്ട് അനുവദിക്കണമെന്നും രാഷ്ട്രീയ വിരോധം കുട്ടികളോട് കാണിക്കരുതെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബിജെപിയുടെ നമ്പിടി നാരായണന്‍ പ്രമേയത്തെ എതിര്‍ത്തു. കേന്ദ്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫണ്ട് ഇത്തവണ നല്‍കിയിട്ടുണ്ട്. അടിയന്തര പ്രമേയത്തിലൂടെ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എയെ തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പി എം സുരേഷ്ബാബു പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് പ്രമേയത്തെ പിന്തുണച്ചു. ചെറിയ സംസ്ഥാനമായ ത്രിപുരയ്ക്ക് കേരളത്തിന്റെ ഇരട്ടി തുകയും യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പത്തിരട്ടിയും നല്‍കിയിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ കണക്കുകളുദ്ധരിച്ചു.
പ്രോവിഡന്‍സ് കോളജിന് സമീപം ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിക്കുന്ന സ്ഥലത്തുള്ള സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പി എം സുരേഷ്ബാബു ശ്രദ്ധ ക്ഷണിച്ചു. ജില്ല ഭരണകൂടത്തിന്റെ ഗരിമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷയം പരിഹരിച്ചു വരുന്നതായി ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍ വിശദീകരിച്ചു. നോട്ടാസ് നല്‍കിയതിനെ തുടര്‍ന്ന് കുറെ സൗകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ആരോഗ്യ സ്ഥിരം സമിതി നേരിട്ട് പരിശോധിക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചു.
ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്ന് കെ വി ബാബുരാജ് അറിയിച്ചു. കോട്ടൂളിയില്‍ മണ്ണിടിഞ്ഞ ഭാഗത്തെ മണ്ണ് മാറ്റാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ ദുരന്ത നിവാരണ വിഭാഗം തയ്യാറായില്ലെന്ന് കെ ടി സുഷാജ് ശ്രദ്ധ ക്ഷണിച്ചു. കുടിവെള്ള പദ്ധതിക്കായി റോഡ് മുറിക്കുന്നതിനുള്ള തുക വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധത്തിലാണെന്ന് എന്‍ സതീഷ്‌കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് മേയര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss