|    Feb 23 Thu, 2017 5:33 pm

ജനവാസ മേഖലയില്‍ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മിക്കാന്‍ നീക്കം; പ്രതിഷേധം ശക്തം

Published : 10th November 2016 | Posted By: SMR

തൃശൂര്‍: ചട്ടം മറികടന്ന് ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മിക്കാന്‍ നീക്കം നടത്തുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. പൂങ്കുന്നം ഹരിനഗറിനടുത്താണ് റിലയന്‍സ് ഗ്രൂപ്പിന്റെ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. മുന്‍ ഭരണസമിതി പരോക്ഷമായി റിലയന്‍സിനെ സഹായിക്കുന്ന നയം സ്വീകരിച്ചത് ഇടതുഭരണവും തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമരത്തിന് തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ടവര്‍ നിര്‍മാണവുമായി റിലയന്‍സ് മുന്നോട്ടുവന്നാല്‍ നിര്‍മാണം തടയുവാനാണ് പ്രദേശവാസികളുടെ തീരുമാനം. 2014 മുതല്‍ കമ്പനി ടവറിനു നടത്തുന്ന നീക്കം കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായുളള ഒത്തുകളിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. ആയിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിധത്തിലാണ് ടവര്‍ നിര്‍മാണമെന്നാണ് പരാതി. ടവറിന് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരില്‍ നിന്ന് സമ്മതപത്രം വാങ്ങണമെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് റിലയന്‍സ് നീക്കമെന്ന് പരാതിയുണ്ട്. നെല്‍വയല്‍ നികത്തി കച്ചവട കേന്ദ്രങ്ങള്‍ നിര്‍മിക്കരുതെന്ന ചട്ടവും ലംഘിച്ചു. പൂര്‍ണമായും നെല്‍പാടത്താണ് പദ്ധതിക്കുവേണ്ട കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നടത്തുക. 2014 നവംബര്‍ 24ന് അന്നത്തെ മേയര്‍ വിഷയത്തില്‍ ഇടപെട്ട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ റിലയന്‍സ് തദ്ദേശസ്വയംഭരണ ട്രിബൂണലില്‍ ഹരജി നല്‍കിയപ്പോള്‍ കോര്‍പറേഷന്‍ അധികൃതര്‍ ആരും ഹാജരായില്ല. അതോടെ താല്‍ക്കാലികമായി റിലയന്‍സ് അനുകൂല ഉത്തരവു നേടി. പിന്നീട് 2016 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ കൗ ണ്‍സില്‍ ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുളളവരില്‍ നിന്ന് എന്‍ഒസി വാങ്ങാതെ ടവറുകള്‍ നിര്‍മിക്കാനാകില്ലെന്ന തീരുമാനമെടുത്തു.ഇതിനെതിരേ ഹൈക്കോടതിയില്‍ റിലയന്‍സ് നല്‍കിയ ഹര്‍ജിയില്‍ റിലയന്‍സിന്റെ വാദം കൂടി കേട്ട് തീരുമാനിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ കോടതി ഉത്തരവ് പരിഗണിച്ചില്ലെന്ന അവസ്ഥയുമുണ്ടായി. കഴിഞ്ഞ ആഗസ്റ്റ് 29 ന് കൗണ്‍സില്‍ തീരുമാനത്തിലുളള സ്‌റ്റേ സ്ഥിരമാക്കി. റിലയന്‍സിനു പറയാനുളള കാര്യങ്ങള്‍ കേള്‍ക്കുകയും അതില്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നിയമത്തിന്റെ ആനുകൂല്യം കൈപ്പറ്റാന്‍ കഴിയുമായിരുന്നില്ല. ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഇത്തരം കാര്യങ്ങളില്‍ വീഴ്ച്ചവരുത്തുന്നതായി മുമ്പ് കൗണ്‍സില്‍യോഗങ്ങളില്‍ സ്ഥിരമായി ആക്ഷേപമുയര്‍ന്നിരുന്നു. അതിനെ ശരിവെക്കുന്ന വിധത്തിലാണ് ഈ വിഷയത്തിലും നീക്കമുണ്ടായത്. സ്വകാര്യകമ്പനികള്‍ക്ക് അനുകൂല വിധി നേടിയെടുക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കികൊടുക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞുമുളള നീക്കങ്ങളാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നടത്തുന്നത്. ട്രിബ്യൂണലിലെ എക്‌സ്പാര്‍ട്ടി വിധി റദ്ദാക്കാന്‍ നടപടിയെടുക്കുക, ഹൈക്കോടതിയിലെ സ്‌റ്റേ മാറ്റിക്കിട്ടാന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ നാട്ടുകാരുടെ കൂട്ടായ്മ മുന്നോട്ടുവെച്ചു. സമരത്തിന് ഹരിഗനഗര്‍ റസിഡന്റ്‌സ് അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ ഐ ലളിതാംബിക, ഹരിനഗര്‍ റസിഡന്റ്‌സ് അസോ.ഭാരവാഹികളായ സുരേഷ് വാര്യര്‍, പിആര്‍ആര്‍എസ് അയ്യര്‍, എംടി ഗോപിനാഥ്, ഡി ഗോപാലകൃഷ്ണന്‍, കെ കേശവദാസ്, എം ബി ഹരിനാരായണന്‍, രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സുന്ദരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക