|    Jan 16 Mon, 2017 4:34 pm

ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നു; കെണിയൊരുക്കി വനംവകുപ്പ്

Published : 17th October 2016 | Posted By: Abbasali tf

കൊല്ലം: ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് വ്യാപകമാകുന്നു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. തെന്‍മലഒറ്റയ്ക്കലിലാണ് വനം വകുപ്പ് പുലിക്കൂട് സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ചിന്  തെന്മല റേഞ്ച് ഓഫിസിന് സമീപത്തെ സ്വകാര്യ റബര്‍ തോട്ടത്തില്‍ പകല്‍ പുലിയറങ്ങിയിരുന്നു. തെന്മല ഡിപ്പോയ്ക്ക് സമീപത്തെ കിഴക്കേനോട്ടം എന്നറിയപ്പെടുന്ന ഊരല്‍കുഴിയിലാണ് പുലിയെ കണ്ടത്. തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി സുനിതയാണ് പാറപ്പുറത്ത് നിന്ന് പുലി അലറുന്നത് കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി പടക്കം എറിഞ്ഞും പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും പുലിയെ ഓടിക്കുകയായിരുന്നു. റേഞ്ച് ഓഫിസിലും നാട്ടുകാര്‍ വിവരം അറിയിച്ചു. ഓഫിസിന്റെ 200 മീറ്ററിനടുത്താണ് പുലിയിറങ്ങിയത്. കഴിഞ്ഞ ജൂണില്‍ ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടിയില്‍ ഇറങ്ങിയ പുലി തോട്ടംതൊഴിലാളിയായ രാമറിന്റെ പശുവിനെ കടിച്ച് കൊന്നിരുന്നു. അതിന് മൂന്നുദിവസം മുമ്പ് ഫ്‌ളോറന്‍സില്‍ ഇറങ്ങിയ പുലി രാജേന്ദ്രന്‍ എന്ന തൊഴിലാളിയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പശുക്കിടാവുകളെ കടിച്ചുകൊന്നു. മൂന്ന് മാസം മുമ്പ് തെന്‍മല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും എരുമയെ പുലി പിടികൂടിയിരുന്നു. ഒറ്റക്കല്‍ പ്രിയദര്‍ശിനി ഗ്രാമത്തില്‍ പുലിയിറങ്ങി രണ്ട് വളര്‍ത്തുനായ്ക്കളെയും ഒരു ആടിനെയും കൊന്നിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ 80ല്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം കുറവന്‍താവളത്ത് ഇറങ്ങിയ കാട്ടാനയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിയായ തുളസീധരന്‍ മരിച്ചിരുന്നു.ആര്യങ്കാവ്, തെന്‍മല പഞ്ചായത്തുകളില്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പട്ടാപ്പകലും പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയ സംഭവങ്ങളുണ്ട്. ഉറുകുന്ന്, ഒറ്റക്കല്‍, തെന്മല, ഫ്‌ളോറന്‍സ്, മുരുകന്‍പാഞ്ചാല്‍, ചേനഗിരി, ആനച്ചാടി, വേഞ്ച്വര്‍, ഇരുപത്തിയേഴ്മല, മാമ്പഴത്തറ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഇറങ്ങിയ പുലി വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നിരുന്നു. റബര്‍ ടാപ്പിങ്ങിന് പുറമെ പശുക്കളെ വളര്‍ത്തിയാണ് ഭൂരിപക്ഷം തൊഴിലാളികളും കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ പുലിയുടെ ശല്യം വര്‍ധിച്ചതോടെ മിക്ക തൊഴിലാളികളും ക്ഷീരകൃഷികളില്‍ നിന്നും പിന്തിരിയാന്‍ തുടങ്ങി. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി വേലി സ്ഥാപിക്കാത്തതുമൂലമാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജവേലികള്‍ കാട് വളര്‍ന്നുകയറിയത് മൂലം നിര്‍വീര്യമാവുകയും ചെയ്തു.ജനവാസ മേഖലയില്‍ പുലി ശല്യം വ്യാപകമായതോടെ ഇവയെ പിടികൂടാന്‍ വനംവകുപ്പ് കൂടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉള്‍വനത്തില്‍ വരള്‍ച്ചമൂലം ജലക്ഷാമവും കാട്ടുതീയും ഉണ്ടാകുന്നതിനാലാണ് വന്യജീവികള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക