|    Dec 14 Fri, 2018 8:46 am
FLASH NEWS

ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം തള്ളല്‍; മഞ്ചേരിയില്‍ ജനകീയസമിതി റോഡ് ഉപരോധിച്ചു

Published : 25th August 2018 | Posted By: kasim kzm

മഞ്ചേരി: മാലിന്യ പ്രശ്‌നം സങ്കീര്‍ണമായ മഞ്ചേരിയില്‍ ജനവാസ പ്രദേശങ്ങളില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് ജനരോഷത്തിനിടയാക്കുന്നു. കെ സെയ്താലിക്കുട്ടി റോഡില്‍ അറവു മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി റോഡ് ഉപരോധിച്ചു.
തുടര്‍ച്ചയായി ജനവാസ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. പാതയില്‍ വാഹനഗതാഗതം പ്രതിഷേധക്കാര്‍ പൂര്‍ണമായും തടഞ്ഞു. പോലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ചെയ്യുകയും ചെയ്തതോടെയാണ് സമരം നാട്ടുകാര്‍ അവസാനിപ്പിച്ചത്. അറവു മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി തുടര്‍ച്ചയായി നിക്ഷേപിക്കുകയാണ്.
പ്രശ്—നം പരിഹരിക്കാന്‍ മേഖലയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. പോലിസ് പരിശോധനയും കാര്യക്ഷമമല്ല. ഇതിനെതിരെയായിരുന്നു ഉപരോധ സമരം. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് വിജനമായ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത്. ലോഡുകണക്കിനു മാലിന്യങ്ങളാണ് വാഹനത്തില്‍ കൊണ്ടുവന്നു തള്ളിയത്. ഉയര്‍ന്ന ഭാഗത്ത് തളളിയ മാലിന്യങ്ങള്‍ പരന്നൊഴുകി കിണറുകള്‍ മലിനപ്പെടുന്നതും ആശങ്കയേറ്റുന്നു. മഞ്ചേരിയിലും നഗരപ്രാന്തങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം അനുദിനം വര്‍ധിക്കുകയാണ്.
വിഷയത്തില്‍ ജനകീയ പരാതികള്‍ വ്യാപകമായതോടെയാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചത്. പ്രതികളെ പിടികൂടി പോലിസിലേല്‍പിച്ചാലും പ്രശ്‌നത്തിന് പരിഹാരമുണ്ടാവുന്നില്ലെന്നും ആക്ഷേപം ശ്കതമാണ്. ഈ സ്ഥിതി ആവര്‍ത്തിച്ചാല്‍ സമരം ശക്തമാക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss