|    Nov 14 Wed, 2018 11:59 pm
FLASH NEWS

ജനവാസകേന്ദ്രത്തില്‍ വെള്ളക്കെട്ട്; പരിഹാര ശ്രമത്തിനിടെ വാക്കുതര്‍ക്കം

Published : 22nd June 2018 | Posted By: kasim kzm

ബേപ്പൂര്‍: ബിസി റോഡ് മാവിന്‍ ചോട് ഭാഗത്ത് ചെറുകുറ്റി നിലം പറമ്പിലെ ബോട്ട്  യാര്‍ഡിന്— സമീപമുള്ള വെള്ളക്കെട്ടിന് പരിഹാരംതേടി  പരിസരവാസികള്‍ അധികൃതര്‍ക്കെതിരെ രംഗത്തെത്തി. പരിവര്‍ത്തന റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടിനെതിരെ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ തോരാത്ത  മഴയെയും അവഗണിച്ച് സംഘടിച്ചെത്തിയത്. അംഗനവാടിയിലെ പിഞ്ചുകുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളും വയോധികരും ഈ വെള്ളക്കെട്ട് താണ്ടിയാണ് കടന്നുപോകുന്നത്.
റസിഡന്‍സ് അസോസിയേഷന്റെ പരാതിപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി,  വനം വകുപ്പ്, കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം, ബേപ്പൂര്‍ പോലീസ്, റവന്യു വകുപ്പ് തുടങ്ങിയ  ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട്  പ്രശ്‌നത്തിന് പരിഹാരം കാണാതെ തിരിച്ചു പോകാന്‍ അനുവദിക്കില്ലെന്ന്  അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വാക്കു തര്‍ക്കം ആരംഭിച്ചത്. വര്‍ഷങ്ങളായി വെള്ളം നദിയിലേക്ക് ഒഴുകി പോയിരുന്നത് ബോട്ട് യാര്‍ഡ് ഉടമ  മണ്ണിട്ട് ഉയര്‍ത്തി  തടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പരിസരവാസികള്‍ ആരോപിച്ചു.
കൂടാതെ വെള്ളത്തിന്റെ ഒഴുക്ക് പൊതു തോട്ടിലൂടെ തിരിച്ചു വിടുവാന്‍ കണ്ടല്‍ക്കാടുകള്‍ കയ്യേറി നശിപ്പിച്ചതായ പരാതിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്. വെട്ടിനശിപ്പിച്ചത് ബോധ്യപ്പെട്ട സ്ഥിതിക്ക്  നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ വടക്കുഭാഗത്ത് നദീ മുഖത്തോട്  ചേര്‍ന്ന് നിരവധി യാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തകാലത്ത് പുതുതായി സ്ഥാപിച്ച യാര്‍ഡ് ഉടമ നിലം നിരപ്പാക്കുന്നതിനുവേണ്ടി ഒഴിവാക്കിയ മണ്ണ് വെള്ളം ഒഴുകി പോകുന്ന ഭാഗങ്ങളില്‍ നിക്ഷേപിച്ചതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമെന്നും ആക്ഷേപമുണ്ട്. അതേസമയം പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന  തരത്തിലുള്ള വെള്ളക്കെട്ട് സ്വകാര്യ സ്ഥലത്തായാലും പൊതു സ്ഥലത്തായാലും അടിയന്തിരഘട്ടങ്ങളില്‍ പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പ് ഉടന്‍തന്നെ തയ്യാറാകുമെന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി സോജന്‍ ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്  ഏറെനേരം വാക്കേറ്റം നടത്തിയ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
ബേപ്പൂര്‍ എഎസ്‌ഐ പുഷ്പ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താമരശ്ശേരി വനംവകുപ്പ് സെക്ഷന്‍ ഓഫീസര്‍ കെ പി അബ്ദുല്‍ഗഫൂര്‍,ജിതേഷ്, ബേപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഉമേഷ്, വില്ലേജ് അസിസ്റ്റന്റ് മോഹന്‍ദാസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പാരാ  വളണ്ടിയര്‍മാരായ  സതീശ് കൊല്ലംകണ്ടി, ജിതേഷ്, സഹദ്, പ്രേമന്‍, സുഭാഷ്,  കൗണ്‍സിലര്‍ നെല്ലിക്കോട്ട് സതീഷ് കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss