|    Jul 26 Wed, 2017 2:39 pm
FLASH NEWS

ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളിയ സംഭവം: രണ്ടുപേര്‍ പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

കൊപ്പം: തിരുവേഗപ്പുറ നരിപ്പറമ്പ് സ്‌കൂളിന് സമീപം മുച്ചിത്തറയില്‍ ജനവാസകേന്ദ്രത്തില്‍ അര്‍ധരാത്രിയില്‍ മാലിന്യം തള്ളിയ കേസില്‍ രണ്ടു പേരെ പട്ടാമ്പി പോലിസ് പിടികൂടി. കോഴിക്കോട് കൂമ്പാറ മുതുകോടന്‍ വീട്ടില്‍ ഉനൈസ്(30), പെരിന്തല്‍മണ്ണ താഴെക്കോട് പാലക്കല്‍ വിട്ടീല്‍ ഷംസുദ്ധീന്‍(25) എന്നിവരെയാണ് പട്ടാമ്പി എസ്‌ഐ കോമളകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 26ന് രാത്രിയാണ് ലോറിയില്‍ ചാക്കില്‍കെട്ടിയ കോഴിമാലിന്യം നരിപ്പറമ്പ് സ്‌കൂളിന് സമീപത്തെ തെങ്ങും വളപ്പില്‍ ഇവര്‍ തള്ളിയത്. ചീഞ്ഞളിഞ്ഞ മാലിന്യം പരിസരത്തെ ദുര്‍ഗന്ധപൂരിതമാക്കിയിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് മാലിന്യം കുഴിവെട്ടി സംസ്‌കരിച്ചത്. മാലിന്യനിക്ഷേപത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മാലിന്യത്തില്‍ നിന്നും കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ ബില്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതിന് മുമ്പും ഇവര്‍ കോഴിക്കോട്ടുള്ള ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എസ്‌ഐ കോമളകൃഷ്ണന്‍ പറഞ്ഞു. പട്ടാമ്പി മേഖലയില്‍ വ്യാപകമായ ഹോട്ടല്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും മറ്റും തള്ളുന്ന പ്രവണതക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്ന് സിഐ പി എസ് സുരേഷും പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലിസ് സംഘത്തില്‍ പട്ടാമ്പി അഡീഷണല്‍ എസ്‌ഐ ശ്രീനിവാസന്‍, കനീഷ് കെ കുമാര്‍, ബിജുമോന്‍, ശിവന്‍കുട്ടി തുടങ്ങിയവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക