|    Mar 19 Mon, 2018 11:45 pm
FLASH NEWS

ജനവാസകേന്ദ്രങ്ങള്‍ ഇഎസ്എയില്‍പ്പെടുത്താന്‍ അനുവദിക്കില്ല: ഹൈറേഞ്ച് സംരക്ഷണ സമിതി

Published : 12th February 2016 | Posted By: SMR

തൊടുപുഴ: ഒരേ വില്ലേജില്‍ ജനവാസ കേന്ദ്രങ്ങളും ഇഎസ്എയും ഒരുമിച്ച് അടയാളപ്പെടുത്തിയാല്‍ ആ വില്ലേജ് ഇഎസ്എ(പരിസ്ഥിതി ദുര്‍ബല പ്രദേശം) യായി പരിഗണിക്കപ്പെടുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കസ്തൂരിരംഗന്‍ റിപോര്‍ട് വീണ്ടും വിവാദത്തില്‍. ഇടുക്കി എംപിയും ഹൈറേഞ്ച് സംരക്ഷണസമിതിയുള്‍പ്പെടെയുള്ള സംഘടനകളുടെയും ആശങ്കകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുവന്നിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് കര്‍ഷക സംഘടനകള്‍ രംഗത്തുവന്നു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടുക്കിയുടെ രാഷ്ട്രീയം വീണ്ടും കസ്തൂരിരംഗനിലെത്തുന്ന നിലയാണ്.
കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്മേല്‍ കേരളം നല്‍കിയ റിപോര്‍ട്ട് കേന്ദ്രം തള്ളിയതോടെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വസ്തുതാപരമായ പിശകുകളും പാകപ്പിഴകളും തിരുത്താന്‍ തയ്യാറാകാതിരുന്നതാണ് കേരള ജനതയെ അപകടകരമായ സാഹചര്യത്തിലേയ്ക്ക് എത്തിച്ചത്. റിപോര്‍ട്ടിലെ അശാസ്ത്രീയതകളും അവ്യക്തതകളും വളരെ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ആശങ്കവേണ്ട എന്ന പതിവു പല്ലവി ആവര്‍ത്തിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചത്. ഭാഗിക ഇഎസ്എയും ഇടകലര്‍ന്ന ഇഎസ്എയും മാനദണ്ഡങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നും ഈ റിപോര്‍ട്ട് നല്‍കരുതെന്നും അപേക്ഷയുടെ സ്വരത്തില്‍പോലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
2014 ല്‍ ഉമ്മന്‍ വി ഉമ്മന്‍ സമിതി കേന്ദ്രത്തിന് നല്‍കിയ റിപോര്‍ട്ട് മുതല്‍ തുടര്‍ന്ന് വന്ന തെറ്റുകളാണ് ഇത്തരത്തിലൊരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍ യഥാര്‍ത്ഥത്തിലുള്ള വനവിസ്തൃതിയെക്കാള്‍ കൂടിയ കണക്കുകളാണ് ആ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അന്നുമുതല്‍ ആരംഭിച്ച വസ്തുതാപരമായ തെറ്റുകളുടെ ഘോഷയാത്രയാണ് ഇന്ന് റിപോര്‍ട്ട് തള്ളുന്നതുവരെ എത്തിച്ചിട്ടുള്ളത്.
വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് വില്ലേജടിസ്ഥാനത്തില്‍ കൃത്യമായ ഭൂപടവും റിപോര്‍ട്ടും അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി കേന്ദ്രത്തിന് നല്‍കിയാല്‍ പരിസ്ഥിതി ലോല പട്ടികയില്‍ നിന്ന് കൃഷിയിടങ്ങളേയും ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും ടൗണ്‍ഷിപ്പുകളെയും ഒഴിവാക്കി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നു. കേന്ദ്രം നല്‍കിയ അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്താന്‍ ഒന്നര വര്‍ഷം സമയം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് കടുത്ത അലംഭാവമാണ് വ്യക്തമാക്കുന്നത്.
പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചട്ടമനുസരിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങിയാല്‍ 60 ദിവസം ജനങ്ങള്‍ക്ക് പരാതി സമര്‍പിക്കാന്‍ സമയം നല്‍കണം. 2015 സെപ്തംബര്‍ 4നാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. എന്നാല്‍ ഒക്‌ടോബര്‍ 20ന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്ന ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചു. ഈ ഭൂപടം മാറ്റി ഒക്‌ടോബര്‍ 23 ന് മറ്റൊരു ഭൂപടം പ്രസിദ്ധീകരിച്ചു. ഈ ഭൂപടം നവംബര്‍ 2ന് പിന്നെയും മാറ്റി. നവംബര്‍ 4ന് പരാതി സമര്‍പിക്കാനുള്ള കാലാവധി അവസാനിച്ചു. യഥാര്‍ത്ഥത്തില്‍ പരാതി നല്‍കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചത് 2 ദിവസം മാത്രം. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ഈ ഒറ്റക്കാരണം കൊണ്ട് മാത്രം കേരളം നല്‍കിയ റിപോര്‍ട്ട് സമ്പൂര്‍ണമായി അസാധുവാകുമെന്നും എം പി ചൂണ്ടിക്കാണിച്ചു.
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ എസ്എയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ അത് പശ്ചിമഘട്ട മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇഎസ്എവിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഉയര്‍ത്തിയ ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ അടിയന്തരമായി നടപടി ഉണ്ടായില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരയ്ക്കല്‍അറിയിച്ചു.
ഇഎസ്എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പശ്ചിമഘട്ട ജനതയെ വീണ്ടും വഞ്ചിച്ചെന്ന് ഇന്‍ഫാം ആരോപിച്ചു. പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന യൂനിറ്റ് വില്ലേജാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പിച്ച റിപോര്‍ട്ടുകള്‍ അപ്രസക്തമായി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാഴായി. പ്രസ്ഥാനങ്ങള്‍ നിരവധി തവണ നല്‍കിയ മുന്നറിയിപ്പ് നിഷേധിച്ചതുമൂലമാണ് ഈ തിരിച്ചടി നേരിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss