|    Jun 20 Wed, 2018 1:10 pm
FLASH NEWS

ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് അവകാശ വാദം : കൈയാങ്കളിക്കൊടുവില്‍ ലീഗ് ജില്ലാ ജനറല്‍ കൗണ്‍സില്‍ മാറ്റിവച്ചു

Published : 19th April 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കാലങ്ങളായി നേതൃസ്ഥാനത്ത് തുടരുന്നവരെ മാറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതാണ് കൈയാങ്കളിയിലുള്‍പ്പെടെ കലാശിച്ചത്. കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തിലാണ് ജില്ലാ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നത്. യോഗം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാരവാഹിത്വം സംബന്ധിച്ച സമവായ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ തര്‍ക്കം ഉടലെടുത്തു. ഏറെക്കാലമായി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരെ മാറ്റി പുതുതലമുറ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, നിലവിലെ നേതാക്കള്‍ തന്നെ തുടരണമെന്ന മറുവിഭാഗത്തിന്റെ കടുംപിടിത്തം തര്‍ക്കത്തിലേക്കും പിന്നീട് കൈയാങ്കളിയിലുമെത്തുകയായിരുന്നു. മുതിര്‍ന്ന അംഗങ്ങള്‍ക്കു നേരെ പോലും പ്രതിഷേധമുയര്‍ന്നതോടെ തീരുമാനമെടുക്കാന്‍ കഴിയാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഐക്യകണ്‌ഠേനെ തീരുമാനെടുത്തതായി ഒരു വിഭാഗം അവകാശപ്പെടുമ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് സുല്‍ത്താന്‍ ബത്തേരിയിലെ മുതിര്‍ന്ന അംഗം വെളിപ്പെടുത്തിയത്. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലേക്കെത്തിയ മൂപ്പൈനാട് മുക്കില്‍ പീടിക സ്വദേശി പി പി എ കരീം ആണ് നിലവിലെ പ്രസിഡന്റ്, കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഈ സ്ഥാനത്ത് തുടരുകയാണ് ഇദ്ദേഹം. കംബ്ലക്കാട് സ്വദേശിയായ കെ കെ അഹമ്മദ് ഹാജിയാണ് ജനറല്‍ സെക്രട്ടറി. അഞ്ചുവര്‍ഷത്തോളമായി സ്ഥാനത്ത് തുടരുന്നു. പ്രധാനമായും രണ്ടു ആവശ്യങ്ങളിന്‍ മേലാണ് ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചൂടു പിടിച്ചത്. നിലവിലെ നേതൃത്വം തുടരണമെന്ന ആവശ്യത്തിന്‍ മേല്‍ കല്‍പ്പറ്റ, മാനന്തവാടി താലൂക്കുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ വലിയൊരു വിഭാഗം ഉറച്ചുനിന്നപ്പോള്‍ ഇതില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ അണുവിട പിന്‍മാറാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. നിലവില്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായ സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശി ടി മുഹമ്മദിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശവും ഈ വിഭാഗം മുന്നോട്ടുവച്ചു. വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ നേതൃസ്ഥാനത്തുള്ളയാളെ തന്നെ ലീഗ് ജില്ലാജനറല്‍ സെക്രട്ടറിയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മറ്റു രണ്ടു താലൂക്കുകളിലെയും ഒരു വിഭാഗം അംഗങ്ങളുടെ പിന്തുണയോടെ ടി മുഹമ്മദ് വിഭാഗം മുന്നോട്ടുവെച്ചു. ജില്ലാ നേതൃസ്ഥാനത്തുള്ളവരും രണ്ടു ചേരിയിലായതോടെ തര്‍ക്കം നിയന്ത്രിക്കാന്‍ കഴിയാതെയായി. അതിനിടെ, റിട്ടേണിങ് ഓഫിസര്‍ പക്ഷപാത നിലപാടെടുത്തുവെന്ന ആക്ഷേപും തര്‍ക്കത്തിന് ആക്കം കൂട്ടി. പരസ്പരം കയ്യാങ്കളിയിലെത്തിയതോടെ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടുവെന്നറിയിച്ച് യോഗം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുകയായിരുന്നു. കൗണ്‍സിലില്‍ ആകെ 198 അംഗങ്ങളാണുള്ളത്. സുല്‍ത്താന്‍ ബത്തേരി 36, മാനന്തവാടി 65, കല്‍പ്പറ്റ 97 എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. അടുത്ത കൗണ്‍സില്‍ തിയ്യതി പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. സംസ്ഥാന വൈസ്പ്രസിിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി, റസാഖ് മാസ്റ്റര്‍ എന്നിവരായിരുന്നു റിട്ടേണിങ് ഓഫിസര്‍മാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss