|    Oct 24 Wed, 2018 9:16 am
FLASH NEWS

ജനറല്‍ ആശുപത്രി പുതിയ ബ്ലോക്കിന്റെശിലാസ്ഥാപനം വിവാദത്തില്‍

Published : 21st January 2017 | Posted By: fsq

 

കാസര്‍കോട്്: നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് 8.40 കോടി ചെലവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ച പുതിയ ബ്ലോക്കിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകാത്തത് വിവാദത്തിലായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, എംഎല്‍എമാരായ പി ബി അബ്ദുര്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, പി കരുണാകരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ഫണ്ടില്‍ നിന്ന് 8.40 കോടി രൂപ ചെലവില്‍ ജനറല്‍ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. നബാര്‍ഡിന്റെ ഫണ്ടായിരുന്നു. നബാര്‍ഡിന്റെ ഫണ്ട് ലഭിക്കണമെങ്കില്‍ എസ്റ്റിമേറ്റിന്റെ 15 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 8.40 കോടിയുടെ 15 ശതമാനം സര്‍ക്കാര്‍ വിഹിതം അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിരുന്നില്ല. അഞ്ച് പേര്‍ പ്രീക്വാളിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എല്‍എസ്ജിഡി എക്‌സ്‌ക്യൂട്ടീവ് എന്‍ജിനിയര്‍ തേജസിനോട് പറഞ്ഞു. പഴയ എക്‌സറേ മുറിയും ഇപ്പോള്‍ ടിബി യൂനിറ്റും സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. എന്നാല്‍ പഴയ കെട്ടിടം ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. ഇതിന്റെ എസ്്റ്റിമേറ്റും തയ്യാറാക്കിയിട്ടില്ലെന്നാണറിയുന്നത്. ധൃതിപിടിച്ച് ചില ഉദ്യോഗസ്ഥര്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ശിലാസ്ഥാപനം നടത്തിയതിനെതിരെ മുസ്്‌ലിംലീഗ് രംഗത്തിറങ്ങിയിട്ടുണ്ട്. മാത്രവുമല്ല കാസര്‍കോട് നഗരസഭക്ക് വിട്ടുനല്‍കിയ ജനറല്‍ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിന് രണ്ട്തരം നോട്ടിസ് ഇറക്കിയതും വിവാദമായിട്ടുണ്ട്. നഗരസഭയിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരേയോ മറ്റോ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല. എംഎല്‍എ സ്വാഗത പ്രാസംഗികനായിരുന്നു. കടലാസ് പണികള്‍ പൂര്‍ത്തിയാക്കാതെ ധൃതിപിടിച്ച് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത് ഉദ്യോഗസ്ഥരിലും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss