|    Aug 15 Wed, 2018 8:17 am
FLASH NEWS

ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് ഒച്ചിന്റെ വേഗം

Published : 12th August 2018 | Posted By: kasim kzm

കാസര്‍കോട്: അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുന്ന ജനറല്‍ ആശുപത്രിക്ക് വേണ്ടി എട്ടു നില കെട്ടിടം നിര്‍മിക്കാന്‍ തറക്കല്ലിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണത്തിന് ഒച്ചിന്റെ വേഗത. എട്ട് കോടി രൂപ ചിലവില്‍ പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിന്റെ നിര്‍മാണമാണ് സാങ്കേതിക കുരുക്കില്‍ പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ചെര്‍ക്കള സ്വദേശിക്കാണ് കരാര്‍ ലഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇവിടെ നിലവിലുണ്ടായിരുന്ന പഴയ പുരഷന്‍മാരുടെ വാര്‍ഡ്, ഒപി വിഭാഗം. മാനസികശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ വാര്‍ഡുകളും പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിട നിര്‍മാണത്തിന്റെ പ്രവൃത്തി തുടങ്ങിയത്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാതെ പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആറ് മാസം മുമ്പാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി തറയുടെ പണി തുടങ്ങിയത്.
എന്നാല്‍ പുതിയ കെട്ടിടം വരുന്നതോടെ വാഹന പാര്‍ക്കിങിന് സംവിധാനം ഇല്ലാത്തത് ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്ത് വന്നതോടെ പ്രവൃത്തി നിര്‍ത്തിയിരുന്നു. എന്നാല്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് വന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടാവുമെന്ന കാരണത്താല്‍ പാര്‍ക്കിങ് വേണ്ടെന്ന നിലപാട് സ്വീകരിച്ച് പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റിയിരുന്നില്ല. പിന്നീട് ഇത് മാറ്റാന്‍ നടപടിയായി.
ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലം കൈമാറിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. റാംപ്, ലിഫ്റ്റ് എന്നീ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.
അതേ സമയം നിര്‍മാണത്തിന് ആവശ്യമായ ജല സംവിധാനത്തിന് കുഴല്‍ കിണര്‍ നിര്‍മിക്കണമെന്ന ആവശ്യം ഇതുവരേ പരിഗണിച്ചിട്ടില്ല. ഇതാണ് തറയുടെ നിര്‍മാണം മുന്നോട്ട് പോകാത്തത്. ഇതിന് അനുമതി നല്‍കേണ്ടത് ഭൂഗര്‍ഭ ജല അതോറിറ്റിയാണ്.ഇത് ലഭിച്ചാല്‍ മാത്രമേ നിര്‍മാണ പ്രവൃത്തി മുന്നോട്ട് പോകുവാന്‍ കഴിയുകയുളളുവെന്ന് കരാറുകാരന്‍ തേജസി നോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss