|    Nov 15 Thu, 2018 11:32 am
FLASH NEWS

ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷം

Published : 10th August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂനിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷമായി. 2011ല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂനിറ്റിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം  തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ അഴിച്ചു മാറ്റി വച്ചിരുന്നു. ഇതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിശ്ചലമായത്.
എക്‌സ്‌റേ യൂനിറ്റ് സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയെങ്കിലും ഇതുവരെ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ആശുപത്രിയിലെ ടിബി യൂനിറ്റിനുള്ള എക്‌സ്‌റേ മെഷീന് പുറമേ ആധുനിക രീതിയിലുള്ള എക്‌സ്‌റേ യൂനിറ്റിന്റെ സാധന സാമഗ്രികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി ഭരണ സമിതിയുടെ അനാസ്ഥമൂലം രോഗികള്‍ക്ക് എക്‌സറേ എടുക്കണമെങ്കില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രിയില്‍ വാങ്ങുന്നതിന്റെ ഇരട്ടിയിലധികം തുകയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.
ജനറല്‍ ആശുപത്രിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ എക്‌സ്‌റേ യൂനിറ്റിന് വേണ്ടി ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കിയത്. ഇത് സ്ഥാപിക്കാന്‍ ഉചിതമായ റൂം ഇല്ലാത്തതിനാല്‍ ഉപകരണങ്ങള്‍ തുരുമ്പ് പിടിച്ച് നശിച്ചിരിക്കുകയാണ്. എക്‌സ്‌റെ യൂനിറ്റ് തുടങ്ങാന്‍ വൈകുന്നത് സ്വകാര്യ എക്‌സറെ യൂനിറ്റുകളെ സഹായിക്കാനെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിത്യേന നൂറുകണക്കിന് രോഗികളാണ് അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സക്കെത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും എക്‌സ്‌റേ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ജനറല്‍ ആശുപത്രിയില്‍ 50 രൂപ ഈടാക്കിയിരുന്ന എക്‌സ്‌റേക്ക് സ്വകാര്യ എക്‌സറേ സെന്ററുകളില്‍ 200 രൂപയോളമാണ് ഈടാക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിര്‍ധന രോഗികള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പോലും എക്‌സറേ എടുക്കാന്‍ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് സാമ്പത്തിക നഷ്ടത്തിന് പുറമേ സമയനഷ്ടത്തിനും കാരണമാകുന്നു. ജനറല്‍ ആശുപത്രിക്ക് അടുത്തായി മൂന്നോളം സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാനാണ് ജനറല്‍ ആശുപത്രിയിലെ എക്‌സറേ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതെന്നും പരാതിയുണ്ട്.
ആശുപത്രി വികസന സമിതിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ല. സമഗ്ര ആദിവാസി ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യകിരണം, ആര്‍എസ്ബിവൈ എന്നീ സ്‌കീമുകളില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് 2014 ജൂണ്‍ 18 മുതല്‍ പുറത്ത് നിന്നും എക്‌സറേ എടുക്കുന്നതിന് വരുന്ന ചിലവ് ആശുപത്രിയില്‍ നിന്ന് തിരികെ കൊടുക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഇത് കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ജനറല്‍ ആശുപത്രിയിലെ രക്ത വിഘടിത യൂനിറ്റ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനവും എങ്ങും എത്തിയില്ല. ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ബ്ലഡ് കംപോണന്റ് ആന്റ് സെപറേഷന്‍ യൂനിറ്റ് ആരംഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ലെന്നും പിപി യൂനിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ബ്ലഡ് കംപോണന്റ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ നടപടികളും ആരംഭിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss